Untitled design 20250112 193040 0000

 

 

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നൽകരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു.

 

വയനാട് പുനരധിവാസത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർ. രണ്ട് തവണ താൻ അവിടെ പോയി. അവിടെ ദുരന്തം നടന്നപ്പോൾ മാത്രമാണ് പരിഹാരം തേടിയത്. നല്ലൊരു ലീഡർ ഷിപ്പിന്‍റെ അഭാവമാണ് അവിടെ കണ്ടത്. അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ട്രിമ – 2025 മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നതെന്നും അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേക്കും ലഡുവുമായി തന്‍റെ അരമനയിൽ ആരും വന്നിട്ടില്ലെന്നും ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം പാംപ്ലാനി തുറന്നടിച്ചു.

 

കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ സുരേന്ദ്രന്‍. അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ല, രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളം വെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദുഷ്ടലാക്കാണിത് എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമീസ് ബാവ തുറന്നടിക്കുകയായിരുന്നു. അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു.

 

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെ സി ബി സി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

ഛത്തീസ്ഘഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമപരമായി മാത്രമേ ഇടപെടാനാകൂവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. ഹൈക്കോടതി നിർദേശമുള്ളത് കൊണ്ടാണ് ജാമ്യാപേക്ഷ എൻഐഎ കോടതിക്ക് പരിഗണിക്കേണ്ടി വരുന്നത്. ക്രൈസ്തവർ വിവേകത്തോടെ നോക്കിക്കാണണം. ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന കോൺഗ്രസ്, നാറിയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രിമാർക്ക് കോടതിയിൽ പോയി പറയാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

 

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ബിജെപി ആസൂത്രിതമായ നീക്കം നടത്തുന്നു എന്ന് എംഎൽഎ സജീവ് ജോസഫ്. ബജ്റംഗ്ദൾ പ്രവര്‍ത്തകരെ അടക്കം ഇളക്കി വിടുന്നത് സർക്കാരും ബിജെപിയുമാണെന്നും, ഒരുവശത്ത് ജാമ്യം ഇപ്പൊ ശരിയാക്കാം എന്ന് പറയുന്ന ബിജെപി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണം. കോടതിയിൽ പ്രതീക്ഷയുണ്ട്. ഉത്തരവ് ഇറങ്ങിയാൽ ഉടൻ മേൽ കോടതിയെ സമീപിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു.

 

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി.വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്‍റെ പേരിൽ പുറത്തായ 49 പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത് .

 

കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

 

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്.കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു.

 

ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമം ലംഘിച്ചവര്‍ക്കെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന മറ്റ് അനുബന്ധ നിയമങ്ങള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും മന്ത്രി പറഞ്ഞു.

 

അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് ഇത് തടസ്സമുണ്ടാക്കുന്നതിനാൽ, ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

തിരുവനന്തപുരം കോവളത്ത് വൻ ലഹരി വേട്ട. ബെം​ഗളൂരുവിൽ നിന്നും അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുവുമായി എത്തിയ നാല് പേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാൻ കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു പ്രതികളുടെ യാത്ര.

 

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കൽ വീട്ടിൽ വള്ളിയാണ് (80) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.

 

അരീക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ മാലിന്യക്കുഴിയിൽ വീണ് മരിച്ചസംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കുമെന്നും മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും നിയമപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

കൊച്ചി തീരത്ത് എം എസ് സി എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞം സീ പോർട്ടിനെയും, കപ്പൽ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി. കപ്പൽ അപകടം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ജാമ്യം. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവിനും ഭര്‍ത്താവ് കൃഷ്ണരാജിനുമാണ് വ്യവസ്ഥതകളോടെ കോടതി ജാമ്യം നൽകിയത്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന വകുപ്പാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്.

 

ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഫസീല രണ്ടാമത് ഗർഭിണിയായതിന്‍റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.

