Untitled design 20250112 193040 0000

 

പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ കൂടുതൽ ഇടപെടൽ തുടങ്ങി ആരോഗ്യവകുപ്പ് . ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ വിവാദമായതിന് പിറകെയാണ് നീക്കം. രണ്ട് കോടിരൂപ ചെലവിൽ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി.

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരാനാണ് സാധ്യത. ആദ്യഘട്ടത്തിൽ പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് രാഹുൽ, ഷാഫി ക്യാമ്പിന്റെ തീരുമാനം. എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും തീരുമാനം.

നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2016 ഒക്ടോബറിൽ റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക 5 ഗഡുക്കളായി നൽകാൻ തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം അനുമതി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം എടുത്തുകളയുന്നത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

കൊല്ലം നിലമേൽ മാറാൻകുഴിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട സംഭവത്തില്‍ ബസ് മോശം അവസ്ഥയിലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഷോക്ക് അബ്സോർബർ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിവെച്ച നിലയിലാണെന്ന് റിപ്പോര്‍ട്ട്. സ്കൂളിന്‍റെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് കൊല്ലം എൻഫോഴ്സ്മെന്‍റ് ആർടിഒ എ കെ ദിലു വ്യക്തമാക്കി. നിലമേൽ മാറാൻകുഴിയിലാണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയിൽ പ്രവേശിച്ച് ചേര്‍ത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രാധേഷിന് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദേവസ്വം ഓഫീസില്‍ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറുകയും ചെയ്തു.

വഖഫ് നിയമഭേദഗതി ബിൽ ഭാഗികമായി സ്റ്റേചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു..

കോയിപ്രം മർദന കേസിലെ മുഖ്യ പ്രതിയായ ജയേഷ് പോക്സോ കേസിലും പ്രതി. 2016 ൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാൾ പ്രതിയാണ് എന്ന വിവരമാണ് പുറത്തുവന്നത്. ഈ പോക്സോ കേസില്‍ ജയേഷ് ജയിലില്‍ കിടന്നിട്ടുണ്ട്. നിലവില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യപ്രതി ജയേഷിന്‍റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്.

പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിൻ്റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്. ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരൻ, റാന്നി സ്വദേശിയായ 30 കാരൻ. ജയേഷും ഭാര്യ രശ്മിയും അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ രണ്ടുപേരുടെ പരാതിയാണ് നിലവിൽ പോലീസിന്റെ മുന്നിലെത്തിയത്.

ജയിലിലേക്കുള്ള ലഹരി ഏറിൽ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന ഒരാളെ കൂടി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്.

നേതാക്കൾക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് കെപിസിസി. ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരുടെ സമിതിക്കാണ് അന്വേഷണ ചുമതല. സൈബര്‍ ആക്രമണവും വയനാട്ടിലെ എന്‍എം വിജയന്‍റെ മരുമകൾ പത്മജയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങൾ നേതൃയോഗത്തില്‍ ചര്‍ച്ചയായി.

തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്യായമായ തടവിൽ വെച്ച ബിന്ദു. മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നൽകിയ പരാതിയിലാണ് ആവശ്യം. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അപേക്ഷയുണ്ട്.

സൈബർ ആക്രമണങ്ങളിൽ നടപടിക്കൊരുങ്ങി കെപിസിസി. ഇതിന് പിന്നിൽ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പാർട്ടി പരിശോധിക്കും. വി.ടി. ബൽറാം അടങ്ങുന്ന സമിതിക്കാണ് അന്വേഷണ ചുമതല.

ബി അശോകിനെ വിടാതെ സർക്കാർ വീണ്ടും സ്ഥലം മാറ്റം. കൃഷി വകുപ്പിൽ നിന്ന് പിആർഡിയിലേക്ക് മാറ്റി. ട്രിബ്യൂണൽ ഉത്തരവ് മറി കടന്നാണ് മാറ്റം. നാളെ ട്രിബ്യൂണൽ കേസ് പരിഗണിക്കാനിരിക്കെയാണ് മാറ്റിയത്. ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയർമാനായി നിയമിച്ച സർക്കാർ നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഇതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിന് തുടരാമെന്നിരിക്കെയാണ് പിആർഡിയിലേക്ക് മാറ്റിയത്.

ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രമായ വൻതാരക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വൻതാരക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടാണ് സമർപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

പിഎംകെ പ്രസിഡന്റായി അൻപുമണി രാമദോസിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അൻപുമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം അംഗീകരിച്ച് കമ്മീഷണ കത്ത് നൽകി. 2026 ഓഗസ്റ്റ് വരെ അൻപുമണി പ്രസിഡന്റായി തുടരും. പാർട്ടിയുടെ ‘മാങ്ങ ചിഹ്നം’ അൻപുമണി അംഗീകരിക്കുന്ന സ്ഥാനാർഥികൾക്ക് തെരഞ്ഞെടപ്പിൽ അനുവദിക്കും.

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഹർജിക്കാരനായ ഡോ.പി.എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ എം.എസ് വിഷ്ണു ശങ്കർ പരാമർശിച്ചു. ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും വിഷ്ണു ശങ്കർ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് കോടതി തീരുമാനം.

രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഇതിൽ വിശദമായ ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കും.

യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാളെ ദോഹയിൽ എത്തും. ഇസ്രായേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലേക്ക് പോവുക. അറബ് -ഇസ്ലാമിക ഉച്ചകോടി നടക്കുന്നതിനിടെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ ദോഹ സന്ദര്‍ശനത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയില്‍ നിർണായക നിർദേശവുമായി ഇറാഖ്. അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും എതിരെ ഉള്ളതായി കണക്കാക്കണമെന്ന് ഇറാഖ് നിലപാട് അറിയിച്ചു. അതേസമയം, വെടിനിർത്താലിന് താല്പര്യമില്ലെന്ന് ഇസ്രായേൽ തെളിയിച്ചതായി ഈജിപ്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾ വീണ്ടും തുടങ്ങുന്നു. ചർച്ചകൾക്കായി അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് രാത്രി ഇന്ത്യയിലെത്തും. വ്യാപാര ചർച്ചകൾ നാളെ മുതലാണ് തുടക്കമാകുക. അതിനിടെ അമേരിക്കയിൽ നിന്ന് ഇന്ത്യ ചോളം വാങ്ങിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് ഭീഷണി മുഴക്കിയിട്ടുമുണ്ട്.

ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ജീവൻ വെക്കുന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം ഇന്ന് ഡൽഹിയിൽ എത്തും. ചൊവ്വാഴ്ച മുതൽ ചർച്ച പുനരാരംഭിക്കും.

യുഎസില്‍ ടിക്ടോക്ക് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ ചൈനയുമായി ധാരണയിലെത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. രാജ്യത്തെ യുവാക്കള്‍ സംരക്ഷിക്കാന്‍ ആഗ്രഹിച്ച ‘ഒരു പ്രത്യേക കമ്പനി’യുമായി ധാരണയിലെത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതോടെ ടിക് ടോക്ക് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയതായാണ് സൂചന.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ളത്‌ കടുത്ത ശത്രുതയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു.

അദാനി ഗ്രൂപ്പിന് ഊര്‍ജനിലയം സ്ഥാപിക്കാന്‍ ബിഹാറിലെ ഭഗല്‍പുരില്‍ കേന്ദ്രസര്‍ക്കാര്‍ 1050 ഏക്കര്‍ ഭൂമി ‘സമ്മാനമായി’ കൊടുക്കാനൊരുങ്ങുകയാണെന്ന ആരോപണവുമായി.കോണ്‍ഗ്രസ്. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ആസന്നമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ബിജെപി ഇങ്ങനെ ചെയ്യുന്നതെന്നും കോണ്‍ഗ്രസിന്റെ മാധ്യമ-പ്രചാരണവിഭാഗം മേധാവി പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *