രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്‍റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്.ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകൾ നിലവിൽ ദല്ലി രാജാറയിലുള്ള മഠത്തിലാണ് ഉള്ളത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക.
വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഓണത്തിന് കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചർച്ചകളും വിമർശനങ്ങളും ഉയർത്തുന്നത് കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയാണ്. ഇത് തകർക്കാനല്ലെന്നും സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം നേതൃത്വം. വീഴ്ച്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എ എൻ ഷംസീറും പി ജയരാജനും പ്രതികരിച്ചു. അതേസമയം, പരോൾ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടി പി വധക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാത്തതെന്ന് എംഎൽഎ കെ കെ രമ ആരോപിച്ചു.
വിവാദങ്ങൾക്കിടെ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ചു. ടി കെ രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോൾ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ നല്‍കിയിരിക്കുന്നത്. കൊടി സുനിയുടെ മദ്യപാനം വിവാദമായതിനിടെയാണ് രജീഷിന് പരോൾ അനുവദിച്ചത്.
പത്തനംതിട്ട സെൻറ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ ആയ അനിൽകുമാർ എൻ. ജി., സൂപ്രണ്ട് ആയ ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ആയ ബിനി ആർ എന്നിവരെ 1960 ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങൾ പ്രകാരം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
തൻ്റെ കാലുകൾ വെട്ടിയ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് പോകും മുൻപ് യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ട് സിപിഎം നേതാവും എംഎൽഎയുമായ കെകെ ശൈലജക്കെതിരെ സി സദാനന്ദൻ എംപിയുടെ വിമർശനം. ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയതും അതിൽ മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തതും ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജയിൽ ശിക്ഷ അനുഭവിക്കുന്ന ടി പി കേസ് പ്രതികൾ മദ്യപിച്ച സംഭവത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതി അംഗം പി ജയരാജൻ. തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നും ബന്ധുക്കൾ അത്യാസന്ന നിലയിൽ കിടക്കുന്ന കാര്യങ്ങൾ പരിഗണിച്ചാണ് ടി കെ രജീഷിന് പരോൾ നൽകിയതെന്നും പി ജയരാജൻ പറഞ്ഞു.
ആര്‍എസ്എസ് നേതാവ് സി. സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്താനെത്തി കെ.കെ.ശൈലജ എംഎൽഎ. സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ ശൈലജ എത്തിയത്.
അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ. അടൂർ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെയാണെന്നും ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും മുകേഷ്. ചെറുപ്പക്കാർ സിനിമയിലേക്ക് കയറി വരണമെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ഇന്റർവ്യൂ നടത്തുകയും ആവശ്യമെങ്കിൽ മൂന്ന് മാസത്തെ പരിശീലനം നൽകണം എന്നുമായിരിക്കാം പറഞ്ഞത്. അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണ്. അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി ഗായിക പുഷ്പവതി. താൻ ദളിത് സമൂഹത്തിന്‍റെ പ്രതിനിധിയാണെന്നും വലിഞ്ഞുകയറിയല്ല സിനിമ കോണ്‍ക്ലേവിന് പോയതെന്നും സര്‍ക്കാര്‍ ക്ഷണിച്ചതുപ്രകാരമാണെന്നും പുഷ്പവതി പറഞ്ഞു.
സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റമാണെന്ന് കെ.രാധാകൃഷ്ണന്‍ എംപി. പിന്നോക്ക വിഭാഗത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അടൂര്‍ എന്ന വിഖ്യാത സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അടൂര്‍ ഇങ്ങനെ പറയുമോയെന്നാണ് ആദ്യം ചിന്തിച്ചതെന്നും എംപി പറഞ്ഞു.
കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
ടെലഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലപ്പുറം പൊലീസ് അൻവറിനെ പ്രതിയാക്കി കേസെടുത്തത്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ മലപ്പുറം പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴിനല്‍കിയിരുന്നു.മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച്ചേരിൽകടവ് പാലം തകർന്ന് ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. അഞ്ച് പേർ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറി. വളർത്തുനായയെ പിന്തുടർന്നാണ് പുലി വീട്ടിൽ കയറിയത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ചേർത്തല ജെയ്നമ്മ തിരോധന കേസിൽ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ തെളിവെടുപ്പ് തുടരുന്നു. സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും 20ഓളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കെഡാവർ നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് നിര്‍മ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്. ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പൊലിസും ഡാൻസാഫും ചേർന്ന് പിടികൂടുന്നത്.
പാലക്കാട് രോഗിയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി. വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിലാണ് സംഭവം. 78കാരിയുടെ ഡ്രിപ്പ് ക്ലീനിങ് സ്റ്റാഫ് അഴിച്ചെന്ന് ആരോപിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്.ജില്ലാ കലക്ടർക്കും മെഡിക്കൽ ഓഫീസർക്കുമാണ് വയോധികയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്.
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സ്ഥിരീകരണം. തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഉത്തർപ്രദേശിൽ 17 ജില്ലകളിലായി 402 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 12 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. വിവിധ ജില്ലകളിലായി 85000 പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ.
പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണം കഴിച്ച ഏഴ് വയസുകാരൻ വാഷിംഗ് മെഷിനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളർത്തുപിതാവിന് 50 വർഷം കഠിന തടവ് ശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് ട്രോയി ഖോല എന്ന ഏഴ് വയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ടത്. 2022ൽ നടന്ന കൊലപാതകത്തിലാണ് ഹാരിസ് കൗണ്ടി ജില്ലാ അറ്റോർണിയാണ് 45കാരന് 50 വർഷം തടവ് ശിക്ഷ വിധിച്ചത്.
ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും മൂടിയത്. സമീപ മേഖലയിലെ ഗ്രാമങ്ങളും അഗ്നി പർവ്വത സ്ഫോടനാവശിഷ്ടങ്ങൾ എത്തി. എന്നാൽ പൊട്ടിത്തെറിയിൽ ആളപായമില്ലെന്നാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹൈദരാബാദിൽ ബാഡ്‌മിൻ്റൺ കളിക്കിടെ ഹൃദയാഘാതമുണ്ടായി 25കാരൻ മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കമ്മം ജില്ലയിലെ തല്ലഡയിൽ മുൻ ഡപ്യൂട്ടി സർപഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിൻ്റെ മകനുമായ ഗുണ്ട്‌ല രാകേഷാണ് മരിച്ചത്.
ഓവൽ ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യൻ സംഘം തിരിച്ചുപിടിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം താൻ പറഞ്ഞതിന് ക്ഷമാപണം നടത്തി കോൺഗ്രസ് എംപി ശശി തരൂർ. കഴിഞ്ഞ ദിവസം താൻ ടീം ഇന്ത്യയുടെ പ്രകടനത്തിൽ സംശയം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് തരൂർ എക്സിൽ കുറിച്ചു. ഇന്ത്യൻ ടീമിന്റെ ജയം വാക്കുകൾക്കതീതമാണെന്നും തരൂർ പറഞ്ഞു.
ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ലഷ്‌കറെ ഭീകരന്മാരായ സുലെമാന്‍ ഷാ (ഫൈസല്‍ ജാട്ട്), അബു ഹംസ(അഫ്ഗാന്‍), യാസിര്‍ (ജിബ്രാന്‍) എന്നിവരെയാണ് ജൂലൈ 28-ന് ഓപ്പറേഷന്‍ മഹാദേവ് എന്നു പേരിട്ട സെെനികനടപടിയിലൂടെ സുരക്ഷാസേന വധിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇത് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാസമയം രണ്ടുമണിക്കൂറും ഏഴുമിനിറ്റുമായി കുറയ്ക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.