Untitled design 20250112 193040 0000 1

 

എഫ്സിആർഎ നിയമഭേദഗതിയിൽ കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും നൽകുന്ന ന്യായീകരണങ്ങൾ തള്ളി കേരളത്തിലെ ക്രൈസ്തവ സഭകൾ. സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ വേട്ടക്കുള്ള മറ്റൊരു മാരകായുധമാണ് ഭേദഗതിയെന്ന് മുഖപ്രസംഗത്തിൽ ദീപിക ദിനപത്രവും കുറ്റപ്പെടുത്തി. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലാകുമ്പോൾ വ്യാജ പ്രചാരണങ്ങളെ പൊളിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

 

എഫ്സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്കാ മെത്രാൻ സമിതി. ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്. എല്ലാ പാർലമെന്റ് അംഗങ്ങൾക്കും നിവേദനം നൽകുകയും ചെയ്തു. നാളെ ബില്ല് ലോക്സഭയിൽ ചർച്ചയ്ക്കെടുക്കിനിരിക്കെയാണ് നീക്കം.

 

നിയമസഭ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ എത്തുന്നതിനായി സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം പോളിങ് ശതമാനം കുറയാതിരിക്കാനും എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

 

എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണെന്നും,

യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി ശിവൻകുട്ടി മികച്ച മന്ത്രിയെന്നും ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നല്ലതുപോലെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി വികസന സംവാദത്തിന് ഇനിയും തയാറെന്നും സ്ഥലവും തിയതിയും അദ്ദേഹം തീരുമാനിക്കട്ടെയെന്നും വി ശിവൻകുട്ടി വേദിയിൽ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി. ട്രമ്പ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുകയാണെന്നും മോദി കിടക്കാൻ പറഞ്ഞാൽ പിണറായി കിടക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി അല്ല, മോദിയുടെ മുഖ്യമന്ത്രി ആണെന്നും രാഹുൽ പറഞ്ഞു. പേരാമ്പ്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുമ്പോഴാണ് മോദിക്കും പിണറായിക്കുമെതിരെ രാഹുൽ​ ഗാന്ധിയുടെ വിമർശനം .

 

ട്രെൻഡ് അനുകൂലമായാൽ യുഡിഫ്നു നല്ല വിജയമുണ്ടാകുമെന്ന്ശശി തരൂർ.

യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി . വനിത മുഖ്യമന്ത്രിയെന്ന രാഹുലിന്റെ രാഹുലിന്റെ പ്രതികരണത്തിൽ ഭാവിയിൽ നടപ്പാകുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ ഇടപെടുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.

 

ബിജെപി-സിപിഎം കൂട്ടുക്കെട്ടെന്ന രാഹുൽ ഗാന്ധിയുടെആരോപണത്തിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് മോദി സംസാരിക്കുന്നില്ലെന്ന രാഹുലിന്‍റെ ആരോപണം തള്ളിയ രാജീവ് ചന്ദ്രശേഖര്‍, രാഹുൽ വായിക്കുകയും പഠിക്കുകയും ചെയ്യണമെന്ന് പരിഹസിച്ചു. വായിക്കുകയും പഠിക്കുകയും ചെയ്താൽ വിഡ്ഢിയെ പോലെ സംസാരിക്കേണ്ടി വരില്ല. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ അയച്ചുതരാം. അതൊക്കെ രാഹുൽ ഗാന്ധി കാണണം. എഫ്‍സിആര്‍എ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങലെ പൊളിക്കും എന്നുo അദ്ദേഹം പറഞ്ഞു .

 

എം ബി രാജേഷ് പി ആർ സ്റ്റണ്ട്നടത്തുകയാണെന്ന് തൃത്താലയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം. വാഗ്വാദങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കാനും പുകമറ സൃഷ്ടിക്കാനുമാണ് രാജേഷ് ശ്രമിക്കുന്നത് . കണക്കുകൾ നിരത്തിയാണ് ബൽറാം പ്രതികരിച്ചത്. കിഫ്‌ബി വഴി ഒരു റോഡ് പോലും തൃത്താലയിൽ പൂർത്തിയായിട്ടില്ല. എല്ലാം എഫ്ബി വഴി മാത്രമാണ്. യുഡിഎഫിന്റെ പല പദ്ധതികളും രാജേഷ് തന്റേതാക്കി മാറ്റുന്നു എന്നും വി റ്റി ബൽറാം കുറ്റപ്പെടുത്തി.

 

നേമത്തെ കൺവെൻഷനിൽ പഴയ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. ഒരു കോൺഗ്രസ് നേതാവിന് മറ്റൊരു സീറ്റിൽ ജയിക്കാൻ വോട്ട് മറിച്ചെന്നായിരുന്നു ആരോപണം. നേമം മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയുടെ കണ്‍വൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

 

 

ഗുരുവായൂരിൽ വീണ്ടും വിവാദ ഫ്ലെക്സ് ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലെക്സിലുള്ളത്. നേരത്തെ ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്താറുള്ളൂ എന്ന വിവാദ പരാമർശം ഗോപാലകൃഷ്ണൻ നടത്തിയിരുന്നു.

 

എസ്ഡിപിഐ വോട്ട് മോഹിച്ച് നിലപാട് മാറ്റി സിപിഐ നേതൃത്വം. മതതീവ്രവാദികളുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുന്നത് സ്വാഗതം ചെയ്യുകയാണ്. നേമത്തടക്കം സ്ഥാനാര്‍ഥികള്‍ പിന്തുണയാവശ്യപ്പെട്ടെന്ന് എസ്ഡിപിഐ നേതൃത്വം പരസ്യമായി പറയുമ്പോഴും അവരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയടക്കം എല്‍ഡിഎഫ് നേതാക്കള്‍ക്കാകുന്നില്ല.സിപിഐ നിലപാടില്‍ പിണറായി വിജയന്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ബിനോയ് വിശ്വം ചുവട്മാറ്റി.

 

പര്യടന ജീപ്പിൽ കാല് വയ്ക്കാൻ സംവിധാനമില്ലാത്തതിൽ ക്ഷുഭിതനാകുന്നതിന്‍റെ വീ‍ഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരൻ. നവംബർ 23ന് തന്‍റെ കാൽ ഒടിഞ്ഞതാണെന്നും അതിനു ശേഷം നടന്ന ഓപ്പറേഷനിൽ കാലിൽ ഉള്ള കമ്പിയും അതിന്‍റെ 16 സ്ക്രൂവും തരുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതിനേക്കാൾ വലിയ ബുദ്ധിമുട്ട് ആണ് മാധ്യമ സുഹൃത്തുക്കൾ തനിക്ക് തന്നുകൊണ്ടിരിക്കുന്നതെന്നാണ് സുധാകരന്‍റെ വിമർശനം.

 

യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെതിരെ ലീഗൽ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ. അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നും അരകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ്.

 

ആന്‍റണി രാജു തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയില്‍. കേസിലെ ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലെത്തിയിരുന്നു. ഹൈക്കോടതി തള്ളിയ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരിക്കുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല.ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

 

ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് കേരളത്തിൽ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്‍റേത്. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രത്യേക ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെപ്പോയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

 

 

പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയെ ആവേശത്തിലാക്കി ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തേജ്വസി പറഞ്ഞു . കേരളം എന്നും ബിഹാറിന് മാർഗദർശനം ആണ്. എല്ലാവർക്കും കേരളത്തിൽ ഒരുപോലെ വിദ്യാഭാസം സാധ്യമാകുന്നു. സാമൂഹ്യ സുരക്ഷയും എല്ലാവർക്കും ലഭിക്കുന്നു. ജാതിയുടെ വിവേചനം പാടില്ല. ഒരാളെയും മാറ്റി നിർത്തരുത്. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ. ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി. എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പൊതുജനങ്ങൾക്ക് അഞ്ജലി നായർ എന്ന പേരിലാണ് താൻ പരിചിതയെന്നും പോസ്റ്ററുകളിലും ഇതാണ് പേരെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്നും

ചൂണ്ടിക്കാട്ടിയാണ് ഹർജി.

 

ദയവ് ചെയ്ത് മുഖ്യമന്ത്രി, വിഡി സതീശനെ ചർച്ചക്ക് വെല്ലുവിളിക്കരുതെന്ന് നടൻ സലിം കുമാർ. പുലിമടയിൽ തല വയ്ക്കരുതെന്നും മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വിഡി എഴുതിക്കുമെന്നും സലീം കുമാർ പറഞ്ഞു. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു.

 

കേരളത്തില്‍ കാടിറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വകയില്ല എന്ന് യുഡിഫ് . 92 കോടി രൂപയുടെ നഷ്ടപരിഹാരത്തുകയാണ് ഇപ്പോഴും വിതരണം ചെയ്യാതെ കുടിശ്ശികയായി തുടരുന്നതെന്ന് യുഡിഎഫ് വിമര്‍ശിച്ചു . മൂന്ന് വര്‍ഷത്തോളമായി നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്ന കുടുംബങ്ങളുണ്ടെന്നാണ് ആരോപണം. ആയിരം രൂപ പോലും ഇനിയും ലഭിക്കാത്ത കുടുംബങ്ങളുണ്ടെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

 

മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ. നേരിട്ടുള്ള സംവാദത്തിനു മുഖ്യമന്ത്രി തയാറാകുമെന്നാണ് കരുതിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ലെന്നും പറവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഡി സതീശൻ പറഞ്ഞു.വയനാട്ടിലെ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കോൺ​ഗ്രസിനെതിരെ ഡീൽ ആരോപണം ഉയർത്തിയ സിപിഎം നേതാവ് എഎ റഹീമിനെതിരെ ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി അരുവിക്കര യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാർ. 2 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടർക്കും പരാതി നൽകിയെന്നും വിഎസ് ശിവകുമാർ പറഞ്ഞു. സിപിഎമ്മിന് പരാജയ ഭീതിയാണ്. പെരുമാറ്റചട്ട ലംഘനമാണ് റഹിം നടത്തിയത്. വർഗ്ഗീയ ധ്രുവീകരണം നടത്തിയെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും വിഎസ് ശിവകുമാർ പറഞ്ഞു.

 

കേരളത്തിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപിയുടെ ഖുശ്ബു സുന്ദർ. എൽഡിഎഫ്, യുഡിഎഫ് ഭരണത്തിൽ ജനം മടുത്തു. തമിഴ്നാട്ടിൽ വിജയ്‍ക്കൊപ്പമുള്ള ആൾക്കൂട്ടം വോട്ടായി മാറുമോയെന്ന് കാത്തിരുന്ന കാണാമെന്നും ഖുശ്ബു പറഞ്ഞു. കോഴിക്കോട് നോർത്തിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്‍റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഖുശ്ബു.

 

കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്.

 

ദില്ലിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിൽ പുക ഉയർന്നതായി അപായ സൂചന ലഭിച്ചതിനെ തുടർന്നാണ്. മുൻകരുതൽ നടപടിയെന്നോണം വിമാനം അടിയന്തിരമായി ലഖ്‌നൗ വിമാനത്താവളത്തിൽ ഇറക്കിയത്.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

 

ടിവികെ അധ്യക്ഷൻ വിജയ്‍യെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ. വിജയ് സ്വപ്നലോകത്താണെന്ന് മന്ത്രി പറഞ്ഞു. വിജയ്‍യുടെ പാർട്ടിക്ക് നാല് സീറ്റ് പോലും കിട്ടില്ല. കുറച്ചു വോട്ട് കിട്ടിയേക്കും. വിജയ്ക്ക് തമിഴ്നാടിനെ കുറിച്ചോ തമിഴ് സംസ്കാരത്തെ കുറിച്ചോ അറിയില്ല. പല സിനിമക്കാരെയും തിരസ്കരിച്ചതാണ് തമിഴ്നാടിന്‍റെ പാരമ്പര്യം. ആരാധകർക്കിടയിൽ വിജയ്ക്ക് ജനപ്രീതിയുണ്ടെങ്കിലും അത് വോട്ടായി മാറണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വിജയ‍്‍ക്കെതിരായ കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ നേതാവ് ആധവ് അർജുന . സ്റ്റാലിന്റെ സമ്മർദ്ദം കാരണമാണ് കേസെടുത്തതെന്നും സ്ത്രീകളും യുവാക്കളും ന്യൂനപക്ഷസമുദായങ്ങളും വിജയ്ക്കൊപ്പമാണെന്നും ആധവ് അർജുന പറഞ്ഞു. വിജയ് മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകും. വിജയ് യുടെ അടുത്ത പൊതുയോഗം ഉടനുണ്ടാകും എന്നും ആധവ് വ്യക്തമാക്കി.

 

ബിഹാറിലെ നളന്ദ ജില്ലയിലുള്ള ഷിതല ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് തീർത്ഥാടകർ കൊല്ലപ്പെട്ടു. ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. ദർശനത്തിനായി ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ച എട്ട് പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

 

ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ തലവനായി മുതിർന്ന ഉദ്യോഗസ്ഥൻ വീർ വിക്രം യാദവിനെ നിയമിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ സ്ഥാനക്കയറ്റം. ഹരിയാന കേഡറിലെ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വീർ വിക്രം യാദവ്.

 

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാൻ വിസമ്മതിക്കുന്ന സഖ്യകക്ഷികൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കാരണം ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങളെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്. ബ്രിട്ടന് പുറമെ ഫ്രാൻസിനെതിരെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. ഇറാന് നേരെയുള്ള നീക്കങ്ങൾക്കായി യുദ്ധസാമഗ്രികൾ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾക്ക് തങ്ങളുടെ ആകാശം ഉപയോഗിക്കാൻ അനുമതി നൽകാത്ത ഫ്രാൻസിന്‍റെ നിലപാട് അങ്ങേയറ്റം നിസഹകരണപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും എണ്ണക്കിണറുകളും തകർക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ദുബായ് തീരത്ത് ക്രൂഡ് ഓയിൽ കയറ്റിയ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ചരക്ക് കപ്പലുകൾക്ക് നേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.

 

ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്.

 

7.3 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ എണ്ണക്കപ്പൽ ക്യൂബൻ തീരത്തെത്തി. ‘ഓഷ്യൻ എനർജി’ എന്ന ലൈബീരിയൻ പതാക വഹിച്ച കപ്പലാണ് ക്യൂബയിലെ മാറ്റാൻസാസ് തുറമുഖത്ത് നങ്കൂരമിട്ടത്. ആഭ്യന്തര എണ്ണ ഉൽപ്പാദനം കുറഞ്ഞതും ഇറക്കുമതി തടസ്സപ്പെട്ടതും മൂലം ക്യൂബയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു.ഇതോടെ രാജ്യത്തെ വൈദ്യുതി വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യൂബൻ സർക്കാർ.

 

സൗദി അറേബ്യയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 11,967 പേർ അറസ്റ്റിലായി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. നിയമലംഘകരെ സഹായിക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും സൗദി അറേബ്യക്ക് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തകർത്തു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണ നീക്കങ്ങൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *