Untitled design 20250112 193040 0000 1

 

വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ തുടർനീക്കം തടഞ്ഞ് സുപ്രീംകോടതി. നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കാനോ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രത്തിന് കൂടുതൽ രേഖകൾ നല്കാൻ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് 5 വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

 

സംസ്ഥാന സർക്കാരിനെതിരെ ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ കള്ളസത്യവാങ് മൂലം നൽകിയെന്നാണ് ആശ വർക്കർമാർ ആരോപിക്കുന്നത്. സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വർക്കർമാർ ആരോപിച്ചു. പൊതുതാൽപര്യ ഹർജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ ആരോപിക്കുന്നു.

 

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെയും എന്‍റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തിന്റെ പ്രചാരണ ധൂർത്തിന് 26 കോടി അനുവദിച്ച് സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര കോടികൾ ചെലവഴിച്ച് ആർഭാടം വാരി വിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ലെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലെ രൂക്ഷ വിമ‍ശനത്തിൽ വിശദമാക്കുന്നത്.സമ്പൂർണ്ണമായും സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണിയെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആദർശിനെയാണ് നാല് വർഷത്തേക്ക് നിയമിച്ചത്. . സർവകലാശാലയിലെ സിൻ്റിക്കേറ്റ് പ്രതിനിധിയാകുന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം എന്ന മാനദണ്ഡo പാലിക്കാനാണ് ആദർശ് ഇവിടെ വീണ്ടും അഡ്‌മിഷനെടുത്തത് എന്നും വിവരമുണ്ട്.

നടന്‍ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നൽകും. പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും.ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്.

 

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റൻ്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷിയില്‍ നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

 

എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് അറസ്റ്റിലായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് മോഷണം പോയത്.

 

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ അനുവദിച്ചു. തിങ്കളാഴ്ച അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്ക് സ്വർണക്കടത്ത് പെൺവാണിഭ സിനിമ മേഖലയുമായുള്ള ബന്ധത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്.വെട്ടിക്കുറച്ച ഹജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നൽകിയതെന്നും, പുതിയ സാഹചര്യത്തിൽ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷൻ പ്രതികരിച്ചു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

 

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.

രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും ധൻകർ പ്രസ്താവിച്ചു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.

 

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രയങ്കാ ഗാന്ധിയുടെ ഭർത്താവും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ റോബർട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും റോബർട്ട് വദ്ര ഇഡിയുടെ മുമ്പിലെത്തി. ചോദിച്ച കാര്യങ്ങൾ തന്നെയാണ് ഇഡി ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് റോബർട്ട് വദ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഒഡീഷയില്‍ ഓസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്.

പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീർ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള അതിന്റെ ഏക ബന്ധം, ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

തമിഴ്നാട്‌ ഗവർണർ ആർ എൻ രവി ദില്ലിക്ക് പോയി. ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.  അമിത് ഷായെ രവി കാണുമെന്നാണ് സൂചന ബില്ലുകൾ തടഞ്ഞു വച്ചതിനെതിരായ സുപ്രീം കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുന്നതിൽ കൂടിയാലോചനകൾ നടത്തുമെന്നും അഭ്യൂഹമുണ്ട്. കോടതി ഉത്തരവിനെ കുറിച്ച് ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

മുർഷിദാബാദ് സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പതിനായിരത്തോളം പേർ മുർഷിദാബാദിൽ സംഘടിച്ചെന്നും ദേശീയപാത അടക്കം തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ബംഗാൾ സർക്കാരിന്‍റെ റിപ്പോർട്ടിലുണ്ട്. അക്രമകാരികൾ പൊലീസിന് നേരെ കല്ലേറ് നടത്തുകയും പൊലീസുകാരുടെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സർക്കാർ വ്യക്തമാക്കി. പ്രദേശത്തെ വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *