ആവേശം പകർന്ന് സംസ്ഥാനത്ത്മുന്നണികളുടെ കലാശപ്പോര്.പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണി പറയുന്നത് . മുഴുവൻ സീറ്റിലും ജയമെന്ന് യുഡിഎഫ് പറയുന്നു. രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപി ആവർത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ ഉണ്ടായിരുന്നു. ഓരോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും, അണികളും ഒരേ സ്ഥലത്ത് കൊട്ടിക്കലാശം നടത്തി ആവേശം നിറച്ചു .

കൊട്ടിക്കലാശത്തിനിടെ പലയിടത്തും സംഘര്‍ഷo. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണമാണ് .20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ.  ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടത്, മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 26ന് ജനങ്ങൾ അതാണ് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ  വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുന്നതിലേക്ക് ബിജെപി മാറി എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ തന്‍റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് തുറന്നടിച്ചു.തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു. ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു?. എനിക്ക് നല്ലൊരു പട്ടിയുണ്ട്,  ബ്രൂണോ എന്നാണ് പേര്.അത് പോലും ബിജെപിയിലേക്ക് പോകില്ല എന്ന് അദ്ദേഹം പരിഹസിച്ചു .

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്.നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി.

രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി.   ചരിത്രത്തിൽ ആദ്യമായി  ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ല. ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ്  പോരാടുന്നതെന്നും, രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ അമരാവതിയിൽ പറഞ്ഞു.

കരുവന്നൂർ കേസിൽ എംഎം വർ​ഗീസിന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 29ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇന്ന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

എൽഡിഎഫും ബിജെപിയും തമ്മിലാണ് തിരുവനന്തപുരത്ത് മത്സരം എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു, ഇടതിന്‍റെ മുഖ്യഎതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തൃശ്ശൂർ പൂരത്തിന് ഇടയിൽ പോലീസിന്‍റെ അനാവശ്യ ഇടപെടൽ ഉണ്ടായോ എന്നറിയാൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ്ബി ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകി. അനാവശ്യ ഇടപെടൽ കാരണം വെടിക്കെട്ട് വൈകിയെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത്തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണമെന്നാണ് വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് വി ഡി സതീശൻ. പാചകവാതകം പെട്രോൾ എന്നിവയുടെ വില കുറക്കുക, 15 ലക്ഷം അക്കൗണ്ടിൽ നൽകുന്നത്, കർഷകന്റെ വരുമാനം കൂട്ടുക എന്നീ ഗ്യാരണ്ടികൾ ഒന്നും ഇതുവരെ പാലിച്ചിട്ടില്ല. മോദിയുടെ ഗ്യാരണ്ടിയെന്ന വാക്കിന് ചാക്കിന്റെ വില പോലുമില്ല. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും. ഇനി പരാജയം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ശശി തരൂരിനെതിരെ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍. പന്ന്യന്‍ രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി രംഗത്തെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ല, തരൂരിന് ഇത്രയും അഹങ്കാരം വേണ്ടെന്നുമാണ് കടകംപള്ളി പറഞ്ഞത്. താങ്കൾക്കുള്ള മറുപടി ജനങ്ങൾ തരുമെന്നും കടകംപള്ളി പറഞ്ഞു.

പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നൽകി അധികൃതർ . മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ, ഹരിതകര്‍മ്മസേനയ്‌ക്കോ കൈമാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം, കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത,  അവസാനിപ്പിച്ചു. ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് സംഭവത്തിൽ ഉത്തരമേഖല ഐജി അന്വേഷണം ആരംഭിച്ചത്.

വനിതകൾക്കും, അംഗപരിമിതർക്കും, മുതിർന്ന പൗരന്മാർക്കും, അന്ധർക്കും ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി.യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, ഇവർക്കായി നൽകിയിരിക്കുന്ന നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിംഗ്  ഒഴിവാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി. നേരത്തെ അവധിക്കായി നൽകിയ അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനുശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഒഴിവാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കവേ സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വ്യക്തത തേടിയിരുന്നു. വോട്ടിങ് യന്ത്രത്തിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കണമെങ്കില്‍ എന്താണ് ചെയ്യുന്നതെന്നതടക്കമുള്ള കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത പശ്ചാത്തലത്തിൽ കണ്ണൂരിൽ പോളിംഗ് ദിനത്തിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യു ഡി എഫ്. ഇതിനാൽ കണ്ണൂരിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെയാണ് മട്ടന്നൂർ കോളാരിയിൽ സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.

രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്കുണ്ടെന്നും, ഇന്ത്യാ മുന്നണിക്ക്അനുകൂലമായി അത് മാറിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്, ഈ അടിയൊഴുക്ക് തിരിച്ചറിഞ്ഞതുകൊണ്ടാണ് . ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി വിദർഭയിലെ തെരഞ്ഞെടുപ്പ്  റാലിക്കിടെ കുഴഞ്ഞുവീണു. പ്രവർത്തകർ ചേർന്ന് ഗഡ്കരിക്ക്‌ ഉടൻ വൈദ്യ സഹായം നൽകി.ചൂട് താങ്ങാൻ കഴിയാതെയാണ് വീണുപോയത്. ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത പര്യടന കേന്ദ്രത്തിലേക്ക് നീങ്ങുകയാണെന്നും ഗഡ്കരി സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇന്ത്യ സഖ്യം ലോക് സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രധാനമന്ത്രി കസേരയിൽ ലേലം വിളി നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുo. 5 വർഷം 5 പേർ രാജ്യം ഭരിക്കണോ?. പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തരുതെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

ലഖ്‌നൗവിലെ കനൗജില്‍ അഖിലേഷ് യാദവ് മത്സരിക്കും. വ്യാഴാഴ്ച അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു.കനൗജില്‍ നേരത്തെ എസ്പി അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ മാറ്റിയിട്ടാണ് അഖിലേഷ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *