പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. വിദ്യാർത്ഥികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയാണെന്നും ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്, അത് വഴി കേന്ദ്രനയങ്ങൾ നടപ്പാക്കുന്നതിനെയെ എതിർക്കേണ്ടതുള്ളൂ. വിഷയത്തിലെ സിപിഐ എതിർപ്പിനെ കുറിച്ച് അറിയില്ല എന്നുമാണ് വസീഫിന്റെ പ്രതികരണം. കൂടാതെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഡിവൈഎഫ്ഐ നിലപാടിൽ മാറ്റമില്ലെന്നും വസീഫ് വ്യക്തമാക്കി.
ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്ന് സംഘപരിവാർ ചിന്തിക്കുന്നു. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കൊച്ചിയിൽ പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ മണ്ണുമാന്ത്രിയന്ത്രം കയറ്റി നശിപ്പിച്ചു. എയർ ഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് റോളറിന് പകരം ജെസിബിയിൽ റോഡ് റോളർ ഭാഗം ഘടിപ്പിച്ചായിരുന്നു നടപടി. കഴിഞ്ഞ കുറച്ചു ദിവസമായി നടന്ന പ്രത്യേക ഡ്രൈവിൽ പിടിച്ചെടുത്ത എയര്‍ഹോണുകളാണ് ഒന്നിച്ച് നശിപ്പിച്ചത്.
രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനം കേരളമെന്ന് സര്‍വേയിൽ കണ്ടെത്തൽ. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ (ജി.ഡി.ബി.) സര്‍വേയിലാണ് കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പൗരബോധം, പൊതു സുരക്ഷ, ലിംഗഭേദ നിലപാടുകള്‍, വൈവിധ്യം, വിവേചനം എന്നീ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സമഗ്രമായ സാമൂഹിക പഠനമാണിത്.
കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്. ബസ് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് യാത്രക്കാരി തെറിച്ചു വീണത്. അപകടത്തിൽ യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോതമംഗലത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഈ ബസ്സിനെ കുന്നമംഗലം മുതൽ സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചിരുന്നതായി യാത്രക്കാർ പറയുന്നു.
ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകരയിൽ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
നിലമ്പൂരിൽ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. കല്ലേമ്പാടം സ്വദേശി വിവേകാണ് പിടിയിലായത്. ഇയാളിൽ നിന്ന് 4.35 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് വിവേകിനെ പിടികൂടിയത്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും. അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല എന്നാണ വിവരം. നിലവില്‍ അനന്തസുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം നല്കി എന്നാണ് വിവരം. അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്.
സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയില്‍ കൂട്ടരാജിയും തമ്മിലടിയും. രാജിക്കു പിന്നാലെ ഉണ്ടായ തമ്മിലടിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഒ. എസ് സുധീഷിൻ്റെ കൈ തല്ലിയൊടിച്ചു. എതിർചേരിയിൽ ഉള്ളവരാണ് സുധീഷിനെ മർദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് നാളെ പൊലീസിൽ പരാതി നൽകുമെന്ന് സുധീഷ് പ്രതികരിച്ചു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് പ്രവചനം.
കണ്ണൂരിന്റെ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതേദഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ അറിയിച്ചതായി എന്‍കെ പ്രേമചന്ദ്രന് എംപി അറിയിച്ചു. 2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോർട്ട് . ഭക്തർ നൽകിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു.
മൈസൂരു സാലിഗ്രാമത്തിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. അയാൻ (16), അജാൻ (13), ലുക്മാൻ (16) എന്നിവരാണ് മരിച്ചത്. ചാമരാജ്പേട്ട ഇടതുകര കാനാലിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. കെ ആർ പേട്ട നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ് അയാനും അജാനും.അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ജായൽ ഉപഖണ്ഡിലെ മാങ്ലോദ് ഗ്രാമത്തിൽ വിവാഹിതയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മരിച്ച സവിതയുടെ കുടുംബം ഭർത്താവ്, അമ്മായിയപ്പൻ, അമ്മായിയമ്മ എന്നിവർക്കെതിരെ കൊലപാതക ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. സവിതയെ കൊലപ്പെടുത്തി ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഒല ഇലക്ട്രിക്സിലെ യുവ എഞ്ചിനീയർ ജീവനൊടുക്കി. ഓല സ്ഥാപകൻ ഭവിഷ് അഗർവാൾ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ആരോപിച്ച് 28 പേജുള്ള ഒരു കുറിപ്പ് എഴുതി വച്ചിട്ടാണ് 38കാരനായ കെ അരവിന്ദ് എന്ന എൻജിനീയർ ജീവനൊടുക്കിയത്. അതേസമയം, അരവിന്ദ് ജോലിയെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ ഒരു പരാതിയും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്ന് ഓല പ്രസ്താവനയിൽ പറഞ്ഞു. പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി പറഞ്ഞെന്ന് ആവര്ത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ട്രംപ് പറഞ്ഞു- റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ വാക്ക് പാലിച്ചില്ലെങ്കിൽ വൻ തീരുവകൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 143 സ്ഥാനാർത്ഥികളുടെ പട്ടിക രാഷ്ട്രീയ ജനതാദൾ (ആർജെഡി) തിങ്കളാഴ്ച പുറത്തിറക്കി. പാർട്ടി നയിക്കുന്ന മഹാസഖ്യം സഖ്യകക്ഷികൾക്കിടയിലെ സീറ്റ് വിഭജനത്തിൽ തീരുമാനമാകും മുമ്പാണ് പ്രധാന കക്ഷിയായ ആർജെഡി ആദ്യ പട്ടിക പുറത്തുവിട്ടത്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് രഘോപൂരിൽ നിന്നും മറ്റൊരു പാർട്ടി നേതാവായ ലളിത് യാദവ് ദർഭംഗ റൂറലിൽ നിന്നും മത്സരിക്കും.