 

നിമിഷ പ്രിയയുടെ വധശിക്ഷയിൽ കാന്തപുരത്തെ വീണ്ടും തള്ളി കേന്ദ്രം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വധശിക്ഷ റദ്ദാക്കും എന്ന അവകാശവാദം ശരിയല്ലെന്നും ഇത്തരമൊരു കേസിൽ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

 

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രിമാർ വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി സംസാരിച്ചേക്കും. വ്യാപാര കരാറിൻറെ കരട് ഏതാണ്ട് തയ്യാറാക്കിയതാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

 

സിന്ധു നദീജല കരാര്‍ പുനപരിശോധിക്കുന്നത് പരിഗണനയിലില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ജലം വൈകാതെ ദില്ലിയിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

 

ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി. 5 പോയിന്റുകളില്‍ പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും എസ് ഐ ടി തലവൻ പ്രണബ് മോഹന്തി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡി ഐ ജി അനുചേത് അറിയിച്ചു.

 

വീണ്ടും തമിഴ്നാട് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മാസം (ഓഗസ്റ്റ്) 26-ന് അദ്ദേഹം കടലൂർ, തിരുവണ്ണാമലൈ ജില്ലകളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ശൈവ ക്ഷേത്ര സന്ദർശനങ്ങൾ തുടരാനാണ് മോദിയുടെ തീരുമാനം. ലോകപ്രശസ്തമായ ചിദംബരം നടരാജ ക്ഷേത്രം ഇത്തവണ അദ്ദേഹം ദർശിക്കുമെന്നും സൂചനയുണ്ട്.

 

തിരുനെൽവേലി ദുരഭിമാനക്കൊലില്‍ അന്വേഷണം സിബി-സിഐഡിക്ക് വിട്ട് ഉത്തരവിറക്കി തമിഴ്നാട് ഡിജിപി. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. ദളിത്‌ വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്.

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയിലും ഹിമാചൽ പ്രദേശിലുമായി മഴക്കെടുതിയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദേശീയപാതകൾ ഉൾപ്പെടെ 269 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഖത്തർ സമ്മാനിച്ച കൂറ്റൻ ആഡംബര ജെറ്റ്, പ്രസിഡണ്ടിന് സഞ്ചരിക്കാനുള്ള എയർഫോഴ്സ് 1 ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ അമേരിക്ക തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ സി ബി എസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ബോയിങ് 747-8 ജംബോ വിമാനമാണ് ഡോണൾഡ് ട്രംപിന് ഖത്തർ സമ്മാനിച്ചിരുന്നത്.

 

തെക്കന്‍ ചെങ്കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിലെ ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായാണ് ദക്ഷിണ ചെങ്കടലില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.സൗദി അതിര്‍ത്തികളില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും വളരെ അകലെ മാറിയാണ് ഭൂചലനമുണ്ടായതെന്നും സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.

 

രാജ്യസഭയില്‍ വിവാദത്തിന് തിരികൊളുത്തി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരുമായി ബന്ധപ്പെട്ട് സമാദ് വാദി പാര്‍ട്ടി എംപിയും പ്രശസ്ത അഭിനേത്രിയുമായ ജയ ബച്ചന്‍ നടത്തിയ പരാമര്‍ശം. ഒട്ടേറെ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ക്കാനിടയാക്കിയതാണ് പഹല്‍ഗാം ഭീകരാക്രമണമെന്നും അത്തരമൊരു പശ്ചാത്തലത്തില്‍ നടത്തിയ സൈനികനടപടിയ്ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതെന്തിന് എന്ന് ജയ ബച്ചന്‍ സഭയില്‍ ചോദിച്ചു.

 

ബലൂചിസ്താനില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് പാക് സൈനിക മേധാവി ജനറല്‍ അസിം മുനിര്‍. പാകിസ്താനുമായി നടന്ന യുദ്ധത്തില്‍ ( ഓപ്പറേഷന്‍ സിന്ദൂര്‍) ഇന്ത്യയ്ക്ക് തിരിച്ചടികിട്ടിയതിനെ തുടര്‍ന്നാണ് ബലൂചിസ്താനില്‍ ഇന്ത്യ നിഴല്‍യുദ്ധം ശക്തിപ്പെടുത്തിയതെന്നാണ് അസിം മുനിര്‍ പറയുന്നത്.

 

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ജയ്ശങ്കര്‍.

 

കേരളത്തിലെ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യറാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *