രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാൻ രാത്രി നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ. പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. സംയുക്ത സൈനിക മേധാവിയും, സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കും. അതിനിടെ, ബിഎസ്എഫ്, സിഐഎസ്എഫ് ഡിജിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ ആണ് ഒരു വിദേശ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിലായിരുന്നു പ്രസ്താവന. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കം തുടരുന്നതായാണ് വിവരം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. തീരുമാനത്തെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ താല്‍പര്യമാണ് വലുതെന്നും ബാക്കിയെല്ലാത്തിനും കാത്തിരിക്കാമെന്നും ടീമുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി കളം പിടിക്കുകയാണ് പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകളും വെടിവെച്ചിട്ടെന്നും അവകാശപ്പെട്ടു.
ഭീകര താവളങ്ങൾക്ക് മേൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരവേ പഞ്ചാബിൽ സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. 532 കിലോമീറ്റർ ദൈർഘ്യത്തിൽ 9 ആൻറി ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകിയത്.
ഇന്ത്യ – പാകിസ്ഥാൻ സംഘർത്തിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമർശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്. ഷെഹബാസ് ഷെരീഫ് ഒരു ഭീരുവാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാൻ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് അഹമ്മദ് വിമർശിച്ചു. പാർലമെന്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരെ ഷാഹിദ് അഹമ്മദിന്റെ വിമർശനം.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്റെ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിനെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഫോണിൽ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന് പിന്തുണ അറിയിക്കുകയും സംഘർഷം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യംവച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബുധനാഴ്ച പുലർച്ചെ നടന്ന കനത്ത ഷെല്ലാക്രമണത്തിനിടയിൽ ഒരു ഷെൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് തൊട്ടുപിന്നിൽ പതിക്കുകയും രണ്ട് കുട്ടികൾ മരിക്കുകയും മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനുമായുള്ള സംഘര്‍ഷത്തിനിടെ മൂന്ന് സേനാമേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
ആഗോള കത്തോലിക്കാസഭയുടെ മഹാ ഇടയന് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മളബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകൾ തടയാതിരിക്കാൻ പാകിസ്ഥാൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ അതിർത്തി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. ചണ്ഡീഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.
അതിർത്തി മേഖലയിലെ ഗുരുദ്വാരകളിൽ ഉള്ള സിഖ് മത ഗ്രന്ഥങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ആരംഭിച്ചു. ഗുരുദ്വാര കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി. സുരക്ഷിതമായ മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്ക് ആണ് ഗ്രന്ഥങ്ങൾ മാറ്റുന്നത്. സംഘർഷം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ കരുതൽ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
മൂന്ന് ജെറ്റ് വിമാനങ്ങൾ കശ്മീരിൽ തകർന്നു വീണതായുള്ള ചൈന ഡെയ്ലിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. വാർത്ത അടിസ്ഥാന രഹിതമെന്നാണ് പിഐബി (പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. ചൈന ഡെയ്ലി വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം 2019 ലേതാണ് എന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നും കേന്ദ്രം അറിയിച്ചു.
ഇന്ത്യ – പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
ഇന്ത്യാ പാക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079.
എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2025 മെയ് 28 മുതൽ ജൂൺ 2 വരെ നടത്തും. ജൂൺ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം.
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയർഫോഴ്സിൽ നിന്നുംമാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കേ രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സമ്പൂര്‍ണ ‘ബ്ലാക്കൗട്ട്’. പൊതുജനങ്ങളുടെ ഉള്‍പ്പടെ സുരക്ഷ മുന്‍നിര്‍ത്തി വൈദ്യുതിബന്ധം ജയ്‌സാല്‍മീരില്‍ പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ കര്‍ഫ്യൂവും ജയ്‌സാല്‍മീരില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പാക് ആക്രമണ ശ്രമം ഇന്ത്യന്‍ സേന വിജയകരമായി ജയ്‌സാല്‍മീരില്‍ പ്രതിരോധിച്ചിരുന്നു.
ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി. ഇന്ത്യാ – പാകിസ്ഥാൻ സംഘർഷം ശക്തമായിരിക്കെയാണ് സൈറൺ മുഴങ്ങിയത്. രണ്ട് തവണയാണ് അപായ സൈറൺ മുഴങ്ങിയത് ഇവിടെയുള്ള സംഘം റിപ്പോർട്ട് ചെയ്യുന്നു.
മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാൻ നടത്തിയ ഗൂഡാലോചനകൾ പൊളിച്ച് ഇന്ത്യ. സിവിലിയൻ വിമാനങ്ങൾ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാക് കുതന്ത്രം തിരിച്ചറിഞ്ഞ് പ്രതികരിച്ച് സൈന്യം. തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്ഥാന്‍ നടത്തിയതെന്നും എന്നാൽ പാകിസ്ഥാന്‍റെ ഗൂഡാലോചന തിരിച്ചറിഞ്ഞാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ സർക്കാർ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന സർക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടർമാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പൌരന്മാർക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാർ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികൾ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൌരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.
അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകൾ ലക്ഷ്യമിട്ട് പരമാവധി ആൾനാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. മേഖലയിൽ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം.
കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായമായി 30 കോടി രൂപയും അനുവദിച്ചു.
താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ വേദനക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാർമല ഹൈസ്കൂൾ. 55 കുട്ടികളാണ് വെള്ളാർമല ഹൈസ്കൂളിൽ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർ മലയിലെ 32 കുട്ടികൾ മരിച്ചിരുന്നു. ഇതിൽ ഏഴുപേർ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു.
മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.
ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു.
കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം പദവിയല്ലെന്നും പുതിയ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ. എല്ലാവരും ഒരു ടീമായി മുന്നോട്ട് പോകുമെന്നും പാർട്ടിയെ തിരഞ്ഞെടുപ്പിനൊരുക്കും, സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു എന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വയ്ക്കേണ്ടതായി വരും
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസിൽ മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സൈദീഖ് അറസ്റ്റിൽ. ഇന്നലെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്.
ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. ആശുപത്രി അധികൃതര്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഭീഷണി വന്നതായി ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല.
പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.