ഇപിക്ക് പാർട്ടിയുടെ പൂർണ പിന്തുണയെന്നും, ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും എംവി ഗോവിന്ദൻ. ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. കൂടാതെ ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ  വൈകാരികമായ വിശദീകരണവുമായി ഇപി ജയരാജൻ . ദല്ലാൾ നന്ദകുമാർ തന്നെ കുടുക്കാൻ ശ്രമിച്ചു.  തനിക്കെതിരെ ഗൂഢാലോചന നടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കൂടിക്കാഴ്ചയുടെ വിവരങ്ങൾ  തുറന്നു പറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനായിരുന്നു . ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചു.  ജാവ്ദേക്കറെ കണ്ടതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയിൽ പങ്കാളിയായെന്നും അദ്ദേഹം വിമർശിച്ചു.

സിപിഎമ്മിനും മുഖ്യമന്ത്രിക്കുംഇ പി ജയരാജനെ തൊടാൻ ഭയമാണെന്ന്  വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇ പിക്കെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം  സിപിഎമ്മിനില്ല. ഇ പിയുടെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും  ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ് എന്നും വി ഡി സതീശൻ വിമർശിച്ചു .

വർഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിന്റെ ഭാ​ഗമായിട്ടാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വർ​ഗീയ ആരോപണമെന്നും ഷാഫി പറമ്പിൽ. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നായിരുന്നു ജയരാജന്റെ പരിഹാസ പരാമർശം.

മുതലപ്പൊഴിയിൽ ഇന്ന്  മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ  കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.  മുതലപ്പൊഴിയിൽ  പ്രഖ്യാപിച്ച പരിഹാരങ്ങൾ അടിയന്തരമായി നടപ്പാക്കണo. അല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി എന്നും അസോസിയേഷൻ വിമർശിച്ചു. ഇന്ന് രാവിലെ വള്ളം മറിഞ്ഞ്  മുതലപ്പൊഴിയിൽ  മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെയാണ് പ്രസ്താവന.

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ അവധി നൽകണം. ജില്ലയിലുടനീളം തണ്ണീർപ്പന്തലുകൾ ആരംഭിക്കണം. പുറം മൈതാനിയിൽ നടക്കുന്ന കായിക വിനോദങ്ങൾ 11 മുതൽ 3 മണി വരെ അനുവദിക്കില്ല. റെഡ് അലേർട്ട് നൽകിയാൽ ഇരുചക്ര വാഹനങ്ങൾ പുറത്ത് ഇറക്കുന്നതിൽ അടക്കം നിയന്ത്രണം വേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നതെന്നും പത്മജ ചോദിച്ചു. തന്നെ പറഞ്ഞത് ക്ഷമിച്ചു. തന്‍റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന തന്‍റെ അമ്മയെ പറ്റി പറഞ്ഞു. ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു . ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം. മെയ് 2 മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ്. റോഡ് ടെസ്റ്റിലും മാറ്റമുണ്ടായിരിക്കും. വിശദമായ സർക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിർദ്ദേശം.

ഇപി ജയരാജനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശോഭ സുരേന്ദ്രൻ ഉന്നയിച്ച കാര്യങ്ങളിൽ ശരി ഉണ്ടെന്ന് ഇപി തുറന്നു പറഞ്ഞു . ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാവാണെന്ന കാര്യം ഓർക്കണമായിരുന്നു. ബിജെപി നേതാക്കളെ കണ്ടെങ്കിൽ പാർട്ടിയിൽ അദ്ദേഹം റിപ്പോർട്ട് ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സിപിഐ നിലപാട് എൽഡിഎഫ് യോഗത്തിൽ  ഉന്നയിക്കുമെന്നും ബിനോയ് വിശ്വം. ദല്ലാൾമാരെ അകറ്റി നിർത്തണമെന്നത് നിർബന്ധമാണ്. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കമെന്നത് ഇടതുപാർട്ടികളുടെ പൊതു നിലപാടാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇ പി ജയരാജനെ പാർട്ടി പിന്തുണച്ച നിലപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

കേരളത്തിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണിക്ക് സുപ്രീം കോടതി ഫുൾ കോർട്ട് റഫറൻസ് നടത്തും. മെയ് 8-ന് രാവിലെ 10.30-ന് ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിലാണ് ഫുൾ കോർട്ട് റഫറൻസ്. അപൂർവമായി മാത്രമാണ് സുപ്രീംകോടതിയിൽ ഇങ്ങനെ ഫുൾ കോർട്ട് റഫറൻസ് നടത്തുന്നത്.

സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.

സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി, ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടി. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്കെതിരെ വിമർശനവുമായി  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഡൽഹി പോലീസിന് ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ബിജെപി. എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയിൽ മോദിയെയും അമിത് ഷായെയും കോൺഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടു. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുജറാത്ത് തീരത്ത് 173 കിലോ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ടിലായിരുന്നു ലഹരി കടത്തിയത്. കോസ്റ്റ് ഗാർഡും ഭീകര വിരുദ്ധ സേനയും എൻ സി ബിയും സംയുക്തമായായിരുന്നു ഇവരെ പിടികൂടിയത്.

കർണാടകയിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിൽ 9 -10 സീറ്റുകളിൽ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി സർക്കാരിന്‍റെ പരാജയമാണ് ഇതിന് കാരണo. മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *