Untitled design 20250112 193040 0000

 

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോ​ഗ്യവകുപ്പിൻ്റെ നീക്കം.

 

മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താൽപര്യപ്രകാരം ഏറ്റെടുത്തത് നിർമാണ യോഗ്യമല്ലാത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമിയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തനിക്കെതിരായി ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

 

മലയാളം സർവകലാശാലയ്ക്ക് ഭൂമി എടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി.ജലീൽ. 2016 ഫെബ്രുവരി17നാണ് ഒരു സെൻ്റിന് 170000 രൂപ നിരക്കിൽ ധാരണയായതെന്നും അന്ന് യു.ഡി.എഫ് സർക്കാരാണ് ഭരണമെന്നും ജലീല്‍ വ്യക്തമാക്കി. സെൻ്റ് ഒന്നിന് പതിനായിരം രൂപ കുറച്ചത് ഇടതു സർക്കാരാണ്. ഉപയോഗമില്ലാത്ത ആറേകാൽ ഏക്കർ ഭൂമി ഒഴിവാക്കി. ഒരു തരത്തിലുള്ള അഴിമതിയും ഭൂമി വാങ്ങിയതിൽ ഉണ്ടായിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

 

പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് തനിക്കു നേരെയുള്ള സൈബർ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആൻ ജോര്‍ജ്. സൈബർ ആക്രമണങ്ങളെ ഭയന്നാണ് ഇരകൾ മൊഴി കൊടുക്കാൻ ഭയക്കുന്നതെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് പരാതി നൽകിയതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിലടക്കം താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ എം കൃഷ്ണലാൽ. പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത് എന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കൃഷ്ണലാൽ ഫേസ് ബുക്കിൽ കുറിച്ചു.

 

സംസ്ഥാനത്ത് കുട്ടികള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് എന്ന പേരിൽ ഈ അധ്യയനവര്‍ഷം മുതൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സെപ്റ്റംബര്‍ 18,19 തീയതികളിൽ തിരുവനന്തപുരത്തായിരിക്കും അക്ഷരക്കൂട്ട് എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. അക്ഷരക്കൂട്ട് എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ സാഹിത്യ ശിൽപ്പശാലയും നടക്കും.

 

ആരോഗ്യ വകുപ്പിനെതിരെ മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദൻ ഉന്നയിച്ച വിമര്‍ശനങ്ങളിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായി കെകെ ശൈലജ. ആരോഗ്യരംഗത്ത് കേരളം ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ലെന്നും ആര്‍ക്കും അങ്ങനെ അവകാശ വാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. ആരോഗ്യമേഖലയിൽ എല്ലാം പരിഹരിച്ചുവെന്ന് പറയാൻ സാധിക്കില്ല. ഇനിയും പരിഹരിക്കാൻ ബാക്കിയുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.

 

വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു.

 

വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങളിൽ മറുപടിയുമായി കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എൻഎം വിജയന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. എൻഎം വിജയന്‍റെ മകന്‍റെ ആരോഗ്യകാര്യത്തിൽ മൂന്ന് തവണ ഇടപെട്ടു. താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്.പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

 

ആഗോള റെസ്റ്റോറൻ്റ് ശൃംഖലയായ മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിൽ പിടിച്ചുപറി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി, ബാവാ മൻസിലിൽ ഖാസി വൈ ബി നിസാമുദ്ദീൻ (30) ആണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുമ്പ് വടിയുമായി ഔട്ട്ലെറ്റിന് അകത്ത് കയറിയ നിസാമുദ്ദീൻ മക്ഡൊണാൾഡ്‌സ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.

 

വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുടെ ബുക്കിങ് ആരംഭിച്ചതായി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ.ബി.​ഗണേഷ്കുമാർ അറിയിച്ചു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് ആണ്പ്രത്യേക അധിക സർവീസുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് സർക്കാരിന്റെ ശ്രമമെന്നും ഈ ശ്രമം വിജയം കാണില്ലെന്നും മുസ്ലീം ലീ​ഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ശബരിമല സ്ത്രീ പ്രവേശനത്തിന് വനിതാ മതിൽ തീർത്ത സർക്കാരാണ് അയ്യപ്പസംഗമം നടത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിക്കേണ്ട സമീപനം മറന്നാണ് അതിലെ വൈകാരികതയെ മുതലെടുക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡൻ മാലോം കാര്യോട്ട് ചാൽ സ്വദേശി രാജേഷി( 42) നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. മറ്റു വിദ്യാർത്ഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പൊലീസിൽ അറിയിച്ചതോടെ വാർഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

പുഴയിൽ മന്ത്രവാദിയും,യുവാവും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

 

വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂർ ഞാറപ്പൊയിൽ ഹൗസിൽ സുഹൈബ് (40) ആണ് പിടിയിലായത്. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. സുഹൈബിൻ്റെ പക്കൽ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്സൈസ് കണ്ടെത്തിയത്.

 

മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ദില്ലി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി. ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്ത ആണ് പരാതിക്കാരൻ. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

 

ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്‍രികെ താലിബാന്‍റെ (ടിടിപി) ഭീകരരെ വധിച്ചത്. അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്‍റെ മാധ്യമ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.

 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന്‌ വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, നെതന്യാഹു നഗരത്തില്‍ കാലുകുത്തുന്ന നിമിഷംതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഉത്തരവ് നല്‍കുമെന്നും സൊഹ്‌റാന്‍ പറഞ്ഞു.

 

ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരെ പാകിസ്താന്റെ പ്രതികരണവും തിരിച്ചടിച്ച് ഇസ്രയേലും. ഹമാസ് നേതാക്കളെ ഉന്നമിട്ടാണ് ഖത്തറിനെതിരെ ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍) യുടെ സുരക്ഷാസമിതി യോഗത്തില്‍ ഇസ്രയേല്‍ തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. ഭീകരസംഘടനയായ അല്‍ ഖായിദയുടെ നേതാവ് ഒസാമ ബിന്‍ലാദനെ പാകിസ്താനില്‍വെച്ച് വധിച്ച സംഭവവും ഇസ്രയേല്‍ ചൂണ്ടിക്കാട്ടി.

 

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *