Untitled design 20250112 193040 0000 2

 

ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രിയുടെ ”ഉപദേശത്തിന്” സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു.

 

ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആശ പ്രവർത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാൽ വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് എപ്പോള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സമയബന്ധിതമായി വര്‍ധന പരിഗണിക്കുമെന്നും, മോദിയുടെ ഭരണകാലത്ത് ഇന്‍സെന്‍റീവില്‍ നല്ല വര്‍ധന വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജെപി നദ്ദ മറുപടി നല്‍കി. ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി.

 

വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതെങ്കിലും കുറച്ച് സമയം മുമ്പാണ് മെയില്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലാവുകയായിരുന്നു.

സംസ്ഥാനത്ത് വരുന്നഅഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും 24, 25 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എംപി. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം എംപി പ്രതികരിച്ചു.

മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തിൽ പൊലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.

തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു.നാലു ബിജെപി കൗണ്‍സിലര്‍മാരു‍ടെ വോട്ടെടുകള്‍ കൂടി ലഭിച്ചതോടെയാണ് അവിശ്വാസം പാസായത്.

കൊല്ലം താന്നിയിൽ രണ്ടര വയസുകാരനെ കൊലപ്പെടുത്തിയ അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ജീവിതത്തിൽ പരാജയപ്പെട്ടു. സാമ്പത്തിക ബാധ്യതയും അജീഷിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് മരണകാരണമെന്നുമാണ് കുറിപ്പിലുള്ളത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.

 

തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് വൻ തട്ടിപ്പ് നടത്തിയത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങി പറ്റിച്ചതായി പരാതിയുണ്ട്. തൃശ്ശൂർ കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

 

ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ഫ്ലാറ്റിൽ നിന്ന് 100 കോടിയോളം രൂപ വിലവരുന്ന സ്വർണക്കട്ടികളും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടികൂടി. 88 കിലോഗ്രാം സ്വർണക്കട്ടികളും 19.66 കിലോഗ്രാം സ്വർണാഭരണങ്ങളും 11 ആഡംബര വാച്ചുകളും 1.37 കോടി രൂപയുമാണ് പിടികൂടിയത്. ഭീകര വിരുദ്ധ സ്ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസും സംയുക്തമായാണ് ഓപ്പറേഷേൻ നടത്തിയതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

 

തിങ്കളാഴ്ച നാ​ഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *