ഗവര്‍ണറുടെ വിഭജന ദിനാചരണ സര്‍ക്കുലര്‍ കേരളത്തിൽ നടപ്പാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്‍റെ മതേതര സമൂഹത്തിലേക്ക് വിഭജന രാഷ്ട്രീയം കലർത്താനുള്ള ശ്രമത്തിൽ നിന്ന് ഗവര്‍ണര്‍ പിന്മാറണം. സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.
വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ ആശയക്കുഴപ്പം. തുടർന്ന് പുതിയ സർക്കുലർ പുറത്തിറക്കി. പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളേജുകൾക്ക് തീരുമാനിക്കാം എന്നുള്ളതാണ് പുതിയ സർക്കുലറിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇത് കോളേജ് വികസന സമിതി ഡയറക്ടർ കോളേജുകൾക്ക് അയക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് പള്ളികൾ കയറിയിറങ്ങിയവര്‍ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇതെല്ലാം ക്രൈസ്തവ സമൂഹം കാണുന്നുണ്ടെന്നും ക്രൈസ്തവര്‍ അക്രമിക്കപ്പെടുമ്പോൾ ഉള്ള സുരേഷ് ഗോപിയുടെ മൗനം സഭാ അധ്യക്ഷൻമാർ ശ്രദ്ധിക്കുന്നുണ്ടാവും.വളരെ പ്രാധാന്യമുള്ള സമയത്തെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകണം എന്നാണ് മന്ത്രി പറഞ്ഞത്.ചരിത്രത്തില്ലാത്ത വിധത്തില്‍ സ്വാതന്ത്ര്യ ദിനം വിഭജന ഭീതി ദിനമായി ആചരിപ്പിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്നും മന്ത്രി പ്രതികരിച്ചു.
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. മാര്‍ച്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ‍് വെച്ച് തടഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.
തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ പ്രകടനം. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെയാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തുന്നത്. സിപിഎം ഓഫീസിന് മുന്നിലേക്ക് പന്തം കൊളുത്തി എത്തിയ ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്.
വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദിയിൽ ആരോഗ്യ മന്ത്രിയും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സനും തമ്മിൽ തർക്കം. മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്പോര് നടന്നത്. 2016 ൽ തന്നെ മഞ്ചേരി ജനറൽ ആശുപത്രി നഗരസഭയ്ക്ക് കൈമാറിയതിന് ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവിന്‍റെ പകര്‍പ്പും മന്ത്രി ഉയര്‍ത്തി കാണിച്ചു.
ഡെപ്യൂട്ടി മേയർ ആദ്യം ഉദ്ഘാടനം ചെയ്ത തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു. വാഹനം ഇടിച്ചാണ് തകർത്തത്. ശേഷം ഫലകം അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇന്ന് അഞ്ച് മണിയോടെ ആയിരുന്നു ഡെപ്യൂട്ടി മേയർ ആദ്യം ഉദ്ഘാടനം നിർവഹിച്ച തൃശ്ശൂർ അരിസ്റ്റോ റോഡ് മന്ത്രി ആര്‍ ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്തത്.
മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും 6500 ലിറ്റര്‍ എണ്ണയാണ് പിടിച്ചെടുത്തത്.ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എണ്ണ എത്തിച്ചത്. കുപ്പികളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചപ്പോഴാണ് പിടികൂടിയത്.
കോടഞ്ചേരി സെന്‍റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്.കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മര്‍ദനം എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതായി സ്കൂൾ അധികൃതര്‍ അറിയിച്ചു.
റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറാഞ്ചേരി പെട്രോൾ പമ്പിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്നാണ് നിഗമനം.
ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. “ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു” എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിന്‍റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
സമ്മേളനത്തിനു മുമ്പ് വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാർട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനർ ജാഥയാണ് റദ്ദാക്കിയത്. വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയിൽ നടപടി.
കൊടുവള്ളി മേൽപ്പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂർണ്ണമായും വഹിച്ചത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 36.37 കോടിയുടെ പദ്ധതിയിൽ നിർമ്മാണത്തിനായി 10.06 കോടി രൂപ സംസ്ഥാന സർക്കാരും അത്ര തന്നെ തുക റെയിൽവേയുമാണ് ചെലവഴിച്ചത്. കൊടുവള്ളി മേൽപ്പാലത്തിനായി സംസ്ഥാനം ആകെ ചെലവഴിച്ചത് 26.31 കോടി രൂപയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വോട്ടര്‍ പട്ടികയിലെ വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണയുമായി കേരളത്തിലെ എഴുത്തുകാര്‍. രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവന എഴുത്തുകാര്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ ഉത്തരവാദിത്തങ്ങൾ മറക്കുന്നെന്നും. രാഹുൽ ഗാന്ധിയെ ഉപാധികളില്ലാതെ പിന്തുണക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.
കുവൈത്തിൽ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം താമസകാര്യ അന്വേഷണ വിഭാഗം രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വലിയ സുരക്ഷാ പരിശോധന നടത്തി. നിയമം നടപ്പാക്കുകയും ക്രമസമാധാനം നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.പരിശോധനയിൽ താമസ നിയമം ലംഘിച്ചവരും പിടികിട്ടാപ്പുള്ളികളുമായ 178 പേരെ അറസ്റ്റ് ചെയ്തു.
ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ശരിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാർ കാർഡിൽ പരിശോധന വേണ്ടിവരുമെന്നും വാക്കാൽ നിർദേശിച്ചു. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന അതിന് ആവശ്യമാണെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ എന്‍ഐഎ അന്വേഷണവുമായി കുടുംബം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ ചെയ്തത് മതപരിവർത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു
കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിൻ ഗതാഗതത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നിലമ്പൂർ എക്സ്പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി.
കേരളത്തിലെയടക്കം ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പിഎസി അധ്യക്ഷൻ കെസി വേണുഗോപാൽ എംപി പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. പിഎസി പഠനം ഇനിയും തുടരുമെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നതടക്കമുള്ള ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം എസ് സി കപ്പൽ ഉടമകൾക്ക് തിരിച്ചടി. എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ട് ഉടമകൾ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ഹൈക്കോടതി നടപടി.
സംസ്ഥാനത്ത് കാലവർഷം ഈ മാസം 15-16ന് ശേഷം വീണ്ടും സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിലവിൽ കാലവർഷം ഹിമാലയൻ മേഖലയിൽ സജീവമായി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിനു മുന്നോടിയയുള്ള ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടി മിന്നലും മഴയും തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഗാസയിൽ പലസ്തീൻ കുട്ടികൾ പട്ടിണിമൂലം മരിക്കുന്നതായുള്ള ആശങ്ക വ്യാപകമാവുന്നതിനിടെ മാർപ്പാപ്പയോട് ഗാസ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ്പ് ഗായിക മഡോണ. ഒരുപാട് വൈകും മുൻപ് ഗാസ സന്ദർശിക്കണം. ഒരു അമ്മയെന്ന നിലയിൽ ഗാസയിലെ കുട്ടികൾ അനുഭവിക്കുന്ന പീഡനം കണ്ടുനിൽക്കാൻ കഴിയുന്നില്ല.പട്ടിണി മൂലം പിഞ്ചുമക്കൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടാനുള്ള ശ്രമങ്ങൾ മാത്രമാണ് താൻ നടത്തുന്നതെന്നും മഡോണ വിശദമാക്കുന്നു.
ഗാൽവാൻ സംഘർഷത്തെ തുടർന്ന് തകർന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചതായാണ് റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇരുരാജ്യങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയും ഇന്ത്യയും വീണ്ടും അടുക്കുന്നത്.