തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾക്കും അപേക്ഷ നൽകാനുളള തീയതി നീട്ടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് തീരുമാനമെടുക്കും. നിലവിൽ നാളെയാണ് അപേക്ഷിക്കാനുളള അവസാന തീയതി. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് കോൺഗ്രസും സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി വരുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളിൽ അടക്കം മാറ്റം വരുത്തുന്നതാകും ഓർഡിനൻസ്. യു ജി സി നിർദേശവും സുപ്രീം കോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം.
തൊഴിലാളികൾക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഈ വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനിൽക്കുന്നുണ്ടെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് ഭീതിതമായ സാഹചര്യമാണെന്നും കന്യാസ്ത്രീകളുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബു എന്ന വിദ്യാര്‍ത്ഥിയാണ് യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയാണ് ലഭിച്ചത്. വലിയ നാടകീയ രംഗങ്ങൾക്കാണ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് 11കാരനെ പൊളളലേൽപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അയൽവാസിയായ കുട്ടിയുടെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഇക്കാര്യം മറച്ചുവെച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. 2014 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കേരള ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി, കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ട്രോഫി പര്യടനത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി ആലപ്പുഴ. ചൊവ്വാഴ്ച ജില്ലയില്‍ പ്രവേശിച്ച ട്രോഫി ടൂര്‍ പര്യടന വാഹനത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് കായിക പ്രേമികള്‍ നല്‍കിയത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം ജില്ലയിലെ പ്രമുഖ കലാലയങ്ങളിലും പൊതു ഇടങ്ങളിലും എത്തും.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യമിട്ട് പുനര്‍ഗേഹം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ മുട്ടത്തറയില്‍ നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ ദാനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വലിയ പ്രൊജക്ടാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പള്ളിപ്പുറം തിരോധാന കേസില്‍ സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഇവരുടെ കോഴിഫാമിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്‍റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്‍റെ ഭാഗത്തും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് റോസമ്മയുടെ വീടിന്‍റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം.
ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 16കാരനെ ക്രൂരമായി മർദിച്ച് സഹപാഠികളായ പ്ലസ് വൺ വിദ്യാർത്ഥികൾ. തൃശൂർ കാരമുക്ക് എസ്.എൻ.ജി. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് സഹപാഠിയെ മർദിച്ചത്. സംഘം ചേർന്നായിരുന്നു ക്രൂരമർദനം. പതിനാറുകാരനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് മുക്കം പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടും. മുക്കം നഗരസഭ ഭരണസമിതി യോഗത്തിന്‍റേതാണ് തീരുമാനം. നിലവിൽ നൽകിയ ലൈസൻസ് റദാക്കും. ബിവറേജസ് ഔട്ട്‌ലറ്റ് പൂട്ടണം എന്നാവശ്യപ്പെട്ട് മുക്കം അഗസ്ത്യമുഴി സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു.പരാതിക്കാരനെയും ബിവറേജ് അധികൃതരെയും കേട്ട് തീരുമാനമെടുക്കാൻ മുക്കം നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്‍റെ പ്രസംഗത്തിൽ എസ്ഇ-എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ലെന്നും ഫണ്ട് നിർത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്.
ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നൽകി സംഘടനകൾ. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെ വനിതാ സംഘടനകളാണ് പരാതി നൽകിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്താൻ നിർദേശം നൽകണമെന്നും അടൂരിന്‍റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും.
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്.
ഗോവ വിമാനത്താവളത്തിലെ ബാഗേജ് വെയ്‌ങ് സ്കെയിലുകൾ തമ്മിൽ ഭാരത്തിൽ വലിയ വ്യത്യാസമുണ്ടെന്നും ഇത് കാരണം ഇൻഡിഗോ തന്റെ കയ്യിൽ നിന്ന് അമിതമായി പണം ഈടാക്കിയെന്നും ആരോപിച്ച് ചണ്ഡീഗഡ് സ്വദേശി. എന്നാൽ ആരോപണം ഇൻഡിഗോ നിഷേധിച്ചു. ഗോവയിൽ നിന്ന് ചണ്ഡീഗഡിലേക്ക് 6ഇ 724 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന രത്തൻ ധില്ലനാണ് വിമാനക്കമ്പനിക്കെതിരെ ‘എക്സി’ൽ പോസ്റ്റിട്ടത്.
ധർമ്മസ്ഥല കേസിൽ കൂടുതൽ സാക്ഷികൾ രംഗത്ത് വന്നേക്കുമെന്ന് സൂചന. സാക്ഷിയും പരാതിക്കാരനുമായ ആൾ മൃതദേഹം കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നൽകാൻ സാധ്യതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 6 സാക്ഷികൾ രംഗത്ത് വന്നേക്കും എന്നാണ് സൂചന. അന്വേഷണത്തെ സഹായിക്കാൻ തയ്യാറെന്ന് ഇവർ എസ്ഐടിയെ അറിയിച്ചതായാണ് വിവരം.
ഇന്ത്യക്കെതിരെ വമ്പൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും പേരും ചിത്രവും ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.