പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കാനായി കന്യാകുമാരിയിൽ എത്തി. ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിച്ചതിന് ശേഷം പ്രധാനമന്ത്രി , ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുo. അതിനുശേഷം അദ്ദേഹം ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും, തുടർന്ന്അദ്ദേഹം ധ്യാനമിരിക്കും. നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്.അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. . മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിൽ ഉണ്ടാകും.
ലണ്ടനിൽ മലയാളി പെൺകുട്ടി ലിസ മരിയക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നും ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നുമാണെന്ന് തോമസ് ഐസക്. രണ്ടു കമ്പനിയും വ്യത്യസ്തമാണെന്നും മലയാളികളുടെ ഉടമസ്ഥതയിലുള്ള ആ കമ്പനിക്ക് രാഷ്ട്രീയബന്ധമില്ല. ഷോണ്‍ ജോര്‍ജ് മെനഞ്ഞത് കള്ളക്കഥയാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
തോമസ് ഐസക് പറഞ്ഞ കമ്പനിയപ്പറ്റിയല്ല തന്റെ ആരോപണമെന്ന് ഷോണ്‍ ജോര്‍ജ്. ആരോപണമുന്നയിച്ചത് വീണ വിജയന്റെ കമ്പനിയുടെ അബുദാബിയിലെ അക്കൗണ്ടിനെക്കുറിച്ചു തന്നെയാണ്. മാനനഷ്ടക്കേസ് നല്‍കാന്‍ എന്തുകൊണ്ടാണ് വീണ തയാറാകാത്തത്. തന്റെ പേരില്‍ അക്കൗണ്ടില്ലെന്ന് വീണ പറയാത്തത് എന്താണെന്നും ഷോണ്‍ ചോദിച്ചു.
ബാങ്കോക്കിൽ നിന്ന് എത്തിയ ഇന്ത്യൻ പൗരനെ സ്വീകരിക്കാനാണ് തരൂരിന്റെ പിഎ ശിവപ്രസാദ് എത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളിൽ നിന്ന് സ്വർണ്ണ ചെയിനാണ് കണ്ടെടുത്തതെന്നും 35.22 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണമാണെന്നും കസ്റ്റംസ് പറഞ്ഞു. എംപിക്കുള്ള പ്രത്യേക പാസ് ഉപയോഗിച്ച് കള്ളക്കടത്തിൽ സഹായിക്കാനാണ് പിഎ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും വിഷയത്തിൽ വിശദമായി ചർച്ച നടത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തി. പൊളിടെക്നിക്ക് ഐടിഐ സീറ്റുകൾ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. കുട്ടികൾ കഷ്ടപ്പാടിലാണ്. വിശദമായി കണക്ക് സഹിതം കുറവുള്ള സീറ്റുകളുടെ വിവരം തയ്യാറാക്കി സർക്കാരിന് നൽകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. എല്ലാവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. മിന്നലേറ്റവരിൽ ഒരാള്‍ മത്സ്യം വാങ്ങാനെത്തിയ ആളും ബാക്കിയുള്ളവർ മത്സ്യത്തൊഴിലാളികളുമാണ്.
പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. സർവീസിൽ കയറിയ ശേഷം ഉമേഷിന് ഇത് മൂന്നാമത്തെ സസ്പെൻഷനാണ്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ നിന്ന് ഉമേഷിനെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്. സമൂഹമാധ്യമങ്ങളിൽ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു തുടങ്ങിയ കാരണങ്ങളാണ് ഇത്തവണത്തെ നടപടിക്ക് കാരണം.
വീണാ വിജയന്‍റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉപഹർജിയിൽ കോടതി ഇടപെട്ടില്ല. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹർജിയിലെ നടപടി അടക്കമാണ് കോടതി അവസാനിപ്പിച്ചത്.
ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് വൈകീട്ട് അഞ്ച് മണിയോടെ കൊടിയിറങ്ങി. ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് മറ്റന്നാൾ വിധി കുറിക്കുക. ജൂൺ നാല് ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കുമെന്ന് അറിയാം.
എകെജി സെന്റർ ആക്രമണക്കേസില്‍ കുറ്റപത്രം അംഗീകരിച്ച് കോടതി.പ്രതികൾ ജൂൺ 13 ന് ഹാജരാകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി ഉത്തരവിട്ടു . ആക്രമണത്തിന് കാരണം കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ചതിന്‍റെ പ്രതികാരമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.2022 ജൂണ്‍ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സംസ്ഥാനത്തെ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളിലെ കലണ്ടർ പ്രകാരമുള്ള എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് ആണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ തയ്യാറാക്കിയത്.
കേരള ഹൈക്കോടതി ജഡ്ജി മേരി ജോസഫിന്റെ നാളത്തെ യാത്രയയപ്പ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന്ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസീന് കത്ത് നൽകി. പരമ്പരാഗത യാത്രയയപ്പ് ഒഴിവാക്കി ചടങ്ങ് നടത്താനുളള തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്. ജസ്റ്റിസ് മേരി ജോസഫിന്റെ ആവശ്യ പ്രകാരമാണ് തീരുമാനമെന്ന് ഹൈക്കോടതിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിരമിക്കുന്ന ജഡ്ജിക്ക് ബാറിലെ അഭിഭാഷകരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വകാര്യ ചടങ്ങാക്കിയതെന്നും അഭിഭാഷക സംഘടന കുറ്റപ്പെടുത്തുന്നു.
മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇനി മുതൽ മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതോടെ അനുതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറി.
സ്വർണ്ണക്കടത്ത് കേസിൽ ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ആവശ്യമെങ്കിൽ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വർണ്ണം കൊണ്ടുവന്നത് അതിനാൽ ഇയാളെ മാത്രം പ്രതിയാക്കിയാണ് നിലവിൽ കേസെടുത്തത്.
തിരൂർ ഡിവൈഎസ്പി, ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാലിനെ അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ് ഒളിവിലാണ്.ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് ക്വാറി ഉടമയുടെ പരാതി.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിൻ്റെയും തുടർ ചികിത്സസൗജന്യമാക്കി അമല ആശുപത്രി . അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിൽ തിരുനാവായ സ്വദേശിനിയായ 36കാരിയാണ്ഇന്നലെ പ്രസവിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ സമ്മാനം യുവതിയ്ക്ക് കൈമാറി.
ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എം മുകേഷ് എംഎൽഎ. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ എംഎൽഎ സ്ഥാനത്ത് തുടരും. സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന പ്രചാരണം ചിന്തയിൽ പോലുമില്ല. ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.
വടകരയിൽ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരൻ. കുറ്റക്കാരെ കണ്ടെത്താൻ കോടതി ഇടപെടണം. വോട്ടെണ്ണലിന് ശേഷം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.
ശശി തരൂരിൻ്റെ പിഎ സ്വർണ്ണക്കടത്തിന് അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ തരൂരിൻ്റെ വിശദീകരണം തൃപ്തികരമല്ല. വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം എന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .
പഞ്ചാബിലെ വോട്ടർമാർക്ക് കത്ത് എഴുതി മുൻ പ്രധാനമന്ത്രി മന്‍മോഹൻ സിങ്. പൊതുസംവാദത്തിന്‍റെ അന്തസ്സ് ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മൻമോഹൻസിങ് കുറ്റപ്പെടുത്തി. ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്‍ററി വിരുദ്ധവുമായ പരാർമർശങ്ങള്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയതെന്നും കത്തിലുണ്ട്.
ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു. 260 ഓളം മാലിന്യം നിറച്ച ബലൂണുകളാണ് ഉത്തര കൊറിയ പറത്തി വിട്ടത്. കാറ്റിന്‍റെ ഗതിയില്‍ ഈ ബലൂണുകളെല്ലാം ദക്ഷിണ കൊറിയയില്‍ വീണെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടർന്ന് ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന കർശന നിർദ്ദേശം നല്‍കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. നിലത്ത് വീണകിടക്കുന്ന വെള്ള ബലൂണുകളും അവയില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ബാഗുകളിലും യാതൊരു കാരണവശാലും തൊടരുതെന്നും സൈന്യവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാലിന്യത്തില്‍ ഹാനികരമായതോ ലഘുലേഖകളോ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോയെന്ന സൂക്ഷ്മ പരിശോധന നടത്തുകയാണ് ദക്ഷിണ കൊറിയ.
നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത്. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മുറിവേറ്റ് നഗ്നമായനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി എസ്ഐടിക്ക് വിവരം ലഭിച്ചു. ലുഫ്താൻസ വിമാനത്തിൽ തന്നെ ആണ് പ്രജ്വൽ വരുന്നത്. ഫ്ലൈറ്റ് കാലാവസ്ഥ മോശമായത് കാരണം 31 മിനിറ്റ് വൈകും. ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിച്ചതിന് മൂന്ന് ആർമി ഓഫീസർമാരടക്കം 16 സൈനികർക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിലെ രജൗരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. രജൗരി ദേശീയ പാതയിലെ അക്‌നൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍നിന്ന് വരികയായിരുന്ന വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്.
മുംബൈയിൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2001 ലാണ് ഗുണ്ടാപിരിവ് നൽകാതിരുന്നതിന് ഛോട്ടാ രാജൻ ഗ്യാങ് ജയ ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ദ്വിരാഷ്ട്ര പരിഹാരവും പലസ്തീന് രാഷ്ട്രപദവിയുമെന്നതാണ് കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടെന്ന് വിദേശകാര്യമന്ത്രാലയവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. സ്പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ആഴ്ചതോറും നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.