രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നിയമോപദേശം തേടി കോൺഗ്രസ്.
ഒരു ജനപ്രതിനിധി രാജി വച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്ത് നിലവിലുള്ള വ്യവസ്ഥ. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഇന്ന് രാജി വച്ചാല്‍ നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒൻപത് മാസം മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമപരമായി സാധ്യതയില്ല എന്നും സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ അറിയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാഗവും കോൺഗ്രസിനുള്ളിലുണ്ട്. രാജി വെക്കുകയാണെങ്കിൽ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ആവശ്യമായി വരുമെന്നതിലാണ് ആശങ്ക.
രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രാഹുലിന്‍റെ രാജി സാധ്യത തള്ളാതെയുള്ള പ്രതികരണമായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റേത്. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നെന്നും അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല ആലോചിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കുന്നതിന് മുൻപ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു. ഇത് കോൺഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നെന്നും ജെബി മേത്തർ എംപി പറഞ്ഞു.
രാജി ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു.രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകൻ്റെ ചോദ്യത്തിന് രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നിലപാട് വൈകില്ലെന്ന് കെ മുരളീധരന്‍. രാഹുലിനെതിരെ പരാതി ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജി വെച്ചു, തുടർനടപടി വേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതാണ് ഇതിനു ശേഷം വന്ന ശബ്ദ രേഖകൾ സ്ഥിതി കൂടുതൽ ഗൗരവം ഉള്ളതാക്കിയെന്നും ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണം, കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്‍റെ രാജി കേരളത്തിന്റെ പൊതുവികാരം ആയി സംരക്ഷണയിൽ വളർത്തിക്കൊണ്ടുവന്നവർക്കും ഉത്തരവാദിത്തമുണ്ട് ഏതെങ്കിലും ഒരു താത്കാലിക വേദന സംഹാരി കൊണ്ട് തീർക്കാവുന്ന കാര്യമല്ല ഇതെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണെന്നും ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് എംഎൽഎ. ഇത്രയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടും രാഹുൽ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നൽകിയിട്ടില്ല അതിനർത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേയെന്നും ഉമാ തോമസ് പ്രതികരിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും സ്ത്രീകളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്തുമെന്ന വാർത്തകളാണ് വരുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരായ ലൈംഗികാരോപണങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബി ജെ പി. മറ്റൊരു കോൺഗ്രസ് നേതാവിനെതിരെ കൂടി ലൈംഗികാരോപണം ഉയർന്നിരിക്കുന്നു എന്ന് ബി ജെ പിയുടെ ഒഫിഷ്യൽ എക്സ് പേജിൽ കുറിച്ചു. രാഹുൽ ഗാന്ധിക്കൊപ്പമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചിത്രം പങ്കുവച്ചാണ് ബി ജെ പിയുടെ പ്രചാരണം. രാഹുൽ ആൻഡ് രാഹുൽ എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്.
രാഹുല്‍ രാജിവെക്കണമെന്നും വ്യക്തികളുണ്ടാക്കുന്ന വിഴുപ്പലക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഇല്ലെന്നും ജോസഫ് വാഴയ്ക്കൻ. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകൾ തെറ്റാണെങ്കില്‍ രാഹുല്‍ അത് സമൂഹത്തിന് മുന്നില്‍ തെളിയിക്കണം. അല്ലെങ്കില്‍ പാര്‍ട്ടിയെ എങ്കിലും ബോധ്യപ്പെടുത്തണം. അത് ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ ഇതേറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യൂത്ത് കോണ്‍ഗ്രസിനും ഉത്തരവാദിത്തമില്ല എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാർ വരുമ്പോൾ അവരെ ഗർഭ കേസിലും പെണ്ണ് കേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നിങ്ങൾക്ക് നേരിടാൻ പറ്റുന്നതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സ്. ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ കരുതൽ പാലിക്കണമായിരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്‍റെ ഭാഗമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവർക്കെതിരെ കേസെടുക്കുകയും പോലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു, ശബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസര്‍ ആണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് പിവി അൻവര്‍.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പി കെ ശ്രീമതിയും പറഞ്ഞു. കെപിസിസിയും ഷാഫിയും ഇടപെട്ട് രാഹുലിനെ കൊണ്ട് രാജി വെപ്പിക്കണം പി കെ ശശിയെ സിപിഎംവെറുതെ വിട്ടില്ലല്ലോയെന്നും അവര്‍ ചോദിച്ചു.
ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിയിൽ പോലും അതിശക്തമായിട്ടും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധിച്ച് നിൽക്കുന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ഒറ്റ വരിയുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാഫി പറമ്പിലിനെതിരെ കൂടിയാണ് ശിവൻകുട്ടിയുടെ പ്രഹരം. ‘പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!’ – എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
രാഹുലിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ആരോപണം ഉയർന്നതിന് പിന്നാലെ ഒരു നടപടി എടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ടുണ്ടാകും. ബിജെപിക്ക് വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ഒരർഹതയും ഇല്ലെന്നാണ് ഷമ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വടകര എംപി ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ പ്രകോപനവുമായി സിപിഎം എത്തിയാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എം ആര്‍ അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങൾ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിൽനിൽക്കില്ലെന്നുമാണ് അജിത്കുമാറിന്‍റെ വാദം.
സപ്ലൈകോ ഓണം ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ നിർവഹിക്കും.ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഡിഐജി അജിതാ ബീഗത്തിനു പരാതിയുമായി വനിതാ എസ്ഐമാർ. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതി.
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷെർഷാദിനെതിരെ നിയമ നടപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ലണ്ടനിലെ മലയാളി രാജേഷ് കൃഷ്ണ തോമസ് ഐസകിന്‍റെ ബെനാമി ആണെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി.ഉപരാഷ്ട്രപതി പദം രാഷ്ട്രീയപദവിയല്ലെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ പദവിയാണ് അതുകൊണ്ടാണ് ഞാൻ മത്സരിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമല്ല, ചേരാനുമില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് പറയുന്നത് ജനാധിപത്യവുമായി ബന്ധം ഇല്ല എന്ന് പറയുന്നത് പോലെയാണ്. ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടിയാണ് തന്‍റെ പോരാട്ടം എന്നാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പ്രതികരിച്ചത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമുദ്രോത്പന്നങ്ങൾ കയറ്റുമതിയിലൂടെ ഇന്ത്യക്ക് ലഭിച്ചത് 60000 കോടിയിലധികം രൂപയെന്ന് കണക്ക്. ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയിലെ പ്രധാന ഇനം. അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയർമാൻ അറിയിച്ചു.
വാട്‌സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തള്ളി ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍. പത്തനംതിട്ട മുന്‍ എസ്പി ആയിരുന്ന വി.ജി. വിനോദ് കുമാറിനെതിരെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. വിഷയത്തില്‍ അന്വേഷണം നടത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമയെ കോടതി വിസ്തരിച്ചു. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. ശബരിനാഥിൻ്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമിച്ചത്. അഭിനയിച്ചതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയിൽ മൊഴി നൽകി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീറിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും പ്രളയസമാന സാഹചര്യമാണ്. കത്വയിൽ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് നിരവധികുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഇസ്രൊയുടെ നിര്‍ണായക ഇന്‍റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് പൂര്‍ത്തിയായി. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ വച്ചായിരുന്നു ഐഎസ്ആര്‍ഒയുടെ പരീക്ഷണം. ചീനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ ആണ് ഈ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിയത്.
ബഹിരാകാശ മേഖലയിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ സാങ്കേതികവിദ്യകൾ ഇന്ന് ഭരണനിർവഹണത്തിലും പ്രധാന പങ്കുവഹിക്കുന്നു എന്ന് മോദി ചൂണ്ടികാട്ടി. ലോകം ഉറ്റുനോക്കുന്ന വലിയ നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ന് രാജ്യം കൈവരിക്കുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ദില്ലി ഭാരത് മണ്ഡപത്തിൽ നടന്ന രണ്ടാമത് ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടിയിൽ വിർച്വലായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റിലായ കർണാടക കോൺഗ്രസ് എംഎൽഎ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് കണ്ടെത്തൽ. കെ. സി. വീരേന്ദ്ര പപ്പി ഫെമ ചട്ടം ലംഘിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. എംഎൽഎക്ക് ഗോവയിലും സിക്കിമിലും ചൂതാട്ട കേന്ദ്രങ്ങളുണ്ടെന്നും അനധികൃത ബെറ്റിങ് ആപ്പുകൾ നിയന്ത്രിച്ചിരുന്നത് ദുബായിൽ നിന്നാണെന്നും ഇ ഡി പറയുന്നു.
കിഴക്കൻ ലഡാക്കിലെ ന്യോമയിൽ പുതുതായി നിർമ്മിച്ച മുദ് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അതിർത്തിയിൽ (എൽഎസി) നിന്ന് 30 കിലോമീറ്ററും ലേയിൽ നിന്ന് 200 കിലോമീറ്ററും അകലെ സമുദ്ര നിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിലാണ് ന്യോമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.
റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. റെസ്റ്റോറന്റുകളിലെ ആകര്‍ഷകമായ അന്തരീക്ഷത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഉയര്‍ന്ന വില ഈടാക്കുന്നതെന്ന് പറയുന്ന റെസ്റ്റോറന്റ് അസോസിയേഷനുകളോടാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം ഉന്നയിച്ചത്. സിംഗിള്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിച്ച ഹോട്ടല്‍, റെസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭിഭാഷകരോടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ധർമസ്ഥല കേസസുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തലെന്ന നിലയിൽ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യം അയാൾക്ക് തന്നെ കുരുക്കായി. തൻ്റെ മൊഴികൾക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലും ഗുരുതരമായി. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാൽ ഫോറൻസിക് പരിശോധനയിൽ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി.വിശദമായി ചോദ്യം ചെയ്തപ്പോൾ തലയോട്ടി താൻ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിച്ചു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ അവർക്ക് പദവി നഷ്ടമാകുന്ന പുതിയ ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. ജെപിസി നടപടികളോട് സഹകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസും, സമാജ് വാദി പാർട്ടിയും നിലപാടെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയുമാണിത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കും.
ഫ്ലോറിഡ ഹൈവേയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് കോടതി ജാമ്യം നിഷേധിച്ചു. ഓഗസ്റ്റ് 12 ന് ഫോർട്ട് പിയേഴ്‌സിൽ അപകടത്തിന് കാരണമായ, ട്രാഫിക് നിയമം തെറ്റിച്ച് യു ടേൺ എടുത്ത സംഭവത്തിലാണ് 28 കാരനായ ഹർജീന്ദർ സിംഗിന് ജാമ്യം നിഷേധിച്ചത്.
സംസ്ഥാനത്തുടനീളമുള്ള പ്രധാന ടോൾ പ്ലാസകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ടോൾ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ തീരുമാനമെടുത്തു . അടൽ സേതു, പൂനെ എക്സ്പ്രസ് വേ, സമൃദ്ധി മഹാമാർഗ് എന്നിവിടങ്ങളിൽ ഇലക്ട്രിക് ഫോർ വീലർ പാസഞ്ചർ വാഹനങ്ങൾക്കും ഇ-ബസുകൾക്കും ടോൾ ഫ്രീ യാത്ര അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
യു.എസ്. മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിൽ നിന്ന് യുക്രെയ്നെ പെൻ്റഗൺ തടയുന്നതായി റിപ്പോർട്ട്. യുക്രെയ്‌നിന് നൽകിയ ദീർഘദൂര ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റംസ് റഷ്യക്കകത്തുള്ള സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഉപയോഗിക്കുന്നതിനാണ് യു.എസ്. രഹസ്യമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും യുക്രെയ്ൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇത് തടസ്സമാകുന്നുവെന്നാണ് റിപ്പോർട്ട്.
അനധികൃത സ്വര്‍ണ ഖനനത്തിലൂടെയും കള്ളക്കടത്തിലൂടെയും ആഗോള ഖനന മാഫിയയായി ചൈനീസ് ഗ്രൂപ്പുകള്‍ വളരുന്നതായി റിപ്പോര്‍ട്ട്. 15-ഓളം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഖനന രീതികളെ വന്‍കിട ബിസിനസുകളാക്കി മാറ്റുന്ന ചൈനീസ് സിന്‍ഡിക്കേറ്റുകള്‍, അഴിമതി, പരിസ്ഥിതി നാശം, എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.