കനത്ത മഴയിൽ കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. ഇതേ തുടർന്ന് കളമശ്ശേരി ഗവൺമെന്റ് സ്കൂളിലും, എച്ച്എംടി സ്കൂളിലുമായി രണ്ട് ദുരിതാശ്വാസക്യാമ്പുകൾ കളമശ്ശേരിയിൽ ആരംഭിച്ചു. മന്ത്രി പി രാജീവ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കളമശ്ശേരി പത്തടിപ്പാലം മ്യൂസിയം നഗറിൽ നിർത്തിയിട്ടിരുന്ന കാർ വെള്ളകെട്ടിൽ ഒഴുകിപ്പോകാൻ തുടങ്ങിയതോടെ പ്രദേശവാസികളും കയറികെട്ടി വലിച്ച് കയറ്റി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും എറണാകുളത്തും കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച പൂർത്തിയായി. ശമ്പള വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാബിൻ ക്രൂവിന്റെ താമസം മെച്ചപ്പെട്ട ഹോട്ടലുകളിലേക്ക് മാറ്റുo. കരാർ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സർക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടി വരുമെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്റേതാണ് വിമർശനം.
നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിൽ ധാരണയിലെത്തി. വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്‍റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി.
നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയായ ചെമ്പ് സ്വദേശി സദാനന്ദൻ (58) മരിച്ചു. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം.മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കനത്ത മഴയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
കെ എസ് ഇ ബി ക്ക് സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. സംസ്ഥാനത്താകെ 895 എച്ച് ടി പോസ്റ്റുകളും 6230 എല്‍ ടി പോസ്റ്റുകളും തകര്‍ന്നു. 185 ട്രാന്‍സ്ഫോര്‍മറുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാര്‍ സത്വരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി ഫേസ്ബുക്കി കുറിപ്പിലൂടെ ചൂണ്ടികാട്ടി.
മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചേർത്തലയിൽ തോരാതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു. തീരദേശ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി. കോഴയുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശമിട്ട അനിമോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഗ്രൂപ്പിലെ മറ്റ് ബാറുടമകളുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പണം നൽകിയെന്ന് അനിമോൻ വെളിപ്പെടുത്തിയ അണക്കരയിലെ ഹോട്ടലിന്‍റെ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. ബാർ കോഴയിൽ നിലവിൽ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ-അന്തർദേശീയ പഠനങ്ങളിലും സർവ്വേകളിലും എന്നും മുന്നിൽ നിന്ന സംസ്ഥാനം എന്ന നിലയിൽ കഴിഞ്ഞ വർഷം ചില പഠനങ്ങളിൽ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന്റെ രീതിയും മാറ്റുകയാണ്. 2005 മുതൽ പിന്തുടർന്നു പോരുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയുടെ ശക്തിയും ദൗർബല്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് ഏഴ് വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. കോട്ടയത്ത് തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു.തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്ന് കെ സുധാകരൻ വ്യക്തമാക്കി.നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണ്. കെഎസ്‍യു പ്രവര്‍ത്തിക്കുന്നത് സ്വതന്ത്ര സംഘടനയെന്ന നിലയിലാണ്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ല.കെഎസ്‍യു ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്‍റെ https://keralaresults.nic.in എന്ന വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. മാർച്ച് 1 മുതൽ 26 വരെ സംസ്ഥാനത്ത് നടന്ന പ്ലസ് വണ്‍ പരീക്ഷ 4,14,159 വിദ്യാർത്ഥികളാണ് എഴുതിയത്. മെയ് ഒമ്പതിനാണ് പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം.
കോട്ടയം ജില്ലയിൽ മഴ കനത്തതുമൂലം ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോട്ടയം ജില്ലയിൽ വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.
നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും, മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കും. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കോഴിക്കോട്, വയനാട് ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.
മേഘവിസ്ഫോടനം കൊണ്ടാണ്കൊച്ചിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ.കൊച്ചിയിൽ ഒന്നര മണിക്കൂറിനുള്ളിൽ പെയ്തത് 98 മില്ലീമീറ്റർ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.രാവിലെ 8.30ന് ശേഷം കൊച്ചിയിൽ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റർ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്‍റെ യഥാർത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായി.
കോഴിക്കോട്മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്.
ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷിയ്ക്ക് സമൻസ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹിയിലെ കോടതിയാണ് സമൻസ് അയച്ചത്. ജൂൺ 29-ന് കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍നിന്ന് ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു. ഒഡിഷയിലെ പുരിയില്‍ ബി.ജെ.പി. പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി. നേതാവും നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
കാൻ ചലച്ചിത്രോത്സവത്തിൽ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം നേടിയ സംവിധായിക പായൽ കപാഡിയയ്ക്കെതിരായ കേസുകൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ശശി തരൂർ. ബി.ജെ.പി സർക്കാർ യോഗ്യനല്ലാത്ത ചെയർമാനെ നിയമച്ചതിൽ പ്രതിഷേധിച്ച പായലിനും മറ്റ് വിദ്യാർഥികൾക്കുമെതിരേയെടുത്ത കേസുകൾ പിൻവലിക്കേണ്ടതല്ലേയെന്നും തരൂർ ചോദിച്ചു.