നാളെ ചെറിയ പെരുന്നാള്‍. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ് .
തെരഞ്ഞെടുപ്പു സമയമായതിനാൽ എൽഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കിനെ ശല്യം ചെയ്യേണ്ടതില്ലെന്നും. എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണ്. അത് പക്ഷെ ഇപ്പോൾ തന്നെ വേണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദമായ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.
ഇഡി സമൻസിനെതിരായ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉർത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ളതായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്ബിയാണെന്ന് തോമസ് ഐസക് വ്യക്തമാക്കി.വിധിപകർപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്തുമെന്ന് തോമസ് ഐസക് പറഞ്ഞു.
ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രമാണ് എന്ന്സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷൻ. സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്.. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കൂ,ആ ചൂണ്ടയിൽ വീഴരുതെന്നും വി ഡി സതീശൻ. കാപട്യത്തിന്റെ പേരാണ്പിണറായി, പൗരത്വ ഭേദഗതിയിൽ ചർച്ച ഒതുക്കാം എന്ന് കരുതേണ്ട. സിഎഎക്ക് എതിരായി നടന്ന സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ ആദ്യം പിൻവലിക്കട്ടെ. സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ എംകെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് ഇഡി നോട്ടീസ് നല്‍കി. സെപ്തംബര്‍ 29ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും സുഖം ഇല്ലാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഴിമതി നടത്തിയെന്നാണ് ഇ ഡി വാദിക്കുന്നതെന്ന് കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയതെന്നും. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി. കേസിൽ അന്വേഷണം തുടങ്ങിയതായും ദില്ലി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാൽ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ റംസാൻ– വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച മറുപടി സമർപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്നും, പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ ഈ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.
തൃശൂരിൽ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് തല നേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്. പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.
ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് തന്റെ നേതൃത്വത്തിൽ മാർച്ച് എന്ന പ്രചരണത്തിന് പിന്നിൽ ദുഷ്ട ശക്തികളുണ്ടെന്ന് എംഎം ഹസൻ. കേരള സ്റ്റോറി പ്രദർശിപ്പിച്ച സംഭവത്തിൽ ചില രാഷ്ട്രീയ കക്ഷികളുണ്ട്. ഇടുക്കി ബിഷപ്പിനെ താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തിൽ തെറ്റിദ്ധാരണയില്ലെന്നും എംഎം ഹസ്സൻ പ്രതികരിച്ചു.
കേരള സ്റ്റോറി വിഷയത്തിൽ ചില സഭകൾ എടുത്തിട്ടുള്ളത് പ്രതിഷേധാർഹമായ നടപടിയെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് കൂറിലോസ്. ലൗ ജിഹാദ് എന്ന പ്രതിഭാസം നമ്മുടെ നാട്ടിൽ ഇല്ല. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് ധാർമികമല്ലെന്നും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് ഹൈക്കോടതിയിലെത്തുമ്പോള്‍ പുതിയ അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ടി ഷാജിത്ത് തനിക്കെതിരെ കേസ് കൊടുക്കുന്നതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഷാജി കോഴിക്കോട് പറഞ്ഞു.
പാനൂര്‍ സ്ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് ഇപി ജയരാജന്‍. പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ബോംബ് സ്ഫോടനമുണ്ടായതിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നത് പരിഹാസ്യമാണ് . ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മറ്റ് രാഷ്ട്രീയ ബന്ധമില്ലെന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
സിബിഐക്ക് വിശദമായി മൊഴി നൽകി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരണപ്പെട്ട സിദ്ധാർത്ഥിന്റെ അച്ഛൻ ടി.ജയപ്രകാശ്.ബാഹ്യസമ്മർദ്ദം കൊണ്ടാണ് പൊലീസ് കൂടുതൽ പേരെ പ്രതിചേർക്കാത്തത്. വിദ്യാർത്ഥികളുടെമൊഴിയെടുപ്പും സിബിഐ തുടരുകയാണ്.മകന്‍റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഴുവൻ പങ്കുവച്ചതായി മൊഴി എടുത്തതിനുശേഷം ജയപ്രകാശ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽ മഴയെത്തുമെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പ്രവൃത്തി തരം താഴ്ന്നതും, ചീപ്പ് പ്രവൃത്തിയാണെന്നും, ഏപ്രില്‍ 26 കഴിയട്ടെ അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും മുരളീധരൻ പറഞ്ഞു.ഈ വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് അതിരൂപത വ്യക്തമാക്കി. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ലെന്നും, മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.
കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാൾ ഡോ. എം രമ എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനിച്ചെന്ന പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കി. ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നു എന്നും ഓൺലൈൻ മാധ്യമത്തോട് ഡോ. എം രമ പറഞ്ഞിരുന്നു. ഇതിന് പുറമെ സര്‍വീസിന്റെ അവസാന പ്രവൃത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി.
ദല്ലാള്‍ ടിപി നന്ദകുമാർ സാമൂഹ്യവിരുദ്ധനാണെന്ന് അനില്‍ ആന്‍റണി.ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് തവ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നു. തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്‍റണി വെല്ലുവിളിച്ചു.
സത്യവാങ്മൂലത്തില്‍ സ്ഥാനാർത്ഥിയുടെയോ, ബന്ധുക്കളുടെയോ, ജംഗമ വസ്തുക്കൾ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് ബാധിക്കാത്ത രീതിയിലുള്ള സ്വകാര്യ ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ല. ജീവിത സാഹചര്യം അറിയാന്‍ ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യവസുക്കള്‍ സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണo. സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവതത്തിലെ എല്ലാകാര്യങ്ങളും അറിയുന്നത് വോട്ടര്‍മാരുടെ അവകാശമല്ല. ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.
ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും മുൻപ് നടന്ന യുദ്ധത്തിൽ അസമിനോട് ബൈ പറഞ്ഞ നെഹ്റുവിനെ ജനങ്ങൾ മറക്കില്ല.അസമിൽ അഫ്സ്പ നിയമം എടുത്തുമാറ്റി മുസ്ലീം വ്യക്തിഗത നിയമം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നുണ്ട്. എന്നാല്‍, ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അസമിലെ ബിജെപി റാലിയിൽ ആണ്അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
റഫയിലേക്കുള്ള പ്രവേശനവും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കലും ആവശ്യമാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങൾ എപ്പോഴും ലക്ഷ്യം നേടാനായി പ്രവർത്തിക്കുന്നുവെന്നും, എല്ലാ ബന്ദികളെയും മോചിപ്പിച്ച് സമ്പൂർണ്ണ വിജയം കൈവരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫയിൽ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്. അവർ ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയവ ഇല്ലാതെ വലയുകയാണ് അതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണ ഭീഷണി.
ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങൾ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നൽകിയെന്നുമുള്ള ഗുജറാത്ത്കേന്ദ്ര മന്ത്രിപർഷോത്തം രുപാലയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം. പര്‍ഷോത്തം രൂപാല സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം.
പതഞ്ജലി പരസ്യക്കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. രാംദേവ് മാപ്പ് അപേക്ഷ സമര്‍പ്പിച്ചു. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ മാപ്പ് അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്.