Untitled design 20250112 193040 0000

 

വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

 

നവകേരള വികസന പരുപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തിലാണ് നവകേരള നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്.നവകേരള ക്ഷേമ വിവര ശേഖരണ പരിപാടി ജനങ്ങൾക്ക് പറയാനുള്ളത് സൂക്ഷ്മമായി കേൾക്കും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കും, വിശദമായ റിപ്പോർട്ടും വികസന മാർഗരേഖയും ഉണ്ടാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിക്കുന്നത്. അബിൻ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

 

വിശ്വാസ സംരക്ഷണത്തിനായി കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

 

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്.

 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഏജന്റ് ഡിസ്‌കൗണ്ട്, ഏജന്‍സി പ്രൈസ് എന്നിവയുടെ ഘടനയില്‍ എങ്ങനെ മാറ്റം വരുത്താം എന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കേരള പോലീസിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസുകാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു..പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാ​ഗമല്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്

 

കൊച്ചിയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്കൂൾ യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം, മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഡിഇഓയോട് അന്വേഷിക്കാൻ പറയുമെന്നും അദ്ദേ​ഹം പറഞ്ഞു.

 

കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബി ജെ പി നേതാവ് ഷോൺ ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് ഷോൺ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും ബി ജെ പി നേതാവ് പറ‌ഞ്ഞു.

 

 

ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷാഫി പറമ്പിലിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ഷാഫി പറമ്പിൽ എം പിക്കെതിരായ പൊലീസ് അതിക്രമത്തിന് ശേഷം സി പി എം നുണ പ്രചരണം നടത്തുന്നുവെന്ന് ടി സിദ്ദിഖ് എം എൽ എ. സി പി എം നേതാക്കൾ നുണ പറയുമ്പോൾ ഒരു നുണയിൽ ഉറച്ചു നിൽക്കണമെന്നും, സെക്കൻഡ് വച്ച് നുണ പറയുന്ന നിലയിലാണ് സി പി എമ്മിന്‍റെ അവസ്ഥയെന്നും സിദ്ദിഖ് പരിഹസിച്ചു. സർജറി നടത്തുന്നതിന് മുമ്പേ മീശയും താടിയും മാറ്റിയില്ലെന്നാണ് ഇപ്പോഴത്തെ ആരോപണം.

 

പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടർമാർപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

 

പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.

 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

 

ചാവക്കാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയാണ് കവര്‍ന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സ്കൂളില്‍ ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നത്. പ്രിന്‍സിപ്പന്‍ സുനില്‍കുമാറിന്‍റെ ഓഫീസ് റൂമിന്‍റെ താഴു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് രണ്ട് അലമാരകള്‍ തകര്‍ക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കോഴിക്കോട് ബാലുശ്ശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഝാർഖണ്ഡ് സ്വദേശിയായ പരമേശ്വർ ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടന്നത്.

 

പത്തനംതിട്ട റാന്നി സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ലഹരിക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെതിരെയാണ് എസ്പിയുടെ നടപടി. ലഹരിവേട്ടയ്ക്കുള്ള ഡാൻസാഫ് ടീമിൽ അംഗമാണ് മുബാറക്.

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എൻ വാസവനൊപ്പം എത്തിയാണ് നവനീത് ജോലിയിൽ പ്രവേശിച്ചത്.

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സമാധാന നൊബേല്‍ പുരസ്കാരം തടഞ്ഞത് താനാണെന്ന അവകാശവാദവുമായി ഇന്ത്യന്‍ വൈദികന്‍. സുവിശേഷകൻ ഡോ. കെ.എ. പോൾ ആണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. ട്രംപിന് പുരസ്‌കാരം നൽകരുതെന്നാവശ്യപ്പെട്ട് താന്‍ നൊബേൽ കമ്മിറ്റിക്ക് കത്തെഴുതിയെന്നും അത് പ്രകാരമാണ് ട്രംപിനെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ഇയാള്‍ അവകാശപ്പെട്ടു.

 

സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യർത്ഥന പരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിര്‍ദേശം നല്‍കി. പ്രിയങ്ക് ഖാർഗെ ഒക്ടോബർ 4 ന് നൽകിയ നിവേദനത്തിൽ മുഖ്യമന്ത്രി നടപടി സ്വീകരിച്ചതോടെ വിവാദത്തിന് തിരികൊളുത്തി. പ്രിയങ്കിന്റെ കത്തിൽ പരിശോധിച്ച് ആവശ്യമായ നടപടി ഉടനടി പ്രാബല്യത്തിൽ വരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.

 

 

മലയാളി സോഫ്റ്റ് വെയർ എൻജിനീയറുടെ ആത്മഹത്യയിൽ ആർഎസ്എസിനെതിരെ എഐസിസി നേതൃത്വം. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനന്തു അജിയെന്ന എൻജിനീയർ ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ആർഎസ്എസിനെതിരെയും കേസെടുത്ത് അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയടക്കം വളർന്നു വന്ന ആർഎസ്എസ് ശാഖകളിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണെന്നും പവൻ ഖേര പ്രസ്താവനയിൽ വ്യക്തമാക്കി.

 

നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലേക്ക് ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി. യാത്രക്കാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട വിമാനം റോഡിലൂടെ കുതിച്ചെത്തി 18 ടയറുകളുള്ള ട്രെയിലറിലും പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലും ഇടിച്ച് കയറിയാണ് അപകടം. മുൻഭാഗം ഇടിച്ച് റോഡിലേക്ക് എത്തിയ വിമാനം വളരെ വേഗതയിൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു.

 

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്ര ബന്ധം പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ധാരണ. കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. വ്യാപാര രംഗത്തെ സഹകരണത്തിന് മന്ത്രിതല ചർച്ചകൾക്കും തീരുമാനമായി.

 

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്. മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചു.

 

ഹമാസ് സുരക്ഷാ സേനയും ആയുധ ധാരികളായ ഗോത്ര അംഗങ്ങളും തമ്മിൽ ഗാസ സിറ്റിയിലുണ്ടായ അക്രമത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള വലിയ രീതിയിലുള്ള സംഘർഷമാണ് ഗാസയിലുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോർദ്ദാനിയൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികർ ഗോത്ര അംഗങ്ങൾക്ക് നേരെ വെടിയുതിർത്തത്.

 

2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.

 

ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തവണ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന തന്റെ ദീര്‍ഘകാല അവകാശവാദം ട്രംപ് ആവര്‍ത്തിച്ചത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *