Untitled design 20250112 193040 0000 3

 

 

 

ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി..

 

ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയി‍നെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ ദർശനത്തിന് പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തനത്തിൽ ഞാനുണ്ടാകുമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

 

തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്‍റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.

 

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കാനിരുന്ന തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി. ദില്ലിയിൽ അടിയന്തരമായി മീറ്റിങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേഷ് ഗോപി പരിപാടികൾ റദ്ദാക്കിയത്. ഇതിനാൽ പുലിക്കളി കാണാനും ഓണാഘോഷത്തിലും പങ്കെടുക്കാൻ സുരേഷ് ​ഗോപിക്ക് കഴിയില്ല. തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.

 

ഓണം സമാപന ഘോഷയാത്ര ഒമ്പതാം തീയതി ചൊവ്വാഴ്ച വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഘോഷയാത്രയില്‍ ആയിരത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ഉണ്ടാകും.60 ഓളം ഫ്ലോട്ടുകൾ ഉണ്ടാകും. ചൊവ്വാഴ്ച വകിട്ട് ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയിൽ പങ്കുചേരും.

 

മലയാളികൾക്ക് ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

 

മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അതേസമയം സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാണെന്നും മുതിർന്ന നേതാക്കൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

 

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണെന്നും ശബരിമല വികസനത്തിലേക്ക് പോകുന്നുവെന്നും പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

 

സാമൂഹിക മാധ്യമങ്ങളെ അന്തസ്സുള്ള രാഷ്ട്രീയ വിമർശനത്തിനല്ല വി ടി ബൽറാം ഇതുവരെ ഉപയോഗിച്ചതെന്ന് എം ബി രാജേഷ് ആരോപിച്ചു. എകെജി, എഴുത്തുകാരി കെ ആർ മീര, ബെന്യാമിൻ, മുഖ്യമന്ത്രി, എൻഎസ്എസ് ജനറൽ സെക്രട്ടറി തുടങ്ങി സ്വന്തം പാർട്ടി പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും വരെ വി ടി ബൽറാം ആക്ഷേപിച്ചത് എം ബി രാജേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരായ അധിക്ഷേപം വാളയാർ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവൻ എന്നായിരുന്നുവെന്നും എം ബി രാജേഷ് കുറിച്ചു.

 

ആഭ്യന്തര വകുപ്പിനും വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

 

യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തതെന്നും വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് സതീശൻ നടുത്തുന്നത് എന്നാൽ സതീശന്റെ സംസാരം ശരിയല്ല മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്, പ്രതിപക്ഷ നേതാവ്, എംഎൽഎ എന്ന നിലയിലാണ് വി ഡി സതീശനെ എസ് എൻ ഡി പി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതിൽ മഞ്ഞുരുകലിന്റെ പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി കുട്ടിച്ചേർത്തു.

 

പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുത്തി ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ഉന്മൂലന സിദ്ധാന്തമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്. കഴിഞ്ഞ നാലു വർഷമായി ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു , മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പോലീസിൻ്റെയും സി.പി.എം ഗുണ്ടകളുടെയും കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി ജീവച്ഛവങ്ങളായതെന്നും അദ്ദേഹം പറഞ്ഞു.

 

സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള കുന്നംകുളം, പീച്ചി സ്റ്റേഷനുകളിൽ ഉണ്ടായ കസ്റ്റഡി മർദ്ദനങ്ങൾ കമ്മീഷണർ അങ്കിത് അശോകൻ്റെ കാലഘട്ടത്തിലാണ് നടന്നത്. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അന്ന് കമ്മീഷണറായിരുന്ന അങ്കിത് അശോകൻ നടപടിയെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര ചോദിച്ചു

 

വയനാട് പുൽപ്പള്ളി കേസിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്. ഹോട്ടലില്‍ വച്ച് ക്രൂരമർദ്ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ പക്കൽ ഉണ്ടെന്നുമാണ് ദിനേശ് പറയുന്നത്. അതുകൊണ്ടാണ് എസ്ഐ ഔസേപ്പിനെയും ജീവനക്കാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് ദിനേശന്‍റെ വാദം.

 

പീച്ചി സ്റ്റേഷനിലെ മർദനത്തിന്റെ അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു. പീച്ചി സ്റ്റേഷൻ മർദനത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ രതീഷ് നിലവിൽ കടവന്ത്ര സ്റ്റേഷനിലാണ്.

 

ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഇടി വീരൻമാരെ പിണറായി സംരക്ഷിക്കുകയാണ്.കളകൾ പറിക്കാൻ പിണറായി തയാറല്ലെങ്കിൽ കോൺഗ്രസ് കള പറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഹോട്ടലിൽ ഭക്ഷണം മോശമെന്ന് പറഞ്ഞവരെ മർദിച്ചെന്ന പരാതി ഒത്തു തീര്‍ക്കാന്‍ പീച്ചി പൊലീസ് പണം ആവശ്യപ്പെട്ടുവെന്നും മര്‍ദിച്ചുവെന്നുമാണ് ഹോട്ടലുടമ കെ.പി ഔസേപ്പിന്‍റെ ആക്ഷേപം.

 

2012 ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ് നേരിട്ട മര്‍ദനത്തെ കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായ മധു ബാബുവിനെതിരെയാണ് ജയകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

പാതി വില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതോടെ ആശങ്കയിലായി തട്ടിപ്പിനിരയായ വീട്ടമ്മമാർ. പ്രത്യേക അന്വേഷണസംഘം ഇക്കാലമത്രയും ഒരു നടപടികളും കാര്യക്ഷമമായി സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കിൽ അനുകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക.

 

യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനാണ് സസ്പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്. കേസെടുത്തതോടെ പൊലീസുകാരന് സസ്പെൻ്റ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു.

 

തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ നടന്ന മോഷണ കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. മോഷണം ആസൂത്രണം ചെയ്ത കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 

മർദ്ദനത്തിനെതിരായ ലീഗ് നേതാവിന്റെ പരാതിയിൽ ഇതുവരെയും നടപടിയില്ല. മുസ്ലിംലീഗ് പ്രാദേശിക നേതാവ് മാമുക്കോയയ്ക്കാണ് രണ്ട് വർഷം മുൻപ് മർദനമേറ്റത്. കുറ്റിക്കാട്ടൂർ യത്തീംഖാനയിലെ ഭൂമി സംബന്ധിച്ച പ്രശ്നത്തിനിടെയാണ് സംഭവമുണ്ടായത്. ഇത് പരിഹരിക്കാനെത്തിയ പൊലീസ്, മാമുക്കോയയെ കസ്റ്റഡിയിലെടുത്ത ഒരു മണിക്കൂർ സ്റ്റേഷനിൽ നിർത്തിയ ശേഷം വിട്ടയച്ചിരുന്നു.ഇവിടെവെച്ച് പൊലീസ് മർദ്ദനമേറ്റു എന്നാൽ പരാതിപ്പെട്ടിട്ടും ഇതുവരെയും നടപടിയുണ്ടായില്ല.

 

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുപോകുന്നതിനാൽ ജാഗ്രത വേണമെന്ന് 2024ൽ പൊലീസ് ആസ്ഥാനത്ത് നിന്നും നൽകിയ കത്ത് പുറത്ത്. ഒരു വർഷം മുൻപ് പൊലീസ് സ്റ്റേഷനുകൾക്ക് ഡിജിപി അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

2024 സെപ്റ്റംബറിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപി എ ശ്രീജിത്താണ് ജില്ലാ പൊലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്ത് അയച്ചത്.

 

ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെയും പിന്തുണ. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്‍റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരിച്ചു. യുവതി പ്രവേശനത്തിൽ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

 

വയനാട് പുൽപ്പള്ളി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം. കള്ളക്കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിരപരാധിയായ തങ്കച്ചൻ ജയിലില്‍ കിടന്നതിലെ പൊലീസ് വീഴ്ചയും അന്വേഷിക്കണമെന്നും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

 

കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

 

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം വിവാദമായ സ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി. കേസിൽ ഉൾപ്പെട്ടവർക്ക് ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിക്കൊണ്ട് സുരേഷ് ഗോപി പിന്തുണ അറിയിച്ചു. ആർഎസ്എസുകാരും അനുഭാവികളുമായ 27 പേർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം.

 

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്‌തകത്തിലാണ് കോപ്പിയടി വിവരങ്ങൾ ചേർത്തിരിക്കുന്നത്. 2024 ജനുവരി മുതൽ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ എഴുതിയവരിൽ 3,786 പേർ കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നാണ് വിവരം.

 

സ്ത്രീകളുടെ ക്ഷേമത്തിനെന്ന പേരിൽ കോഴിക്കോട് എരഞ്ഞിപ്പാലത്ത് തുടങ്ങിയ സിറ്റി വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നത് കോടികളുടെ വെട്ടിപ്പ് എന്ന് വിന്നും. നടപടിക്രമങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചും തോന്നിയതുപോലെ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങി ധൂർത്തടിച്ചുമെല്ലാം ഭരണസമിതി സൃഷ്ടിച്ചത് 9 കോടിയിലേറെ രൂപയുടെ ബാധ്യതയാണെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

 

 

കൊച്ചി കണ്ടയ്നര്‍ റോഡില്‍ ഇന്നലെ രാത്രി കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു. കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീന്‍ എന്നയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുളള ക്രൂരത ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടപ്പളളി സ്വദേശി നാദിറിന്‍റെ ഉടമസ്ഥതയിലുളളതാണ് കുതിര.

 

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

 

ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. വസ്ത്ര മേഖലയിലുള്ളവരും സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് യോഗം ചർച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്

 

ദില്ലിയിൽ ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ ആറിനും ഇടയിൽ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങൾ രേഖപ്പെടുത്തി. ഈ വർഷത്തെ കണക്കുകൾ കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2016 -ൽ 110 ദിനങ്ങൾ, 2017-ൽ 152 ദിനങ്ങൾ, 2018 -ൽ 159 ദിനങ്ങൾ എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ ഓരോ വർഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.

 

പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. മോദിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക. പ്രളയബാധിതരുടെ ക്യാമ്പിലെത്തി കുടുംബളെ മോദി കാണും.

 

ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. 68കാരനായ ഷിഗെരു ഇഷിബ ഞായറാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പിളരുന്ന സാഹചര്യം ഒഴിവാകുന്നത് ലക്ഷ്യമിട്ടാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം.

 

2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഹർഷിത് ജെയിനിനെ യുഎഇ, ഇന്ത്യക്ക് കൈമാറി. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഇയാളെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്.

 

റഷ്യൻ സർവകലാശാലകളിൽ ഹിന്ദി ഭാഷാപഠനം വിപുലപ്പെടുത്തണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ, ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷിനേക്കാൾ കൂടുതൽ പേർ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ റഷ്യൻ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

ചെങ്കടലിലെ സമുദ്രാന്തര്‍ നെറ്റ്‌വര്‍ക്കിംഗ് കേബിള്‍ ശൃംഖല വിച്ഛേദിക്കപ്പെട്ടതോടെ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും വിവിധയിടങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം തടസപ്പെട്ടു. മൈക്രോ‌സോഫ്റ്റ് അസ്യൂര്‍ അടക്കമുള്ള സേവനങ്ങളില്‍ വേഗക്കുറവാണ് അനുഭവപ്പെടുന്നത്. ഹൂത്തികള്‍ നടത്തിയ ആക്രമണമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.

 

ഖലിസ്ഥാൻ ഭീകര സംഘടനകൾക്ക് രാജ്യത്ത് നിന്ന് പണം കിട്ടുന്നു എന്ന് സമ്മതിച്ച് കാനഡ. ബബ്ബർ ഖൽസ അടക്കം സംഘടനകൾക്ക് പണം കിട്ടുന്നു എന്ന് കനേഡിയൻ ധനമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്‍റെ പേരിലാണ് ധനശേഖരണം എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

 

ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിനിടെ കുടിയേറ്റക്കാർക്കെതിരെ നടപടികൾ കർശനമാക്കാൻ ചിക്കാഗോ. കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് നീക്കം. ഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് എതിരെ ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണും ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറും രംഗത്തെത്തി.

 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി. ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണമെന്നും ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും ബി സുദർശൻ റെഡ്ഡി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

 

ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തേ മുക്കാലിന് തുടങ്ങി രാത്രി വരെ നീണ്ട സൻസദ് കാര്യശാലയിൽ നരേന്ദ്രമോദി പങ്കെടുത്തു. ഏറ്റവും പിൻനിരയിൽ ഇരുന്നാണ് മോദി കാര്യശാലയിൽ പങ്കെടുത്തത്. സൻസദ് കാര്യശാല പോലുള്ള പരിപാടികൾ ബിജെപിയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും, ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കാനാണ് ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പരിശീലന പരിപാടിക്ക് പിന്നാലെ പ്രതികരിച്ചു.

 

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ദനായ മാര്‍ക്ക് സാന്‍ഡിരാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നുമാണ് സാന്‍ഡിയുടെ മുന്നറിയിപ്പ്.

 

തെക്കന്‍ ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പതിച്ചതോടെ വിമാനത്താവളത്തിന് പരിധിയിലുള്ള വ്യോമാതിര്‍ത്തി അടച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *