പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനിൽ നിന്നു വന്ന അഭയാർത്ഥികൾക്ക് കേന്ദ്രസർക്കാർ പൗരത്വം നല്‍കിയത്.മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്കുമിടെയാണിപ്പോള്‍ സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.
ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ, ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് സ്വീകാര്യമായ നിലപാട് സ്വീകരിക്കാൻ തയ്യാറായി. ഇതോടെ ഇന്ന് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിക്കുകയായിരുന്നു.മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്.
ഗാർഹിക പീഡനക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ച് എസ് എച്ച് ഒ എ എസ് സരിനെ സസ്പെൻഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി, എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തൽ. ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു നവവധുവിന്‍റെ വെളിപ്പെടുത്തൽ.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവയസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ.ഒരാഴ്ച മുമ്പാണ് പെൺകുട്ടി കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയത്. ഇവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
കാസർകോട് കാറഡുക്ക അഗ്രിക്കൾചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
മതത്തിന്റെ പേരിൽ ഷാഫി പറമ്പിലും മമ്മൂട്ടിയും വേട്ടയാടപ്പെടുന്നത് കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ. സുധാകരൻ.വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും, സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട് എന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. കുന്നംകുളം എംജെഡി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് പരാതിയെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ജാഗ്രത നിർദേശം പുറപ്പെടുവിച്ച്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. വിഷയത്തിൽ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകുo. നേരത്തെയും സമാനമായ അനുഭവങ്ങൾ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു.
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ പരിഗണിക്കുന്നത്തിനിടെ, ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ട്രിബ്യൂണൽ നേരത്തെ സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു. ഇത് മറികടന്നു ജോയിൻ ചെയ്യാൻ സർക്കാൻ സർക്കുലർ ഇറക്കുക ആയിരുന്നു.
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിക്ക്കാരണമാകുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പന്തീരങ്കാവില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കും. സ്ത്രീധന നിരോധന നിയമം ഭേദഗതി വരുത്തി ശക്തമാക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
സിസ്റ്റർ അഭയ കൊലക്കേസ് പ്രതി, ഫാ. തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ . ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. ബിസിഎം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു തോമസ് കോട്ടൂരാനെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് നടപടി.
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പരിസരത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം തുടങ്ങി. സിഐടിയു നേതൃത്വത്തിൽ ഡ്രൈവർമാർ സമരം തുടങ്ങിയത്. ആംബുലൻസ് മാറ്റാൻ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആശുപത്രി വികസന സമിതി യോഗത്തിലാണ് ആംബുലൻസുകൾ മാറ്റാനുള്ള തീരുമാനം ഉണ്ടായത്.സമരം ചെയ്ത നേതാക്കൻമാരെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നടൻ വിനായകൻ പാലക്കാട് ക്ഷേത്രത്തിൽ രാത്രി എത്തിയതിനെ ചൊല്ലി വിവാദം.പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രി 11 മണിയ്ക്ക് പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ അംഗീകരിച്ചില്ല.അതിനാൽ നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന് ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.
സംസ്ഥാന ഹജ്ജ് ക്യാമ്പ് മെയ് 20 ന്, രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും. വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്.
മുല്ലപ്പള്ളിയിൽ നിന്നും ഇന്നലെ വീട് വിട്ടുപോയ 14 കാരനെ ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ്സിലെ യാത്രക്കാരൻ തിരിച്ചറിഞ്ഞു. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാർത്ത വന്നതോടെയാണ് ട്രെയിൻ യാത്രക്കാരൻ തിരിച്ചറിഞ്ഞത്.
തൃശൂര്‍ പൂരത്തിന് വിദേശ വനിത വ്ലോഗറെ അപമാനിച്ച പാലക്കാട് ആലത്തൂർ സ്വദേശി മധു പിടിയിൽ. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നായിരുന്നു വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച മകൻ എരൂർ സ്വദേശി അജിത്ത്അറസ്റ്റിൽ. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാൻ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലിൽ അജിത്ത് നൽകിയ മറുപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മകൻ ഉപേക്ഷിച്ച അച്ഛന്റെ വാർത്ത പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുക്കുകയായിരുന്നു.
തുലാപ്പള്ളിയിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു മരണം. നാല് വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാജ്യത്തിന്‍റെ ബജറ്റില്‍ 15ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചുവെന്ന് മോദി . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി ആരോപിച്ചു.
കാട്ടുതീ വിഷയത്തിൽ ഉത്തരഖണ്ഡ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കാട്ടുതീ പടരുമ്പോൾ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ കാട്ടുതീയിൽ സംസ്ഥാനത്ത് 1437 ഹെക്ടർ വനമാണ് നശിച്ചത്. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകൾ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോർട്ട് കൈമാറി. സ്വാതി ഇതുവരെ രേഖാമൂലം പരാതി നൽകാത്തതിനാൽ പൊലീസ് അന്വേഷണം നടത്താനായിട്ടില്ല.
സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിലെ പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ജാർഖണ്ഡില്‍ കള്ളപ്പണക്കേസിൽ മന്ത്രി അലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവാണ് അറസ്റ്റിലായ അലംഗീര്‍. കഴിഞ്ഞ ദിവസം മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് 35 കോടി കണ്ടെടുത്തിരുന്നു. അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലായിരുന്നു പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലായിരുന്നു പരിശോധന.
തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തിൽ വന്നാൽ ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും സഹായം ചെയ്യുമെന്നും മമത ബാനർജി.ഇന്ത്യമുന്നണിക്ക് പരോക്ഷ പിന്തുണ നൽകുമ്പോഴും ബംഗാളിലെ കോൺഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് മമത.