ഫത്തേപൂരിൽ താത്കാലിക പടക്ക വിൽപ്പന ശാലയിലുണ്ടായ തീപിടിത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. ഫത്തേപൂരിലെ എം ജി കോളേജ് ഗ്രൗണ്ടിലെ താത്കാലിക പടക്ക വിൽപ്പനശാലയിലെ തീപിടിത്തത്തിലാണ് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ചാരമായത്. അപടത്തിൽ ചിലർക്ക് പരിക്കേറ്റു. പക്ഷേ ആരുടെയും പരിക്ക് ഗുരുതരമല്ല.
ബിഹാര്‍ നിയമസഭയിലെ ആദ്യഘട്ട പോളിംഗില്‍ നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായിട്ടും നേര്‍ക്ക് നേര് പോരില്‍ നിന്ന് പിന്മാറാതെ മഹാസഖ്യത്തിലെ കക്ഷികള്‍. ആര്‍ജെഡി ഇന്ന് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളുണ്ട്.
വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ. വത്തിക്കാൻ ആസ്ഥാനത്തുള്ള 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേർന്നാണ് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാമുറിയൊരുക്കിയത്. ലൈബ്രറി സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്.
മാലിദ്വീപില്‍ നിന്നും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ പരിധി വെട്ടിക്കുറച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും. മാസത്തില്‍ അയക്കാനുള്ള തുകയുടെ പരിധി എസ് ബി ഐ 500 ഡോളറിൽ നിന്നും 150 ഡോളറാക്കി കുറച്ചാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.ഈ മാസം 25 നാണ് പുതിയ തീരുമാനം നടപ്പിലാകുക.
ഹോങ്കോങ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് വീണു. അപകടത്തിൽ താഴെ ഉണ്ടായിരുന്ന സുരക്ഷാ വാഹനത്തിൽ ഇടിച്ച് രണ്ട് പേർ മരിക്കുകയും ചെയ്തു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിമാനത്തിൻ്റെ മുൻഭാഗം തകർന്ന നിലയിൽ കടലിൽ ഭാഗികമായി മുങ്ങിക്കിടക്കുകയാണ്
യമൻ തലസ്ഥാനമായ സനായിലെ യുഎൻ കേന്ദ്രം റെയ്ഡ് ചെയ്തതിന് പിന്നാലെ, ഇറാനിയൻ പിന്തുണയുള്ള ഹൂതി വിമതർ 25ഓളം യുഎൻ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി യുഎൻ ഉദ്യോഗസ്ഥൻ അറിയിച്ചു. സനായിലെ തെക്കുപടിഞ്ഞാറൻ ഭാഗമായ ഹാദയിലെ ഓഫിസിനുള്ളിൽ യുഎൻ ജീവനക്കാരെ തടഞ്ഞുവച്ചതായി യെമനിലെ യുഎൻ റസിഡന്റ് കോർഡിനേറ്ററുടെ വക്താവ് ജീൻ ആലം അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെടുത്ത പ്രതിജ്ഞ പാലിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്ത് എവിടെ കാലുകുത്തിയാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ ജനതക്ക് ട്രൂഡോ നൽകിയ വാക്ക് പാലിക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും പിൻഗാമി വ്യക്തമാക്കി.
സെപ്റ്റംബർ മാസം യുഎസിൽനിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാതെ ചൈന. ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ് പൂജ്യത്തിൽ എത്തുന്നത്.
