കേരള കോൺഗ്രസ് എമ്മിനും ചെയർമാൻ ജോസ് കെ മാണിക്കുമെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമർശനം ഉന്നയിക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണമെന്നാണ് ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. പാർട്ടി യോഗത്തിൽ ജോസ് കെ മാണി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന വാർത്തയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സാമുദായി സംഘടനകളുടെ ചട്ടുകമായി കേരള കോൺഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാരെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സർക്കാരിൻ്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്‌ സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃനിരയിലേക്കെത്തുകയാണ്. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്

ദേശീയ പാത നിർമാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ. വെള്ളത്തൂവൽ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അടിമാലി പഞ്ചായത്തിൽ എൽഡിഎഫും ഹർത്താൽ ആചരിക്കും. നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഹേമചന്ദ്രൻ്റെ മൃതദേഹം കുഴിച്ചിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനോട് നൗഷാദ് വിശദീകരിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിന് ശ്രമമെന്ന് വിമർശനം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന് അപരിചിതമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന താത്പര്യത്തിന് എതിരാണ്. ജമാഅത്തെ ഇസ്ലാമിയും മീഡിയ വൺ ചാനലും ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഉമ്മൻചാണ്ടിയുടെ പേര് നൽകിയ പുതുപ്പള്ളിയിലെ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ​ഗവർണറെ ക്ഷണിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് പ്രതികരിച്ച ചാണ്ടി ഉമ്മൻ ​ഗവർണറുടെ പദവി മാത്രമാണ് താൻ പരി​ഗണിച്ചതെന്നും അഭിപ്രായപ്പെട്ടു.

കേരളാ സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിനെതിരേ ഓർത്തഡോക്സ് സഭ. നടന്നത് സമരമല്ല കോപ്രായമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ പറഞ്ഞു.ആൺപെൺ വ്യത്യാസമില്ലാത്ത സമരത്തിൽ ദുഃഖം തോന്നിയെന്നും കാതോലിക്കാ ബാവ വിമർശിച്ചു.

ഏതെങ്കിലും ഒരു പ്രത്യേക വിഭാ​ഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സ‍ർ ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതിലെ മുഖ്യ കണ്ണിയും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ അനന്തപുരി മണികണ്ഠൻ ഒളിവിൽ. ആള്‍മാറാട്ടം നടത്തിയ വ്യാജ രേഖകള്‍ ചമച്ച രണ്ടു സ്ത്രീകൾ മാത്രമാണ് ഇതുവരെ പിടിയിലായത്. കേസിൽ മുഖ്യ കണ്ണിയെന്ന് തെളിഞ്ഞിട്ടും മണികണ്ഠനെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തിട്ടില്ല.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊല്‍പ്പുള്ളി അത്തിക്കോട്ട് കാറിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി മുസ്ലീംലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍. തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം തോട്ടഭൂമി (പ്ലാന്റേഷന്‍ ഭൂമി)ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടി.

ജൂലൈ മാസത്തിൽ തീര്‍ത്ഥാടന യാത്രകളുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് യാത്രകൾ സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, കാടാമ്പുഴ, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിലേയ്ക്കാണ് ഈ മാസത്തിലെ യാത്രകൾ.

കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ആസാം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖാണ് പിടിയിലായത്. ഒന്നാം പ്രതി നസീദുൽ ഷേഖ്‌ (21) ആണ് വെസ്റ്റ്‌ ബംഗാൾ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്.

കാസർകോട് ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച് ‘പാദപൂജ’ നടത്തിച്ചത് വിവാദത്തിൽ. ഭാരതീയ വിദ്യാനികേതൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. സ്കൂളിൽ നടന്ന ചടങ്ങിൽ, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോൾ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നൽകിയത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്‍റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാൻ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെൺകുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം.

കഞ്ചാവ് വില്പനയെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ താമസിക്കുന്ന അജിത് കുമാറാണ് (30) പിടിയിലായത്. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ പിഎം സുമേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് അമ്മ. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജയ്സൺ അലക്സ് ജീവനൊടുക്കിയത്. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സമ്മർദമുണ്ടായെന്ന് അമ്മ പറഞ്ഞു. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ മകൻ ഒപ്പിട്ടിരുന്നില്ല. ബില്ലിൽ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാൽ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്സണിന്‍റെ അമ്മ പറയുന്നു.

മലയാളി തടവുകാരൻ തമിഴ്നാട്ടിലെ ജയിലിൽ മരിച്ചു. രാമനാഥപുരം ജില്ലാ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാമനാഥപുരം സർക്കാർ ആശുപത്രിയിലെത്തിച്ചെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.

ഛത്തീസ്​ഗഡിൽ പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. ഇവർക്ക് സർക്കാർ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നൽകുമെന്നും ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1476 മാവോയിസ്റ്റുകൾ എന്നും ഛത്തീസ്​ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി.

നാഗാലാൻഡ്, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സൈന്യം. ഓപ്പറേഷൻ ജൽ രാഹത് രണ്ടിന്‍റെ ഭാഗമായി 4000 ഓളം പേരെ മഴക്കെടുതിയിൽ നിന്നും സൈന്യം രക്ഷിച്ചു. അസം റൈഫൾസും എൻഡിആർഎഫും എസ്ഡിആർഎഫുമായി ചേർന്നാണ് സൈന്യത്തിന്‍റെ രക്ഷാപ്രവർത്തനം.ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 34 പേർക്ക് വേണ്ടി ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ തുടരും.

ഇന്ത്യൻ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള തീരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ് എസ് ഡി എല്‍) അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു.

ഷാർജയിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭർത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്.

അസാമില്‍ 22 കാരി നവജാത ശിശവിനെ വിറ്റു. 50,000 രൂപയ്ക്കാണ് അമ്മ കുട്ടിയെ വിറ്റത് എന്നാണ് റിപ്പോര്‍ട്ട്. ശിവസാഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ വെച്ചാണ് യുവതി പ്രസവിച്ചത്.കുഞ്ഞിന്‍റെ അമ്മയേയും അമ്മൂമ്മയേയും കുട്ടിയെ വാങ്ങിയ ദമ്പതികളെയും പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 12 ന് രാവിലെ 11 മണിയോടെ വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്യും. നിയമനം ലഭിച്ച ഉദ്യോഗാർഥികളെ ചടങ്ങിൽ അദ്ദേഹം അഭിസംബോധന ചെയ്യും.രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് പതിനാറാമത് തൊഴിൽ മേള നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനങ്ങൾ നടക്കുക.

പ്രവാചക പാത പിന്തുടർന്ന് മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സൽമാൻ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിൻ്റെ മേൽനോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. ബുധനാഴ്ച കഅ്ബയുടെ വാതിൽ വിരി ഉയർത്തിയോടെ കഴുകൽ ചടങ്ങിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മുതൽ കഴുകൽ ആരംഭിച്ചു.

സൗദി അറേബ്യയിലെ പ്രമുഖ ഹദീസ്, സുന്നത്ത് പണ്ഡിതരിൽ ഒരാളായ ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി മദീനയിൽ അന്തരിച്ചു. 92 വയസ്സായിരുന്നു. അറിവ് തേടാനും പകർന്നുനൽകാനും സമർപ്പിച്ച ജീവിതമായിരുന്നു ശൈഖ് റബീഅ്ൻ്റേത്.

ജോലിസമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവില്‍ ഐടി ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ടെക് പാര്‍ക്കുകളുടെ ഗേറ്റിനുമുന്‍പിലും ഐടി കമ്പനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *