ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എൻ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭാ സമ്മേളനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ. രാഹുൽ മാങ്കൂട്ടത്തലിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ എല്ലാം അറിയുന്നുണ്ട്. രാഹുൽ എത്തിയാൽ എൽഡിഎഫ് സഭയിൽ പ്രതിഷേധിക്കുമോ എന്ന ചോദ്യത്തിന് വരുമ്പോൾ നോക്കാമെന്നും മന്ത്രി മറുപടി നൽകി. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമം ധൂർത്താണെന്ന വി മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കെ കെ ശൈലജ. ചിലരുടെ തനിനിറം വ്യക്തമാകുന്നുവെന്ന് കെ കെ ശൈലജ വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ശബരിമല അന്താരാഷ്ട്ര പ്രസക്തിയുള്ള തീർത്ഥാടന കേന്ദ്രമാകുകയാണ്. സർക്കാർ ഉദ്ദേശം യാതൊരു വിവേചനവും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻറെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറെന്ന് എം വി ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കൾ വിജയൻറെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ എം വിജയന്‍റെ മരുമകൾ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജന്‍റെ പ്രതികരണം.
വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മരുമകള്‍ പത്മജയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നടത്തിയ ചര്‍ച്ചയുടെ സംഭാഷണം പുറത്ത്. ഒളിച്ചുകളി ഇഷ്ടമല്ലെന്നും രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ലെന്നും പറഞ്ഞ വാക്കിനോട് വില വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സംഭാഷണത്തിൽ പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് തിരുവഞ്ചൂരിന്‍റെ സംഭാഷണം.
മൂവാറ്റുപുഴ നഗരത്തിലെ എം സി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെ പൊലീസുകാരന് സസ്പെൻഷൻ. മൂവാറ്റുപുഴ എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ പി സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് സാമുദായിക സ്പർദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമമെന്നും കേസരിയിലെ ‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ ” എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.ക്രിസ്ത്യൻ സമുദായത്തെ കയ്യിലെടുക്കാൻ അരമനകൾ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാൻ തയ്യാറാണോ – എന്നും ചെന്നിത്തല ചോദിച്ചു.
കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയത്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുക്കി, വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ബിസിനസ് പാർക്കിൽ, ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.
തൻറെ റിമോട്ട് കൺട്രോൾ 140 കോടി ജനം എന്ന് നരേന്ദ്ര മോദി .തനിക്ക് വേറെ റിമോട്ട് കൺട്രോൾ ഇല്ലെന്നും മോദി പറഞ്ഞു. തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാം. എന്നാൽ ഭൂപൻ ഹസാരികയെ പോലുള്ള മഹാൻമാരെ കോൺഗ്രസ് അപമാനിക്കുന്നത് സഹിക്കില്ല.ഹസാരികയ്ക്ക് ഭാരതരത്നം നല്കിയപ്പോൾ പാട്ടും നൃത്തവും നടത്തുന്നവർക്കാണ് ഭാരതരത്ന നല്കുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
ആർഎസ്എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരുമായി ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം
തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളിൽ നിന്ന് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട 17 കാരന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലാണ്. പൂളിലെ മുഴുവൻ വെള്ളം നീക്കം ചെയ്യാനും പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പ് കർശനം നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മലയാളം സർവ്വകലാശാല വിവാദത്തിൽ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ യുഡിഎഫ് ഭരണക്കാലത്ത് ഭൂമിയ്ക്ക് വിലനിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ട് കെ.ടിജലീൽ. “റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാൽ “റബ്ബ്” പൊറുക്കൂലാ!” എന്ന കുറിപ്പോടെയാണ് രേഖ ജലീൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്..
ആർഎസ്എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് ‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജികൾ. കേസിൽ ഹൈക്കോടതിയിലെ ഹർജിക്കാരൻ വിസി അജികുമാറും ഡോ.പിഎസ് മഹേന്ദ്ര കുമാർ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിക്കുന്നു. പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നു.
പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായി വയനാട് കോൺഗ്രസ്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡിസിസി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. എന്നാൽ തുടർ മരണങ്ങളും നേതാക്കൾ തമ്മിൽ തമ്മിലടിയും ഉണ്ടായിട്ടുംസംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി.
പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കോയിപ്രം ആന്താലിമൺ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ. വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ ആവര്‍ത്തിച്ചത്.
കിളിമാനൂരിൽ വൃദ്ധനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ റൂറൽ എസ് പിയുടെ ശുപാർശ. ദക്ഷിണമേഖല ഐജിക്കാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് റൂറൽ എസ് പി റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.
ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപകരെ നിയമിക്കുമ്പോൾ നാലു ശതമാനം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ശേഷവും പരസ്പരം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി മണിപ്പൂരിലെ കുക്കി മെയ്തെയ് സംഘടനകൾ. പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണം എന്ന ആവശ്യം ശക്തമാക്കുകയാണ് കുക്കി സംഘടനകൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്നു മടങ്ങാനാകും എന്ന ഉറപ്പ് പ്രധാനമന്ത്രിക്ക് നല്കാനായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ തോരണങ്ങൾ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്.
അസമിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണമെന്ന് പരാതി. ദുർഗിലെ ഷിലോ പ്രെയർ ടവറിലെത്തി ബജ്റംഗ്ദൾ പ്രവർത്തകർ സുവിശേഷ പ്രാസംഗികരെ മർദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്റംഗ്ദൾ പ്രവർത്തകരെ നീക്കിയത്. മതപരിവർത്തനം ആരോപിച്ച് ജ്യോതി ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71% ആണെന്ന് യുഎസ് നാഷണൽ വെതർ സർവീസിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.
ഏഷ്യാകപ്പിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ വ്യാപക വിമർശനം. മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ പങ്കുചേർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാൾ പണത്തിന് വിലയുണ്ടോ ക്രിക്കറ്റ് മത്സരമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. പഹൽഗാം ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രംഗത്തെത്തി.
ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർ ക്രൂര മർദനത്തിന് ഇരയായി.
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. ബോക്‌സിങ് വനിതാ വിഭാഗത്തില്‍ ജാസ്മിന്‍ ലംബോറിയയും (57 കിലോഗ്രാം), മീനാക്ഷി ഹൂഡയും (48 കിലോഗ്രാം) ആണ് സ്വര്‍ണം നേടിയത്.
ജമ്മു കശ്മീരില്‍ ഭീകരര്‍ പുതിയ ഒളിത്താവളമായി ഭൂഗര്‍ഭ ബങ്കറുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോർട്ട്. മുന്‍പ് പ്രദേശത്തെ വീടുകളിലാണ് ഭീകരർ അഭയം പ്രാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സുരക്ഷിതമല്ലെന്നുകണ്ട് ഇടതൂര്‍ന്ന വനങ്ങളിലും ഉയര്‍ന്ന മലനിരകളിലും ബങ്കറുകള്‍ സ്ഥാപിച്ച് അതിനകത്താണ് ഭീകരർ ഒളിച്ചുകഴിയുന്നതെന്ന് സൈന്യം പറയുന്നു.
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനെതിരേ ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധിച്ച് ശിവസേന നേതാവ്. ശിവസേന ഉദ്ധവ് വിഭാഗം വക്താവായ ആനന്ദ് ദുബെയാണ് പാകിസ്താനുമായുള്ള മത്സരത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ടിവി സെറ്റുകള്‍ അടിച്ചുപൊട്ടിച്ചത്.
അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഒരു നിർണായക സാഹചര്യത്തിലാണുള്ളതെന്നും ഒന്നുകിൽ തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് സ്ഥിതിയെന്നും മസ്ക് അഭിപ്രായപ്പെട്ടു. ലണ്ടനില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തില്‍ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ലഷ്‌കറെ തൊയ്ബയുടെ മുരിദ്കയിലെ ആസ്ഥാനമായ മര്‍കസ് തായ്ബ പുനര്‍നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രളയദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിന്റെ മറവിലാണ് ലഷ്‌കർ ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.