Untitled design 2026 05 17T203656.419

 

 

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. അഞ്ച്‌ ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ഥ്യമാക്കിയ പദ്ധതിക്കെതിരായ നടപടിയില്‍ നിന്ന്‌ പിന്മാറിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും സിപിഎം മുന്നറിയിപ്പ് നൽകി.

 

കൊല്ലത്ത് നടന്ന സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലാണെന്നും എം.വി ഗോവിന്ദൻ പാർട്ടിയെ ഇല്ലാതാക്കിയെന്നും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശകർ ആരോപിച്ചു.

 

എബോള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗവും ചേർന്നു.

 

കോഴിക്കോട് പവർഗ്രിഡ് സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നീട്ടിയതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഈ ട്രാന്‍‍സ്ഫോര്‍‍മറിന്റെ അറ്റകുറ്റപണികള്‍‍‍ക്ക് 12.05.2026 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍ (PGCIL) അറിയിച്ചു.

 

അധികാരമേറ്റതിന് പിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. ഓഫീസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉൾപ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്.

 

പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം

 

വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസ് അന്വേഷണം ഊർജിതമാക്കണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഫോറൻസിക് റിപ്പോർട്ട് വൈകുന്നതിലും യഥാർത്ഥ പ്രതികളെ പിടികൂടാത്തതിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു.

 

സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിൽ വിശദീകരണവുമായി സിപിഎം. പ്രചാരണം അപലപനീയമാണെന്നും നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണിതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാലിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. യുവതികളെ അയച്ചത് ദുബായിലെ എലൈസ ഈവന്‍റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്‍റെ ഉടമസ്ഥതയിലാണ് സ്ഥാപനം, ഇരകളില്‍ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70000 രൂപ സിന്ധു കൈപറ്റിയിട്ടുണ്ട്.

 

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി കോൺ​ഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വർ​ഗീസ്. വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും നേരത്തെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷിക്കണമെന്നും ദീപ്തി മേരി വർഗീസ് പരാതിയിൽ ആവശ്യപ്പെട്ടു.

 

മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.പുറത്താക്കിയതിന് കാരണം ആര്യാ രാജേന്ദ്രനും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാൽ തന്നെയാണ്. താൻ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചെന്ന് പറഞ്ഞപ്പോഴേ അടുത്ത നടപടി ആലോചിച്ചിരുന്നു. അങ്ങിനെയാണ് വിവരാവകാശം നൽകിയതെന്നും യദു കൂട്ടിച്ചേർത്തു.

 

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് യോഗം. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. കേന്ദ്ര നിർദ്ദേശം പാലിച്ചുള്ള സ്ക്രീനിംഗ് തുടങ്ങും. എബോള മുൻകരുതലിന്റെ നടപടിയുമായിട്ടാണ് നടപചി. ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കും. ഐസൊലേഷൻ സൗകര്യം ഒരുക്കാനും നിർദേശം നൽകി.

 

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ് എംഎൽഎ പഴകുളം മധു. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിടണമെന്നും എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 

സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്കേ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രം​ഗത്തെത്തി.

 

കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം ചെയ്തതിനെ തുടർന്ന് കർണാടക പൊലീസ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ഈ കൂട്ടായ്മയിൽ പങ്കെടുക്കരുതെന്നും, പങ്കെടുത്താൽ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

 

രാജ്യസഭയിൽ അടുത്തമാസം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. 12 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 26 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 18നാണ് തെരഞ്ഞെടുപ്പ്.

 

ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി ക്യൂബയ്ക്ക് അനുകൂലമായി പ്രമേയം പാസാക്കി. കേരളത്തിലെ ഞെട്ടിക്കുന്ന പരാജയം ഗൗരവമായി ചർച്ച ചെയ്ത യോഗം, ജനവികാരം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് വിലയിരുത്തി. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിലെ വിയോജിപ്പുകളും യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

 

ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നു. യുഎപിഎ കേസുകളിൽ ജാമ്യം നൽകുന്നതിലെ മാനദണ്ഡങ്ങളിലെ വൈരുദ്ധ്യം കാരണം വിഷയം വിശാല ബെഞ്ചിന് കൈമാറി, ഇത് സമാനമായ കേസുകളിൽ നിർണായകമാകും.

 

സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം. പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാകാനുള്ള അപേക്ഷയ്ക്ക് ഫീസ് ചോദിച്ചത് വൻ തുക. നിരവധി രക്ഷിതാക്കൾ പരാതിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

 

ഭോപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മോഡൽ ട്വിഷാ ശർമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഡൽഹി എയിംസിലെ വിദഗ്ധ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുക. ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു.

 

രാജ്യത്ത് ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ എംപി. കേന്ദ്ര – സംസ്ഥാന സർക്കാരുകളോടാണ് കമൽഹാസൻ ആവശ്യം ഉന്നയിച്ചത്. പൗരന്മാരിൽനിന്ന് മാത്രം ത്യാ​ഗം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്നതിലുള്ള അപകടസാധ്യത നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. എബോളയുടെ ഒരു കേസ്, രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് അപ്പുറത്തേക്ക് വരെ വലിയ തോതിൽ വ്യാപിക്കാൻ കാരണമായേക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ മുഹമ്മദ് യാക്കൂബ് ജനാബി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.

 

ന്യൂയോർക്കിലെ ലാ ഗ്വേർഡിയ വിമാനത്താവളത്തിലെ റൺവേയിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ റൺവേ അടച്ചിട്ടതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. മെമ്മോറിയൽ ഡേ അവധിക്ക് തൊട്ടുമുൻപാണ് ഈ സംഭവം.

 

യൂറോപ്പിലെ യു.എസ് സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പോളണ്ടിലേക്ക് 5,000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോളണ്ടിലേക്ക് സൈന്യത്തിലെ ഒരു വിഭാഗത്തെ അയക്കാന്‍ നേരത്തെയുണ്ടായ തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തടഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അസാധാരണമായ ഈ പ്രഖ്യാപനം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *