വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ട് ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നതെന്നും കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും കമ്മീഷന് പക്ഷമില്ല എന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്, വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട് രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു. ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്നും കമ്മീഷന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി.. ബിഹാറിലെ സസാറമില്‍ നിന്നും തുടങ്ങിയ യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്രയിൽ ചേർത്തു ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല കള്ള വോട്ടുകൾകൊണ്ടാണ് ബി ജെ പി ജയിക്കുന്നത് സിസിടിവി ദൃശ്യങ്ങൾങ്ങളോ,മറ്റ് ഡിജിറ്റൽ തെളിവുകളോ കമ്മീഷൻ നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൽ പരാതി ചോർച്ചാ വിവാദം. പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകി. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.
പാർട്ടിയെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ചല്ല താൻ പരാതി നൽകിയതെന്ന് സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട പരാതിക്കാരൻ വ്യവസായി മുഹമ്മദ് ഷെർഷാദ്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദൻ്റെ മകനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. എംബി രാജേഷ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ തുടങ്ങി സിപിഎമ്മിൻ്റെ മുൻനിര നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്നും കമ്മീഷൻ വ്യാപകമായി പേരുകൾ നീക്കം ചെയ്തതെന്നും താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും സിപിഎമ്മിന്‍റെ ആരും കാണാത്ത മുഖമാണ് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചെന്നൈ വ്യവസായി കൊടുത്ത കത്ത് കോടതിയിലെത്തിയതോടെ ഔദ്യോഗിക രേഖയായി മാറിയെന്നും ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കത്തിലുള്ളതെന്നും ഈ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി മൂടിവെച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടര്‍ പട്ടിക ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടതെന്ന് മന്ത്രി പി രാജീവ്. ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷന്റെ നിലപാട് ശരിയല്ല. ആക്ഷേപങ്ങൾ സുപ്രീംകോടതി പരിശോധിക്കുകയാണ്. കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു.
വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചില വാനരന്മാര്‍ ഇവിടെ നിന്ന് ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു.
സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയിൽ നോക്കിയുള്ളതാണെന്നും അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി അനധികൃതമായി ചേർത്ത വോട്ടുകളെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്, ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടർമാരെയും ജനങ്ങളെയും അവഹേളിച്ചു തെറ്റ് പറ്റിയപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടി നൽകിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് താൻ ചെയ്ത കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുതേണ്ടെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗ ടി.എൻ. പ്രതാപൻ . തൃശൂരിൽ വോട്ട് ചേർത്തത് സാധാരണ വോട്ടർമാർ താമസം മാറുമ്പോൾ ചെയ്യുന്നതുപോലെയല്ലെന്നും, ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന് പിന്നിൽ എന്താണെന്ന് കണ്ടെത്തണം, ധാർമിക ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയെങ്കിൽ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ചിങ്ങപ്പുലരിയിൽ സംസ്ഥാനമെങ്ങും വിവിധ കർഷക സംഘടനകളുടെ പ്രതിഷേധം നടന്നു. വയനാട്ടിലെ നെൽകർഷകർ ചിങ്ങം ഒന്ന് യാചകദിനമാക്കിയപ്പോൾ, പാലക്കാട് കെട്ടുതാലി പണയംവെച്ചുകൊണ്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം. കർഷകരോടുള്ള അവഗണനയ്ക്കെതിരെ കുട്ടനാട്ടിൽ കത്തോലിക്ക കോൺഗ്രസും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പൊലീസ് , ശാസ്ത്രജ്ഞർ ഉൾപ്പെടെ ഒരുപാട് പേർ തനിക്ക് സുഹൃത്തുക്കളായി ഉണ്ടെന്നും തന്റെ പ്രസംഗത്തിൽ പറഞ്ഞ പോലീസിനെ മാത്രം തിരഞ്ഞാൽ മതിയോ ആഭ്യന്തരമന്ത്രിയെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ചോദിച്ചു. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചതെന്ന് ശോഭ സുരേന്ദ്രൻ പ്രസംഗിച്ചിരുന്നു.
2019ൽ ആറ്റിങ്ങലിൽ നടന്ന വോട്ടര്‍ പട്ടിക ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും രാഹുൽ ഗാന്ധി ഇക്കാര്യങ്ങള്‍ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു. ജനാധിപത്യത്തെ എങ്ങനെ തകർക്കാമെന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയില്‍ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കാർഷികമേഖലയിൽ കേരളം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയതലത്തിൽ കാർഷികമേഖല 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, കേരളം 4.65 ശതമാനം വളർച്ച നേടിയതായി അദ്ദേഹം പറഞ്ഞു. കർഷക ദിനാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഒൻപത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കക്കി, മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട് ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസമായെന്നും പരാതിക്കാരന്‍റെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നത് കൊണ്ടാണ് അന്വേഷണം നീട്ടുന്നതെന്നും ഈ ബിനാമി ഇടപാടിൽ ദിവ്യ എന്ന ചെറിയ മീൻ മാത്രമല്ല ഉള്ളത്, നീതി തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട് എന്നും മുഹമ്മദ് ഷമ്മാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാനരർ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മുൻ എംപി ടിഎന്‍ പ്രതാപന്‍. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയാണ് സുരേഷ് ഗോപി. ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ ആണെന്ന് സ്ഥിരീകരിച്ചു.
താമരശ്ശേരി 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ സ്കൂളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനത്തിൽ ആരോഗ്യവകുപ്പ്. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എൽപി സ്കൂളിൽ ആരോഗ്യവകുപ്പ് നാളെ ബോധവൽക്കരണ ക്ലാസ് നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക.
അറബിക് കോളേജ് യുയുസി മാരെ വെച്ചാണ് എംഎസ്എഫ് കാലിക്കറ്റ് സർവകലാശാല പിടിച്ചതെന്ന എസ്എഫ്ഐ പരിഹാസത്തോട് പ്രതികരിച്ച് എംഎസ്എഫ്. ഈ പ്രതികരണത്തിലൂടെ പുറത്തു വരുന്നത് എസ് എഫ് ഐ നേതാക്കളുടെ ഉള്ളിലെ വർഗീയ, വംശീയ വെറിയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് പറഞ്ഞു. എസ്എഫ്ഐ കുത്തകകളാക്കി വെച്ചിരുന്ന മലബാറിലെ സർക്കാർ കോളേജുകളിൽ നിന്നാണ് എംഎസ്എഫ് ജയിച്ചു വരുന്നത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആണ് എസ്എഫ്ഐ നേതാക്കാൾ ഇപ്പോൾ വർഗീയ കാർഡ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് തോരായിക്കടവ് പാലം നിർമാണത്തിനിടെ തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി. കോൺക്രീറ്റ് പമ്പിൽ തടസം നേരിട്ടപ്പോൾ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു ഈ സമ്മർദം താങ്ങാനാകാതെയാണ് ഗർഡർ തകർന്നതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (KRFB) പ്രൊജക്റ്റ് ഡയറക്ടർക്ക് പിഎംആർ കമ്പനി വിശദീകരണം നൽകി.
താരസംഘടനയായ ‘അമ്മ’യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ സ്‌പിൽവെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് സംഭവം.
തകർന്നടിഞ്ഞ അത്താണി – പൂമല റോഡിലെ ദുരിത യാത്രയിൽ പ്രതിഷേധവുമായി നാട്ടുകാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോലം തകർന്ന റോഡിലെ കുഴിയിൽ മൂടിയായിരുന്നു ജനകീയ പ്രതിഷേധം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പൂമല ഡാമിലേക്കുള്ള പാതയിലാണ് വഴി തടഞ്ഞ് വേറിട്ട സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്.
യെമെനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകളെ സംബന്ധിച്ചും പുരോഗതിയെക്കുറിച്ചും കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി പിടിയിൽ. അഞ്ച് പേർക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജിൽ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൌത്യം പൂർത്തിയാക്കി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂലൈ 15 ന് തിരികെ എത്തി.
മധ്യപ്രദേശിലെ 71 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ ഭോപ്പാൽ, ഇൻഡോർ, ഉജ്ജൈൻ, ബുർഹാൻപുർ തുടങ്ങി വിവിധ ജില്ലകളിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. നിരവധി പേർ രാജിവെക്കുകയും നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ബുർഹാൻപുരിൽ നേതാക്കൾ രഹസ്യ യോഗം ചേർന്നതായും വിവരമുണ്ട്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകനും മുൻ മന്ത്രിയുമായ ജയ്‌വർധൻ സിങിനെ തരംതാഴ്ത്തിയെന്ന് ആരോപിച്ചാണ് പ്രധാന പ്രതിഷേധം നടന്നത്.
ജമ്മു കശ്മീരിലെ രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിൽ മേഘവിസ്ഫോടനം. കത്വയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചു, 6 പേർക്ക് പരിക്കേറ്റു. മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. അതോടൊപ്പം കിഷ്ത്വാറിലുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്.
പാക്കിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരായ കുറ്റപത്രം നാളെ കോടതി പരിഗണിക്കും. പാക്കിസ്ഥാൻ എംബസിയിലെ ഉദ്യോഗസ്ഥൻ കൂടാതെ മൂന്ന് ഐ എസ് ഐ ഏജൻറ്മാരുമായി ജ്യോതിക്ക് ബന്ധമെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തൽ. പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മൂന്ന് രാജ്യങ്ങൾ ജ്യോതി സന്ദർശിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
താൻ അമേരിക്കൻ പ്രസിഡന്റായി തുടരുന്നിടത്തോളം കാലം തായ്‌വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഉറപ്പ് നൽകിയതായി ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉറപ്പ് നല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.
സിപി രാധാകൃഷ്ണൻ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവാണ്. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
ആന്ധ്ര പ്രദേശിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘സ്ത്രീ ശക്തി’ വൻ വിജയം. ഈ പദ്ധതി പ്രകാരം 30 മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിലധികം വനിതാ യാത്രക്കാർ സൗജന്യ യാത്ര നടത്തി. സംസ്ഥാന സർക്കാരിന്‍റെ സൂപ്പർ സിക്സ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബ്രൂക്ക്ലിനിലെ ക്രൗൺ ഹൈറ്റ്സ് പ്രദേശത്തുള്ള ‘ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്’ എന്ന ക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3:30-ന് ശേഷമാണ് സംഭവം. ഒരു തർക്കത്തെ തുടർന്ന് ഒന്നിലധികം തോക്കുകൾ ഉപയോഗിച്ച് അക്രമികൾ വെടിയുതിർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാന്‍റെ ഭൂമിക്കടിയിൽ ‘അപൂർവ്വ നിധി’യുണ്ടെന്നും അത് ഉപയോഗിച്ച് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും പാക് സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്‍റെ ധാതുശേഖരം ഉപയോഗപ്പെടുത്തുമെന്നാണ് അസിം മുനീറിന്‍റെ അവകാശവാദം. ഇസ്ലാമാബാദിന്‍റെ ഖജനാവ് നിറയ്ക്കാൻ യുഎസുമായി ചേർന്നുള്ള ഖനന പദ്ധതിയിലൂടെ കഴിയുമെന്നാണ് അസിം മുനീർ പറയുന്നത്.
പാകിസ്ഥാന്‍റെ ഭൂമിക്കടിയിൽ ‘അപൂർവ്വ നിധി’യുണ്ടെന്നും അത് ഉപയോഗിച്ച് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും പാക് സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്‍റെ ധാതുശേഖരം ഉപയോഗപ്പെടുത്തുമെന്നാണ് അസിം മുനീറിന്‍റെ അവകാശവാദം. ഇസ്ലാമാബാദിന്‍റെ ഖജനാവ് നിറയ്ക്കാൻ യുഎസുമായി ചേർന്നുള്ള ഖനന പദ്ധതിയിലൂടെ കഴിയുമെന്നാണ് അസിം മുനീർ പറയുന്നത്.