പുതിയ ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി രംഗത്ത്. മോദി സര്‍ക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയില്‍ ഒന്നാം പേരുകാരനായ നിതിന്‍ അഗര്‍വാളിനെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടികയിലെ മറ്റു പേരുകളേക്കാൾ സ്വീകാര്യനായത് കൊണ്ടാണ് റവാഡയെ തെരഞ്ഞെടുത്തത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജിപിയെ തീരുമാനിക്കുന്നത്. അതിൽ പാർട്ടിക്ക് പങ്കില്ലെന്നും പാർട്ടി ക്ലീൻചിറ്റ് നൽകേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞ കാര്യങ്ങളെ ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊതുവായ പ്രസ്താവനയായി എടുക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഗൗരവകരമായിതന്നെ എടുക്കുന്നുവെന്നും അദ്ദേഹത്തെ ആരോഗ്യവകുപ്പ് ചേര്‍ത്ത് നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്ന തരത്തിലൊക്കെയുള്ള ആരോപണങ്ങള്‍ സത്യമല്ലെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ആരോഗ്യമേഖലയില്‍ ഇത്രയധികം പണം ഒരു സര്‍ക്കാര്‍ ചെലവഴിച്ച ചരിത്രമുണ്ടോ എന്നും ആരോഗ്യമന്ത്രി ചോദിച്ചു.
കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളെ തകർക്കുന്നതെന്നും ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂർ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 2 മുതൽ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് മുതൽ മൂന്നാം തീയതി വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കേരളാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ദില്ലിയിലുള്ള മന്ത്രി അറിയിച്ചു.
ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പിവി അൻവർ. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരായ നടപടിയെന്ന് അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് വർഷത്തേക്ക് സുധീറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി അൻവർ വ്യക്തമാക്കി.
ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ബീച്ചിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിനോദ സഞ്ചാരവകുപ്പിന് അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ബീച്ചുകളിൽ ഒന്നായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാത്തത് ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വലിയ രീതിയില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു.
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ എബ്രഹാം അലക്സാണ്ടർ(62)ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.
പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പരിചയപ്പെടുകയും, കഴിഞ്ഞവർഷം ഡിസംബറിൽ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്ത ഇയാൾ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നെടുമ്പ്രം പൊടിയാടി സ്വദേശി സഞ്ജയ് എസ് നായരെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്.കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള പുതിയ ഫോർമുല അനുസരിച്ചാണ് റാങ്ക് തയ്യാറാക്കിയത്.
കഴിഞ്ഞമാസം രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കയിലും യുകെയിലും നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങൾ, വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
മധ്യപ്രദേശിൽ പ്രണയത്തിന്റെ പേരിൽ കാമുകന്റെ കൊടുംക്രൂരത. ആശുപത്രി പരിസരത്ത് എല്ലാവരും നോക്കിനിൽക്കെ നഴ്സിംഗ് വിദ്യാർത്ഥിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.നഴ്‌സിംഗ് വിദ്യാർത്ഥിയായ സന്ധ്യ ചൗധരിയാണ് കൊലപ്പെട്ടത്.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിച്ചത്. എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വർധിച്ചത്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ദില്ലിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.മോശം കാലാവസ്ഥയാണെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ. അമേരിക്കയുമായി ഇനി ഒരു തരത്തിലുമുള്ള ചർച്ചക്കുമില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്. ചർച്ചകൾക്കിടെ ആക്രമണം ഉണ്ടാവില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് വീണ്ടും സാധ്യത ഉണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
റഷ്യ – അസർബൈജാൻ തർക്കം രൂക്ഷം. കൊടുംകുറ്റവാളികളെന്ന് ആരോപിച്ച് അസർബൈജാനിൽ നിന്നുള്ളവരെ റഷ്യയിൽ അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് റഷ്യൻ സാംസ്കാരിക പരിപാടികൾ അസർബൈജാൻ റദ്ദാക്കി. റഷ്യൻ മാധ്യമ സ്ഥാപനത്തിൽ റെയ്ഡ് നടത്തി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
സന്യാസം സ്വീകരിച്ച മങ്ങാട് സ്വദേശിയായ യുവാവിനെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്‍റെ മകൻ ശ്രീബിനെ (37) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീബിൻ സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയിൽ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്കള്‍ക്ക് വീണ്ടും അവസരമൊരുക്കി ദില്ലി സര്‍വകലാശാല. മെയ് 13,14,15 തീയതികളിലായി നടന്ന പരീക്ഷകള്‍ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികൾക്ക് ലഭിക്കുക. ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നടപടി എന്ന് ദില്ലി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രഫസർ ഗുർപ്രീത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
ചൈന പാകിസ്ഥാന് 3.4 ബില്യൺ ഡോളറിന്റെ വാണിജ്യ വായ്പ നൽകിയതായി റിപ്പോർട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ധനം 14 ബില്യൺ ഡോളറായി ഉയർത്തുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ.
തടവിലുള്ള സാധാരണക്കാരുടെയും മത്സ്യതൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൈമാറി. ഇന്ത്യക്കാരായ 193 മത്സ്യതൊഴിലാളികളും 53 മറ്റുള്ളവരും തടവിലുണ്ടെന്നാണ് പാകിസ്ഥാൻ നല്കിയ പട്ടിക. പാകിസ്ഥാനികളെന്ന് കരുതുന്ന 382 തടവുകാരാണ് ഇന്ത്യയിലുള്ളത്. പാകിസ്ഥാനിലെ 81 മത്സ്യതൊഴിലാളികളും ഇന്ത്യയുടെ കസ്റ്റഡിയിലുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും മത്സ്യതൊഴിലാളികളെ എല്ലാം മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്‍റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട്. വിജയാഘോഷം സംഘടിപ്പിക്കുന്നതിന് പൊലിസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തൊഴിലവസരങ്ങൾ കൂട്ടാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 99,446 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. അൻപതിന് മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 5 പേരെയെങ്കിലും നിയമിച്ചാലേ ധനസഹായം കിട്ടുകയുള്ളൂ. സ്വകാര്യ മേഖലയിൽ കൂടുതൽ തുടക്കക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാറിന്റെ കമ്പനികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ താന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീല്‍ പറയുന്നു.
സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീർത്ഥാടന കേന്ദ്രമായ ‘പുനൗര ധാം ജാനകി മന്ദിറിന്റെ’ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാൻ ബിഹാർ സർക്കാർ. ഈവർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു വ്യക്തിയോട് ഇഷ്ടമാണ് എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചു . 2015ല്‍ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.