Untitled design 20250112 193040 0000

 

 

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലന്ന് അമിത് ഷാ ഉറപ്പു നൽകി. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

 

ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എംപി കെ രാധാകൃഷ്ണൻ. ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് എംപിമാർ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ നടപടി. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തില്‍ സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും ‌വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. എസ്എന്‍ഡിപിമൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.

 

ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും.

 

ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോ​ഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസിൽ 14 പ്രതികൾക്കും ജാമ്യം. നടപടികൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്‍സി -എസ്‍ടി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സബ്സിഡിയിലാണ് വെട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്.

 

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് അലുമ്‌നി ഓഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുo.മെഡിക്കല്‍ കോളേജിന്റെ പുരോഗതിയ്ക്കായി ഏറെ സഹായിക്കുന്നതാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.

 

കെ.എസ്.ആർ.ടി.സി ഓണം സ്പെഷ്യൽ സർവ്വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെ.എസ്.ആർ.ടി.സി ക്രമീകരിച്ചിട്ടുള്ളത്.

 

കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം കൈമാറി കെഎസ്ഇബി. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മിഥുൻ്റെ വീട്ടിൽ നേരിട്ട് എത്തിയാണ് തുക നൽകിയത്. നേരത്തെ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി ധനസഹായം നൽകിയിരുന്നു.

 

കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും.

 

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ ഇടപെട്ടത് താനാണെന്ന അവകാശവാദവുമായി ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നാണ് പുതിയ ആവശ്യം. എന്നാല്‍ പുറത്തുവന്ന വിവരത്തിൽ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. തന്റെ അപേക്ഷയിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതെന്നാണ് ഡോ. കെ എ പോളിന്റെ അവകാശവാദം.

 

നിമിഷ പ്രിയ കേസില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തോട് മാപ്പാപേക്ഷിച്ച് ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ. കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്‍റെ വീഡിയോയില്‍ പറയുന്നത്. തലാൽ കുടുംബത്തിന്റെ നിബന്ധനകൾ നിറവേറ്റാൻ താൻ തയാറാണെന്നും കെ എ പോള്‍ വീഡിയോയില്‍ പറയുന്നു. നിമിഷപ്രിയയുടെ മകൾക്കൊപ്പമായിരുന്നു കെ എ പോളിന്‍റെ വീഡിയോ.

 

എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോ​ഗബാധ കണ്ടതിനെ തുടർന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.

 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് (കെ എസ് സി എസ് ടി ഇ) അന്താരാഷ്ട്ര അംഗീകാരം. ലോകപ്രസിദ്ധ വിജ്ഞാന പ്രസിദ്ധീകരണമായ നേച്ചര്‍ പോര്‍ട്ട്‌ഫോളിയോ പുറത്തിറക്കിയ ഏറ്റവും പുതിയ നേച്ചര്‍ ഇന്‍ഡെക്‌സ് റാങ്കിംഗില്‍, കെ.എസ്.സി.എസ്.ടി.ഇ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ 27-ാം സ്ഥാനത്ത് ഇടം പിടിച്ചു. ആഗോള ഗവേഷണ സ്ഥാപനങ്ങളില്‍ 598-ാം സ്ഥാനവും നേടിയിട്ടുണ്ട്.

 

സ്കൂളുകളിൽ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂർ ക്ലാസ് നിർബന്ധം. ഇതിനായി എനർജി മനേജ്‌മെന്റ് സെന്ററും ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ ഉടൻ നടപ്പാക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനം ആയി.

 

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ് ശരീരത്തിൽ പതിച്ചു. ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

ഭർതൃവീട്ടിൽ മകൾ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി തൃശൂർ ഇരിഞ്ഞാലക്കുടയിൽ ജീവനൊടുക്കിയ ഫസീലയുടെ പിതാവ് റഷീദ്. ഭർത്താവിനേക്കാൾ ഭർതൃമാതാവായ റംലയാണ് മകളെ കൂടുതൽ ഉപദ്രവിച്ചിരുന്നതെന്നും മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവയൊന്നും ചോദ്യം ചെയ്യാതിരുന്നതെന്നും റഷീദ് പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും റഷീദ് പറയുന്നു.

 

2008 ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയെ സ്വാ​ഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും രം​ഗത്ത്. വിധി നിരപരാധികളെ രക്ഷപ്പെടുത്തിയെന്നും ഹിന്ദു സമൂഹത്തിനെതിരായി ചാർത്തിയ തെറ്റായ കളങ്കം മായ്‌ക്കുന്നുവെന്നും ഇരുവരും പറഞ്ഞു. ഭീകരവാദത്തിന് ഒരിക്കലും കാവിയാകാൻ സാധിക്കില്ലെന്ന് ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

 

തിരുനെൽവേലി ദുരഭിമാനക്കൊലയിൽ തന്റെ അച്ഛനമ്മമാർക്ക് യാതൊരു ബന്ധവുമില്ലെന്ന് കെവിന്റെ സുഹൃത്ത് സുഭാഷിണി. പെൺകുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അച്ഛനമ്മമാർക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരെയും വെറുതെ വിടണമെന്നും പറയുന്നത്. തനിക്കും കെവിനും ഇടയിൽ സംഭവിച്ചത് തങ്ങൾക്ക് മാത്രമേ അറിയൂ. പലരും പലതും പറയുന്നുണ്ട്. തന്റെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും പെൺകുട്ടി പറയുന്നു.

 

കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. എല്ലുകൾ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതൽ സമയം എടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായി ഇന്ത്യ അടുക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങളില്ലെന്നും ഇരു രാജ്യങ്ങൾക്കും അവരവരുടെ തകർന്ന സമ്പദ്‌വ്യവസ്ഥകളുമായി വീണ്ടും താഴേക്ക് കൂപ്പു കുത്താമെന്നും ട്രംപ് പരിഹസിച്ചു. ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഈ പരാമർശം.

 

ആറ് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആ​ഗോള തലത്തിൽ തന്നെയുള്ള 20 സ്ഥാപനങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ കമ്പനികളെയും നിരോധിച്ചത്.

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്ന് വിശേഷിപ്പിച്ച് ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ‘എക്‌സി’ലൂടെയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. “അദ്ദേഹം പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്‍ക്കും ഇക്കാര്യമറിയാം.” പ്രസിഡന്റ് ട്രംപ് സത്യം പറഞ്ഞതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *