അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും നിക്ഷേപകയുമായ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഒറ്റയടിക്ക് നഷ്ടമായത് 800 കോടി രൂപ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റന്‍ കമ്പനിയിലെ നിക്ഷേപമാണ് ഒറ്റയടിക്ക് വന്‍തുക നഷ്ടമാക്കിയത്. നാലാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ കമ്പനിയുടെ ഓഹരി വില ഏഴ് ശതമാനത്തോളം താഴേക്ക് പോയി. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രേഖ ജുന്‍ജുന്‍വാലയ്ക്ക് ടൈറ്റന്‍ കമ്പനിയില്‍ 5.35 ശതമാനം ഓഹരിയാണ് ഉള്ളത്. ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ ടൈറ്റന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപയ്ക്ക് താഴെ പോയി. 3,13,868 കോടി രൂപയില്‍ നിന്ന് 2,98,815 കോടി രൂപയായാണ് മൂല്യമിടിഞ്ഞത്. ഇതോടെ രേഖ ജുന്‍ജുന്‍വാലയുടെ നിക്ഷേപ മൂല്യം 805 കോടി രൂപ ഇടിഞ്ഞ് 15,986 കോടി രൂപയായി. ടൈറ്റന്റെ മാര്‍ച്ച് പാദ ലാഭം 7 ശതമാനം ഉയര്‍ന്ന് 786 കോടിയും വരുമാനം 17 ശതമാനം ഉയര്‍ന്ന് 10,047 കോടിയുമായി. ഓഹരി ഒന്നിന് 11 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷക്കാലയളവില്‍ 127 ശതമാനവും അഞ്ച് വര്‍ഷക്കാലയളവില്‍ 202 ശതമാനവും നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്. ഓഹരിയുടെ ഒരു വര്‍ഷക്കാലത്തെ നേട്ടം പക്ഷെ 20 ശതമാനം മാത്രമാണ്.