കേരളത്തിന്റെ അഭിമാനപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം രാജ്ഭവനിലേക്കാണ് പോവുക. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലാണ് തലസ്ഥാനഗരി. സ്വപ്നപദ്ധതി രാജ്യത്തിന് സമർപ്പിക്കുന്നത് കാണാൻ പൊതുജനത്തിന് അവസരമുണ്ടാകും.മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
പഹൽഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സജ്ജമാണെന്ന് സേനകളും വ്യക്തമാക്കി. പോസ്റ്റല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്സൈറ്റുകള്‍ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ.
ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് ചാൻസലറെ പിൻവലിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു.
ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അംഗീകരിച്ചത് കേന്ദ്രമാണ്. തന്നെ ക്ഷണിച്ചിട്ടില്ല, എന്നാലും താൻ പങ്കെടുക്കും. പദ്ധതിയിൽ കേന്ദ്രത്തിന് അവകാശപ്പെടാൻ ഒന്നുമില്ല. വേടനെതിരായ പുലിനഖം കേസ് ഇത്തരത്തിൽ പെരുപ്പിച്ചത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
കൈക്കൂലി കേസിൽ പിടിയിലായ കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥ സ്വപ്ന, സുപ്രധാന ചുമതല നേടിയത് മേലധികാരികളുടെ പ്രിയം നേടിയതിലൂടെ.സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം തുടങ്ങി. കോർപ്പറേഷൻ പരിധിയിൽ ഇവർ നൽകിയ മുഴുവൻ ബിൽഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്നയെ തൃശൂർ വിജിലൻസ് ജഡ്ജിക്ക് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നൽകിയിരുന്നുവെന്നും ഈ നിർദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനായതെന്നും മന്ത്രി വിവരിച്ചു.
വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (CEOs) സമ്മേളനത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച കാര്യങ്ങൾക്കനുസൃതമായാണ് ഈ നടപടി.
കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും 14 ദിവസം റിമാൻ്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്. ഇന്നലെയാണ് രണ്ട് പേരെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവർക്കുമെതിരെയുള്ള നിർണായക തെളിവുകൾ കിട്ടിയതോടെയായിരുന്നു നടപടി. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.
കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
കോഴിക്കോട് വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളുടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.
തിരിച്ചടി ഭയന്ന് കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്‍റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന. അതേസമയം, വാഗാ അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തർക്കം. പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചു. അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ ഇൻറലിജൻസ് വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. കശ്മീരികൾ മികച്ച രീതിയിൽ ജീവിക്കുന്നത് പാകിസ്ഥാന് ഇഷ്ടമല്ലെന്നും ഈ ആക്രമണം ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് എത്രത്തോളം തിരിച്ചടിയാകുമെന്ന് അവർ പരിഗണിച്ചില്ലെന്നും ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു. ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വീണ്ടും വിളിച്ച് ഇന്ത്യ. പാകിസ്ഥാൻ ആഗോള ഭീകവാദത്തിൻറെ കേന്ദ്രമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി
തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിന്‍റെ സുരക്ഷ പാകിസ്ഥാൻ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്. സുരക്ഷ ഏതാണ്ട് നാല് മടങ്ങ് വർദ്ധിപ്പിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സായുധ സേനയിലെ സായുധരായ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ലാഹോറിലെ ഹാഫിസിന്‍റെ താമസസ്ഥലത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തിൽ വ്യക്തതയായി. ആറ് ഭീകരരെയാണ് ഇന്ത്യ തെരയുന്നത്. ഇതിൽ നാല് ഭീകരർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. മറ്റു രണ്ടുപേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഈ ആറു ഭീകരർക്കായാണ് അനന്തനാഗ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇവർ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരിച്ചിലാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി അനന്തനാഗ് മേഖല സൈന്യം വളഞ്ഞാണ് തിരിച്ചടിൽ നടത്തുന്നത്.
ചരിത്രപരമായ കരാർ ഒപ്പിട്ട് അമേരിക്കയും യുക്രൈനും. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാൻ ധാരണ. ലാഭത്തിന്‍റെ 50 ശതമാനം അമേരിക്കയുമായി പങ്കുവയ്ക്കും. ഏറെ നാളത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാർ ഒപ്പിട്ടത്.