സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും.എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.
ചക്രവാത ചുഴി കേരളത്തിന് മുകളിൽ നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും വീശുന്നുണ്ട്. അതിനാൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റും ഉണ്ടാക്കാനിടയുണ്ട്. സംസ്ഥാനത്ത്ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും, അടുത്ത 5 ദിവസം ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം നൽകി. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി നിര്‍ദ്ദേശിച്ചു.
കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെ സുധാകരൻ. വലിയ ഭൂരിപക്ഷത്തോടെ കണ്ണൂരിൽ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ അതൃപ്തരായവരുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കിയാൽ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. മുന്നണി ഇത്ര ഐക്യത്തോടെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ കുറ്റപത്രം സമർപ്പിച്ചു . സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
പാലക്കാട്ട് താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. നാൽപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാർക്കാട് താലൂക്ക് സർവേയർ പി.സി.രാമദാസാണ് പാലക്കാട് വിജിലൻസ് സംഘത്തിൻ്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെൻ്റ് സ്ഥലത്തിൻ്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യിൽ നിന്നും 50,000 രൂപയായിരുന്നു ഇയാൾ കൈക്കൂലി ചോദിച്ചിരുന്നത്. എന്നാൽ ഇയാൾ നാൽപ്പതിനായിരം രൂപയാണ് നൽകിയത്. ഇതു വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.
കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും പറഞ്ഞുമടുത്തുവെന്നും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുകയാണെന്നും കോടതി പറഞ്ഞു. അവസാന നിമിഷത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ എന്നും കോടതി ചോദിച്ചു. പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള നയങ്ങള്‍ തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്‍റെ കാരണം. സെന്‍സെക്സ് 2700 പോയിന്‍റോളം ഉയര്‍ന്നു. നിഫ്ടി 750 പോയിന്‍റാണ് ഉയര്‍ന്നത്. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി.
കൊല്ലം ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് കലക്ടർ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂൾ പരിസരത്താണ് നിരോധനാജ്ഞ . ഇവിടെ പൊതുയോഗമോ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്നി സുരക്ഷ, സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടർ അറിയിച്ചു.
കുഫോസിന്‍റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെ പുറത്തുവരും . രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താൻ. അതേസമയം, ഉത്തരവാദികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.
കെപിപിഎല്‍ പ്രതിമാസ ഉല്‍പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ്. വാണിജ്യ അടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5,236 ടണ്‍ ന്യൂസ് പ്രിന്റ് നിര്‍മ്മാണം മെയ് മാസത്തില്‍ കൈവരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ന്യൂസ്പ്രിന്റ് വില്‍പന കൈവരിക്കുവാനും മെയ് മാസത്തില്‍ കെ.പി.പി.എല്ലിന് സാധിച്ചിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു.
അബ്ദുൾ റഹീമിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു . ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്‍റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ഇരുവിഭാഗവും ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്‍റെ മോചനം യാഥാർത്ഥ്യമാവാൻ പോകുകയാണ്.
കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കണ്ണൂർ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയിൽ കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം. കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
മഹാരാഷ്ട്രയിലെ കോല്‍ഹപൂരിലെ സൈബര്‍ ചൗക്ക് ജംഗ്ഷനിൽ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്കാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീർ പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്.പുൽവാമയിലെ ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്.
ചുമതലകൾ കൈമാറി ആംആദ്മി പാർട്ടി. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപനവും നൽകി. ജയിലിലേക്ക് അരവിന്ദ് കെജരിവാൾ വീണ്ടും മടങ്ങേണ്ടി വന്നത് മറിക്കടയ്ക്കാനാണ് പാർട്ടിയുടെ രണ്ടാം നിരയിലേക്ക് ചുമതലകൾ കൈമാറിയത്.മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പം പ്രവർത്തിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജരിവാൾ നിർദേശം നൽകി. പാർട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമാണെന്നും മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുമെന്നും സന്ദീപ് പഥക്ക് വ്യക്തമാക്കി.
മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിന്റെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയോട് ഡോ.ശശി തരൂർ എം.പി. രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോദിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട്, കെ.പി.സി.സി ഗാന്ധിദർശൻ സമിതി നടത്തിയ “മഹാത്മജിയുടെ ആത്മകഥ” നരേന്ദ്ര മോദിക്ക് അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ ഇനിയെങ്കിലും നരേന്ദ്ര മോഡി പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മഹാത്മജിയുടെ ആത്മകഥ അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.