സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ സമര്‍പ്പിച്ച ഹര്‍ജിയിലെ കോടതി വിധി വിശദാംശങ്ങൾ പുറത്തുവന്നു. ആരോപണങ്ങൾ തെളിയിക്കാനുളള രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല, അഴിമതി നിരോധന നിയമപ്രകാരം തെളിവുകളില്ലാത്തതിനാലാണ് ഹർജി തളളിയതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു .അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
ഇലക്ഷൻ കാലഘട്ടത്തിൽ കെപിസിസി അധ്യക്ഷന്റെ ചുമതലയിൽ നിന്ന് താത്കാലികമായി മാറിനിൽക്കാമെന്നുള്ള തീരുമാനം താനുൾപ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതായിരുന്നുവെന്ന് കെ സുധാകരൻ . കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകുകയും എം എം ഹസ്സൻ ഇലക്ഷൻ കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ വരുന്നത് വാസ്തവ വിരുദ്ധമായ വാർത്തകളാണ് എന്നാണ് കെ സുധാകരൻ പറയുന്നത്.
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് കന്റോണ്‍മെന്റ് പൊലീസിനോട് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി നിര്‍ദേശം നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
കനത്ത ചൂടിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മറ്റന്നാള്‍ വരെ തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കായിക പരിപാടികള്‍, പരേഡുകള്‍, തുറസായ സ്ഥലത്തെ ജോലി എന്നിവ 11 മണി മുതല്‍ മൂന്നുമണിവരെ പാടില്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൈദ്യുതി മന്ത്രി പരസ്യമായി ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് പറയുമ്പോഴും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. സ്വകാര്യ സന്ദർശനമെന്ന പേരിൽ മൂന്ന് രാജ്യങ്ങളിൽ പോകുന്നത് ഉചിതമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാടിൻ്റെ ആവശ്യങ്ങൾക്ക് ഭരണാധികാരികൾ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങൾ അറിയുമോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട മൂന്നുപേർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച കന്യാകുമാരിയിൽ സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളേജിൽ നിന്ന് വിദ്യാർഥികളുടെ സംഘം എത്തിയത്.
കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉള്ള മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലവും പരിഗണിച്ചാവും തീരുമാനം. കണ്ണൂരിൽ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തിൽ മുന്നേറ്റം തുടരാനാകാതെ വരികയോ ചെയ്താൽ കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും കോഴിക്കോട് വിജിലൻസ് കോടതി വിധിച്ചു. മുൻ കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസർ കെ ഹരീന്ദ്രന്റെ പേരിലുള്ള 8.87 ഏക്കർ ഭൂമിയും രണ്ടു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കാര്‍കരെയുടെ മരണം സംബന്ധിച്ച് വിജയ് വഡേത്തിവാര്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍. വഡേത്തിവാറിന്റെ ആരോപണം ഗൗരതരമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരൂര്‍. കാര്‍കരെ കൊല്ലപ്പെട്ടത് ഭീകരരുടെ വെടിയേറ്റല്ലെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ഒരു പോലീസുകാരന്റെ വെടിയേറ്റാണെന്നായിരുന്നു വിജയ് വഡേത്തിവാറിന്റെ ആരോപണം.
കൊയിലാണ്ടി പുറം കടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ഉരു ഇറാൻ പൗരന്റെതാണെന്നും തമിഴ് നാട്ടുകാരായ തൊഴിലാളികൾ അതിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് വന്നതാണെന്നും കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ഉരു കൊച്ചിയിൽ എത്തിച്ചായിരുന്നു വിശദ പരിശോധനയും ചോദ്യം ചെയ്യലും. കൊയിലാണ്ടിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ഇന്നലെ രാവിലെയാണ് ഉരു കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തത്.
വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം. വടകരയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ പ്രചാരണം എങ്ങനെയാണ്നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണം. പിണറായി സംസാരിച്ചത് മുഴുവൻ രാഷ്ട്രീയമാണെന്നും ഒരിക്കൽ പോലും വിദ്വേഷ പ്രചരണം നടത്തിയിട്ടില്ലെന്നും എളമരം കരീം പറഞ്ഞു.
റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച ശേഷം കടന്നുകളഞ്ഞ വര്‍ക്കല, അയിരൂര്‍ സ്വദേശി സന്തോഷ് കുമാര്‍ പിടിയിലായി. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വഞ്ചിയൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്.
തൃശൂർ കോടന്നൂരിൽ മനുവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മണികണ്ഠന്‍, ആഷിഖ്, പ്രണവ് എന്നിവരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊല. ഇന്ന് പുലർച്ച ഒരു മണിയോടെയാണ് ശിവപുരം കോളനിയിലെ മനു കോടന്നൂർ പെട്രോൾ പമ്പിനു സമീപം നടുറോഡില്‍ തലക്കടിയേറ്റ് മരിച്ചത്.
ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതി നല്‍കിയ യുവതി നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ചു. വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. ഇതിനിടെ സിപിഎം ആനന്ദബോസിനെ പിന്തുണച്ചു. പരാതിക്കാരിയുടെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി.
കൊവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഉടൻ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് 19 നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മ്മാതാക്കളായ ആസ്ട്രാസെനേക്ക തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമ്മതിച്ചിരുന്നു. വാക്സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ സംഭവിക്കുമെന്നതാണ് കമ്പനി സമ്മതിച്ചത്. യുകെ ഹൈക്കോടതിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗൂഗിൾ, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ, മറ്റ് 86 മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് എതിരെയാണ് ദേവഗൗഡയും കുമാരസ്വാമിയും നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകൾ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ബെംഗളുരു സെഷൻസ് കോടതിയാണ് ഹർജി അനുവദിച്ച് ഉത്തരവിട്ടത്. ഇതോടെ ഫലത്തിൽ പ്രജ്വൽ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങൾക്കും വ്യക്തികൾക്കും ഇരുവർക്കുമെതിരെയുള്ള ഒരു പരാമർശവും റിപ്പോർട്ട് ചെയ്യാനാകില്ല.
മുസ്ലിം വിഭാഗത്തിനെതിരെ കർണാടക ബിജെപി എക്സ് ഹാൻഡിലിൽ പങ്കു വച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയ്ക്കും കര്‍ണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ ലഫ്റ്റനന്റ് ഗവർണറുടേതാണ് നടപടി. . ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍ നിന്ന്, 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.