തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 150 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 2006-ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്‌സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 1980-ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രം ഗുണ എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് കൂടിയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ഗുണയിലെ ‘കണ്മണി അന്‍പോട്’ എന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രധാന ഭാഗമാണ്. മഞ്ഞുമ്മല്‍ ചിത്രീകരണ സമയത്ത് കണ്മണി എന്ന ഗാനത്തിന്റെ കോപ്പി റൈറ്റ്‌സ് കിട്ടുമോ എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ ഗണപതി. കണ്മണി എന്ന ഗാനമില്ലാതെ മഞ്ഞുമ്മല്‍ എന്ന ചിത്രം അപൂര്‍ണമാണെന്നാണ് ഗണപതി പറയുന്നത്. സ്‌ക്രിപ്റ്റിംഗ് കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് കേള്‍ക്കുമായിരുന്നു. അയ്യായിരം പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ബോയ്‌സിന് മുഴുവന്‍ ഇതില്‍ ഏത് ഷോട്ടാണ് ഇവിടെയാണ് എന്നെല്ലാം കൃത്യമായി അറിയാമായിരുന്നു. തിയറ്ററില്‍ സിനിമ എത്തുന്നതിന് മുന്‍പ് തന്നെ ഇതൊക്കെ ആലോചിച്ച് രോമാഞ്ചം വന്നിട്ടുണ്ട്” എന്നാണ് ഒരു അഭിമുഖത്തില്‍ ഗണപതി പറഞ്ഞത്.