കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതിൽ വീണ ജോർജിന്‍റെ വിശദീകരണത്തിൽ അവ്യക്തത. 19ന് ഉച്ചക്ക് ഇ -മെയിൽ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ, 18ന് അയച്ച കത്തായിരുന്നു ഇന്നലെ ദില്ലിയിൽ മന്ത്രി പുറത്തുവിട്ടത്. അനുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ പഴിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ആരോഗ്യമന്ത്രി.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആൾരൂപമാണെന്നെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണ്. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം അറസ്റ്റിലായത് 251 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സംശയിച്ച് 2765 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 236 കേസുകളു രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക. വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുവാനുണ്ട്. കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു .
ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ഈ മാസം 25ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന വാഴിക്കൽ ചടങ്ങിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ ഉന്നയിച്ചായിരുന്നു ഹർജി.
കേരളത്തിൽ ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് വിധുവിനെ അഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷീലയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
താമരശ്ശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. എന്നാൽ ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈങ്ങാപുഴയിൽ കൊല്ലപ്പെട്ട ഷിബില ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം. പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലെത്തി സ്വയം ജോലിയും കണ്ടെത്തി മൂന്നാം ദിവസമായിരുന്നു കൊലപാതകം. പരാതിയിൽ പൊലീസ് കാര്യമായി ഇടപട്ടില്ലെന്നും സഹോദരി പറഞ്ഞു. അതേസമയം, ജില്ലയിലെ ലഹരി ഹോട്ട് സ്പോടുകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കി.
പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസിൽ സീനിയർ അക്കൗണ്ടൻ്റ് മോഹന കൃഷ്ണൻ ഉൾപ്പെടെ 7 പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.
ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്.
കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി.
കാസർഗോഡ് 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ് കെ യാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളുടെ പോക്കറ്റിലും ബൈക്കിലും ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് എക്സൈസ് കണ്ടെടുത്തത്.
എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആൺ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കും. പീഡനത്തെ പറ്റി കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. അറിഞ്ഞിട്ടും ഇത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക.
കൊല്ലം നഗരത്തിൽ വേദനസംഹാരി ഗുളികകൾ ലഹരിക്കായി കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മുണ്ടക്കൽ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന ഗുളിക അടക്കം പിടിച്ചെടുത്തു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതി കച്ചവടം നടത്തിയിരുന്നത്.
സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ കർണാടക സർക്കാർ 7500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി ബിജെപി. കരാർ മീറ്റർ നിർമ്മാതാവിന് നൽകുന്നതിന് പകരം വിതരണക്കാരന് നൽകിയത് മൂലം മീറ്ററിന്റെ വില കൂടിയെന്നാണ് ആരോപണം. ബിജെപി എംഎൽഎ സിഎൻ അശ്വത് നാരായൺ കരാർ റദ്ദാക്കി അന്വേഷണം നടത്തണമെന്നാണ് വ്യാഴാഴ്ച നിയമസഭയിൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത് പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി സുപ്രീംകോടതി. ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. 15 കോടി രൂപ കണ്ടെത്തിയെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. വിഷയം കോൺഗ്രസ് രാജ്യസഭയിൽ ഉന്നയിച്ചു.
ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവുമായി ദില്ലി ഫയർഫോഴ്സ് രംഗത്തെത്തി. ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് പ്രതികരിച്ചു. 15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്ന് വാർത്ത ഏജൻസിയോട് അതുൽ ഗാർഗ് വിശദീകരിച്ചു.
രാജ്യസഭയിൽ സി പി എം അംഗമായ ജോൺ ബ്രിട്ടാസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബ്രിട്ടാസിന്‍റെ പാർട്ടിയാണ് ഏക അന്താരാഷ്ട്ര പാർട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഡോജ് സംഘത്തിലെ പ്രധാനിയും ശതകോടീശ്വരനുമായ ടെസ്‍ല സി ഇ ഒ ഇലോൺ മസ്കിന്‍റെ ഗ്രോക്കിനെ ബ്രിട്ടാസ് ഉദ്ധരിച്ചപ്പോഴായിരുന്നു അമിത് ഷാ എഴുന്നേറ്റതും പരിഹാസം നടത്തിയതും.
ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭാഷയുടെ പേരില്‍ വിഷം പടര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രം തമിഴ്‌നാട്ടിലേക്ക് ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണങ്ങൾക്കാണ് രാജ്യസഭയിൽ അമിത് ഷായുടെ മറുപടി. അഴിമതി മറച്ചുവെക്കാനുള്ള മറയായി ഭാഷാ വിവാദം ഡി.എ.കെ വലിച്ചിഴക്കുകയായണെന്നും ഷാ ആരോപിച്ചു.