പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിര്‍ത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകള്‍ നിര്‍മിക്കുന്നത് തങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
