സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.
കോഴിക്കോട് കട്ടിപ്പാറയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍. അസാധാരണമായ മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മണ്ണിടിച്ചിലുണ്ടായെന്ന് പ്രദേശത്തുള്ളവര്‍ മനസ്സിലാക്കിയത്. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ 17ഓളം കുടുംബാംഗങ്ങള്‍ മലയിടിച്ചില്‍ ഭീഷണി നേരിടുന്നവരാണ്.
തോരാതെ പെയ്യുന്ന മഴയില്‍ ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കടത്ത് നിര്‍ത്താന്‍ നിര്‍ദേശം. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളായതിനാല്‍ തന്നെ ഇവിടെയുള്ള തോണി സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നത് ഇവിടെയുള്ള പ്രാദേശിക ഭരണകൂടങ്ങളാണ്. ബൈരക്കുപ്പ, മരക്കടവ് എന്നിവിടങ്ങളിലെ തോണി സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശമാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.
പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയോട് വിശദാംശം തേടാൻ കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. പകരം ചുമതല ആർക്കും ചുമതല നൽകിയില്ല. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സണ്ണി ജോസഫ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവും അധിക്ഷേപവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു. മുസ്ലിം വിഭാഗത്തിന് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന ആരോപണം വെള്ളാപ്പള്ളി വീണ്ടും ആവർത്തിക്കുകയും ചെയ്തു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനാരായണ ഗുരു പറയാൻ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആര് കേരളത്തിൽ വർഗീയത പറഞ്ഞാലും അതിനെ എതിർക്കുമെന്നും വി.ഡി. സതീശൻ തിരുവനന്തപുരത്ത്വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഗോവിന്ദച്ചാമി ജയില്‍ചാടാന്‍, സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന് ജയില്‍ ഉദ്യാഗസ്ഥരുടെ മൊഴി. പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് അന്വേഷണസംഘത്തോട് ഉദ്യോഗസ്ഥര്‍ വിവരിച്ചു. കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം കിട്ടുന്നുണ്ടെന്ന ഗോവിന്ദച്ചാമിയുടെ മൊഴിയിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി.
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ് കെഎസ്‍യുവിനും ലഭിച്ചു.
മനുഷ്യ വിസർജ്യം അടങ്ങിയ മാലിന്യം ടാങ്കർ ലോറി ഉപയോഗിച്ച് പൊതുസ്ഥലത്ത് തള്ളിയ കേസിൽ രണ്ട് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിന് സമീപം കഴിഞ്ഞദിവസം വെളുപ്പിന് 5.45 ഓടെ ടാങ്കർ ലോറിയിൽ ശേഖരിച്ച മാലിന്യം തള്ളിയ കേസിലാണ് നടപടി.
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം, 12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്.
സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ സുരക്ഷാ നിർദ്ദേശങ്ങളും ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള സുരക്ഷാപരിശോധനങ്ങൾ കർശനമാക്കണമെന്നാണ് നിർദ്ദേശം. രാജസ്ഥാനിലെ ജലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം.
കേരള ടൂറിസത്തിന്‍റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവൽ നാളെ സമാപിക്കും. കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് ആരംഭിച്ച മൂന്ന് ദിവസത്തെ ഫെസ്റ്റിവലിന് പുല്ലൂരാംപാറയിലാണ് സമാപനം കുറിക്കുക.
കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കൾ ഭർത്താവിനെ ആരോപണവുമായി രംഗത്ത്. ഷിംനയെ ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നുവെന്ന് ഷിംനയുടെ അമ്മാവൻ രാജു പറഞ്ഞു. പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് പന്നൂര്‍ സ്വദേശിയും എളേറ്റില്‍ വട്ടോളി എംജെ ഹയര്‍സെക്കന്‍ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സയാന്‍ ആണ് മരിച്ചത്.
കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. തിരികെ എത്തുമ്പോള്‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3,500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു കഴിക്കാൻ.
ജോലി ചെയ്ത മുഴുവന്‍ തുകയും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കക്കട്ട് കൈവേലി കുമ്പളച്ചോല സ്വദേശി തറോല്‍ വിജിത്ത്(45) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്‍പില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്.സംഭവത്തില്‍ കുറ്റ്യാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശി പ്രഷീന (43), കോഴിക്കോട് കുരുവട്ടൂർ സ്വദേശി ഷാജിൽ എന്നിവരാണ് പിടിയിലായത്. ഇരുവരും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കാരിയർമാരാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുമായി പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസാണ് ഇരുവരെയും പിടികൂടിയത്.
എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യര്‍ത്ഥി കൊച്ചി ടിഡി റോഡിൽ താമസിക്കുന്ന ഗോവിന്ദ് സുധീന്ദ്രനാഥ ഷേണായി (18) ആണ് മരിച്ചത്. ഏരുര്‍ റൂട്ടിലോടനുന്ന നന്ദനം എന്ന ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്.
രാജസ്ഥാനിലെ ജലാവാർ ജില്ലയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകർന്ന് ഏഴ് കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണം എന്നാണ് നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ സമഗ്രമായ സ്കൂൾ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉടൻ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഹമാസ് യുഎൻ സഹായം മോഷ്ടിക്കുന്നു എന്ന ആരോപണത്തിന് തെളിവില്ലെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി റിപ്പോർട്ട്. ഹമാസ് ജനങ്ങളെ നിയന്ത്രിക്കാൻ സഹായം ആയുധമായി ഉപയോഗിക്കുന്നു എന്ന വാദം ഉന്നയിച്ച് ഇസ്രായേൽ ഗാസയിലേക്കുള്ള സഹായം ദീർഘകാലമായി തടസ്സപ്പെടുത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു.
തിരക്കേറിയ ദേശീയപാതയിലേക്ക് കുത്തനെ വീണ് ചെറുവിമാനം, പൊട്ടിത്തെറിച്ചു. പൈലറ്റും ഒപ്പമുണ്ടായിരുന്നയാൾക്കും ദാരുണാന്ത്യം. ദേശീയപാതയിലുണ്ടായിരുന്ന വാഹനങ്ങൾക്ക് അഗ്നിബാധയിൽ തകരാറുണ്ടായി. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇറ്റലിയിലെ ബ്രെസിയയിലെ അസാനോ മെല്ല എന്നയിടത്തെ കോർഡ മോല്ലെ മോട്ടോർവേയിലാണ് ചെറുവിമാനം മൂക്കും കുത്തി വീണ് കത്തിനശിച്ചത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയില്‍ നാടകീയ വഴിത്തിരിവ്. സാവിയുടേതെന്ന പേരില്‍ വന്ന ഇ-മെയില്‍ ഒരു 19-കാരനായ ഇന്ത്യന്‍ യുവാവിന്റെ വ്യാജസൃഷ്ടിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതില്‍ വീണുപോയതെന്നുമാണ് വിശദീകരണം.
പലസ്തീൻ വിഷയത്തിൽ നിർണായക തീരുമാനവുമായി ഫ്രാൻസ്. സ്വതന്ത്ര പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലൈസൻസില്ലാത്ത വെടിക്കോപ്പുകളും മദ്യവും കൈവശം വെച്ച എയർലൈൻ ജീവനക്കാരായ ഡോക്ടറും പൈലറ്റും കുവൈത്തിൽ അറസ്റ്റിൽ. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിരന്തരമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം (വെപ്പൺസ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് – റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്) രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
വാകോ ഇന്ത്യ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം നേടിയ മലയാളി താരം ആര്‍ രാകേഷ്. റായ്പൂരില്‍ നടന്ന ദേശീയ ചാമ്പ്യൻഷിപ്പില്‍ 86 കിലോ ഗ്രാം ലോ കിക്ക് വിഭാഗത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ രാകേഷ് ജേതാവായത്. ഫൈനലില്‍ ഉത്തര്‍പ്രദേശിന്‍റെ ഗുപ്ത ആരവിനെ 3-0ന് വീഴ്ത്തിയാണ് രാകേഷ് സ്വര്‍ണം നേടിയത്.
നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് കൊടും കുറ്റവാളികളെ ഫ്രാന്‍സ് അധികൃതര്‍ക്ക് കൈമാറി ദുബൈ പൊലീസ്. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ദുബൈ പൊലീസിന്‍റെ പിടിയാലാവുന്നത്. തട്ടിപ്പും മയക്കുമരുന്ന് കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഈ രണ്ട് പേര്‍ക്കെതിരെയും ഇന്‍റര്‍പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുംബൈ-പൂണെ എക്‌സ്പ്രവേയിലുണ്ടായ കൂട്ടിയിടിയില്‍ തകര്‍ന്നത് ഇരുപതോളം വാഹനങ്ങള്‍. കണ്ടെയ്‌നര്‍ ട്രെയിലര്‍ ട്രക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ട്രക്ക് മുന്നില്‍ പോയ വാഹനങ്ങളില്‍ ഇടിക്കുകയും തുടര്‍ന്ന് വാഹനങ്ങള്‍ പലത് തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം – വിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ. കുറ്റകൃത്യങ്ങൾ തടയാൻ കഴിവില്ലാത്ത ഒരു സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധനതുടരുന്നു. മൂന്നുദിവസമായി തുടരുന്ന റെയ്ഡില്‍ പലയിടങ്ങളില്‍നിന്നായി നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്
ബിഹാറില്‍ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍വെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്ന് പരാതി. ബിഹാറിലെ ഗയ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ 26-കാരിയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു.