മുഖ്യ തെരഞ്ഞെടുപ്പ് കമമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാൻ ഇംപീച്ച്മെൻറ് നോട്ടീസ് നല്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോർച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ. വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെയാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ല. ഷെർഷാദ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ കത്ത് പങ്കുവെച്ചിരുന്നു. തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. താനിപ്പോഴും സിപിഎം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തിൽ പ്രതികരണവുമായി ഷെർഷാദിൻ്റെ മുൻ ഭാര്യ രത്തീന. ഷെർഷാദിൻ്റെ വാദങ്ങൾ തള്ളിയാണ് മുൻ ഭാര്യയുടെ പ്രതികരണം. ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതാണെന്നും എംവി ഗോവിന്ദനും മകനുമായി തനിക്ക് പരിചയം ഇല്ലെന്നും രത്തീന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോഴാണ്. തോമസ് ഐസക് ഇടപെട്ട് സാവകാശം നൽകിയിട്ടും ഷെർഷാദ് പണം അടക്കാതെ മുങ്ങിയെന്നും രതീന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സിപിഎം കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ ആളെ എല്ലാവർക്കും അറിയാം. മദ്രാസിൽ ഒരു കമ്പനി ഉണ്ടാക്കി അതിലേക്ക് പണം സമാഹരിക്കുകയായിരുന്നു. ഹവാലയും റിവേഴ്സ് ഹവാലയും ഉണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.
സിപിഎമ്മിലെ പരാതിക്കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് മാറി എം ബി രാജേഷ്. നാല് കൊല്ലമായി വാട്സപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദുവും തോമസ് ഐസക്കും. തലശ്ശേരിയിലെ വ്യവസായിയുടെ വെളിപ്പെടുത്തൽ എല്ലാം അസംബന്ധമാണെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വിവാദ കത്ത് ചോർന്നു കിട്ടി എന്നാണ് പറയുന്നത്. ആരോപണം ഉന്നയിച്ച ആൾ തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ് ബുക്കിൽ ഇട്ട കത്ത് അല്ലെ അത്. അതെങ്ങനെ രഹസ്യ രേഖയാകും. രാജേഷ് കൃഷ്ണയെ അറിയാം, വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപടം അടിച്ച് പൊട്ടിയ സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടിയുണ്ടായേക്കും. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഉണ്ണിത്താൻ വധശ്രമക്കേസിൽ കേസിലെ മുൻ പ്രത്രിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അബ്ദുൾ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികൾ രംഗത്ത്. കേസിന് ഹാജരാകുമ്പോൾ പ്രതികളെയും സാക്ഷികളെയും അബ്ദുൾ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി. ഇപ്പോൾ അഭിഭാഷകനായ അബ്ദുൾ റഷീദ് കേസ് പരിഗണിക്കുമ്പോൾ നിരന്തരം കോടതിയിലെത്തുവെന്ന് പ്രതികളുടെ പരാതിയിൽ പറയുന്നു.
കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയിൽ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്ഷൻ പ്ലാൻ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനൻസ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി.
ശക്തമായ മഴ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ സ്കൂളുകൾ, അങ്കണവാടി, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കാണ് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ അബ്ദുല്ല മൗലവി ബാഖവിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം 2 മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റെയിൽവേയും സത്വര നടപടികൾ സ്വീകരിക്കണം. ജില്ലാ കളക്ടർ നിർമ്മാണ പുരോഗതി നിരീക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 30 ന് (ശനിയാഴ്ച) ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
പത്തനാപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുകൽ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് ആയിരുന്നു മരിച്ച ടോണി. ടോണി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
തിമിംഗല ഛർദി എന്നറിയപ്പെടുന്ന ആമ്പർ ഗ്രീസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പുറക്കൽ വീട്ടിൽ ജിനീഷ് (39), അഞ്ച്തൈക്കൽ വീട്ടിൽ സൗമിത്രൻ(38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2 കോടി രൂപയിലേറെ മൂല്യം വരുന്ന 1.2 കിലോ ആമ്പർഗ്രീസ് പിടിച്ചെടുത്തു. വില പറഞ്ഞുറപ്പിച്ച് വിൽപ്പനക്കായി കൊണ്ടുപോകും വഴിയാണ് ഇവരെ പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനത്തിലും വിവാദം. പരിപാടിയിൽ റജിസ്ട്രാറായി പങ്കെടുക്കുക ഡോ കെ എസ് അനിൽകുമാർ. ഇദ്ദേഹത്തിൻ്റെ പേരാണ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയത്. വിസി മോഹനൻ കുന്നുമ്മലിനും പരിപാടിയിലേക്ക് ക്ഷണമുണ്ട്. റജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനെ പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമില്ലെന്നാണ് വിവരം.
ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ സ്വാതന്ത്ര്യ പോരാളികളാണെന്ന് ഗൗതം അദാനി. ഐഐടി ഖരഗ്‌പൂറിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ യുദ്ധരീതികൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധികാര യുദ്ധങ്ങളിലേക്ക് മാറുകയാണെന്നും ഇതിനായുള്ള തയ്യാറെടുപ്പിൽ നമ്മുടെ ഇപ്പോഴത്തെ കഴിവ് നാളത്തെ നമ്മുടെ ഭാവി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി മലയാളി അത്ലറ്റ്. ട്രിപ്പിൾ ജംപ് താരം ഷീന എൻ.വിക്ക് നാഡയുടെ സസ്പെൻഷൻ. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷൻ കപ്പിലും മെഡൽ നേടിയിരുന്നു. പരിശീലകന്റെ പിഴവ് എന്ന് ഷീനയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അസമിലെ ദിമാ ഹസാവോ ജില്ലയിൽ മഹാബലയെന്ന സ്വകാര്യ സിമന്റ് കമ്പനിക്ക് 3,000 ബിഗാ ആദിവാസി ഭൂമി, ഖനന പ്രവർത്തനങ്ങൾക്കായി അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ ഗുവാഹത്തി ഹൈക്കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് സർക്കാർ കമ്പനിക്ക് ഇത്രയും വലിയ അളവിൽ ഭൂമി അനുവദിച്ചതെന്ന് ചോദിച്ച കോടതി, സർക്കാർ നടപടി ന്യായീകരിക്കാൻ ശ്രമിച്ച കമ്പനിയുടെ അഭിഭാഷകയോട് പൊതുതാത്പര്യമാണ് കോടതിക്ക് പ്രധാനമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
ധർമ്മസ്ഥലയിൽ സമ്മർദത്തിന് വഴങ്ങി കര്‍ണാടക സർക്കാർ. ഭൂമി കുഴിച്ചുള്ള പരിശോധന തല്‍ക്കാലം നിർത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഫൊറൻസിക് ഫലം കാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമാകും തുടർ നടപടികൾ. നിയമസഭയിലാണ് സർക്കാർ നിലപാട് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. തുടരന്വേഷണത്തിൽ അന്തിമ തീരുമാനം എസ്ഐടിക്ക് എടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.
മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതിനാൽ സ്കൂളുകളും കോളേജുകളും അടച്ചു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നഗരത്തിലടക്കം വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈ നഗരത്തിൽ 54 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.
ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാർക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചർച്ചയ്ക്കിടെ പ്രതിപക്ഷം ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ കടുത്ത നിരസത്തോടെയാണ് മന്ത്രി ജിതേന്ദ്ര സിംഗ് വിമർശിച്ചത്. സർക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിർപ്പ് കാണിക്കാം, പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിർപ്പെന്ന് ജിതേന്ദ്ര സിംഗ് ചോദിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. പരാതിക്കാരന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ എന്ത് നടപടിയെടുത്തു എന്ന് കോടതി ചോദിച്ചു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.
ഫ്ലോറിഡയിലെ ടേൺപൈക്കിൽ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് നേരെ വ്യാപക വംശീയ അധിക്ഷേപം. സെന്റ് ലൂസി കൗണ്ടിയിൽ, ടേൺപൈക്കിന്റെ വടക്ക് ദിശയിലുള്ള ലെയ്‌നിലാണ് അപകടം നടന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. അലാസ്കയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രസിഡന്റ് പുടിൻ മോദിയുമായി പങ്കുവെച്ചതായാണ് വിവരം. വിവരങ്ങൾ കൈമാറിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു. നയതന്ത്രത്തെയും ചർച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.
അമേരിക്ക ഇന്ത്യ-പാകിസ്ഥാൻ സാഹചര്യം ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ആണവ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം അദ്ദേഹം ആവർത്തിച്ചു. വെടിനിർത്തൽ കരാർ എപ്പോൾ വേണമെങ്കിലും തെറ്റിക്കപ്പെടുമെന്നും അത് നിലനിർത്തുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കടുത്ത ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിക്ക് നേട്ടം ലഭിക്കാനായി പിന്നാക്കവിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.