ഓപ്പറേഷന് ഡി -ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 14ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നൽകി.
കളമശ്ശേരി പോളിടെക്നിക് കോളേജിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നൽകുകയാണ്. പൂർവ്വ വിദ്യാർത്ഥികൾ എന്ന പേരിൽ പിടിയിലായ ഷാരിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവർ കെഎസ്യു പ്രവർത്തകർ എന്ന് ഒരു മാധ്യമവും പറയുന്നില്ല. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും കെ എസ് യു പ്രവർത്തകനാണെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കെഎസ്യു സംസ്ഥാന നേതാവുമടക്കം നിൽക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐ നേതാവ് രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
ആശമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാരിൻ്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.
ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്നും ഓൺലൈൻ, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗൽ മെട്രോളജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ഒരാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തിലാണ് കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പളളി സ്വദേശിയായ എബിനെ ബെംഗളൂരു ബെന്നാർഘട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കർണാടകത്തിലേക്ക് കൊണ്ടുപോയി.
താമരശേരിയിൽ 13 വയസുകാരിയെ കാണാതായി. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയും (26) കാണാതായിട്ടുണ്ട്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.
അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിൽ കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ച സംഭവം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് ആരോപണം. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റാണ് നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ഹൈടെൻഷൻ ലൈനിൽ വൈദ്യുതി കടത്തിവിട്ടത് ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് നഞ്ചനൊപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ പറയുന്നത്.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നൽകി.മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന് തെറാപ്പി (എസ്.ജി.ആര്.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന് നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രോഗ നിർണയത്തിനയച്ച സാംപിളുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസുപത്രിയിലെ പാത്തോളി ലാബിൽ പരിശോധനക്ക് അയച്ച അവയവ സാമ്പിളുകള്‍ മോഷ്ടിച്ച സംഭവത്തിൽ ആക്രിക്കാരൻ കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ മോഷണ ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ മര്‍ദനമേറ്റ നിലയിലായതിനാൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്.
മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്.
ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുന്നയിച്ച അസം കോൺഗ്രസ് വക്താവ് റീതം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹത്തി പോലീസിന്റെ സഹായത്തോടെ ലഖിംപൂർ പോലീസിലെ ഒരു സംഘമാണ് ഗുവാഹത്തിയിലെ വീട്ടിൽ നിന്ന് റീതം സിംഗിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എക്സിൽസിങ് നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ മനാബ് ദേകയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന ഭാഷ വിവാദത്തില്‍ തമിഴ് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്ല്യാണ്‍ രംഗത്ത്. ഹിന്ദിക്കെതിരായി തമിഴ്നാട് സര്‍ക്കാര്‍ അടക്കം നടത്തുന്ന പ്രതിഷേധം കാപട്യമാണെന്നാണ് വെള്ളിയാഴ്ച പവന് കല്ല്യാണ്‍ ആരോപിച്ചത്. തമിഴ്നാട്ടിലെ നേതാക്കൾ ഹിന്ദിയെ എതിർക്കുമ്പോൾ സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ആ ഭാഷയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് പവന് കല്ല്യാണ്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോകനേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ നഗരത്തിലെ ടെന്റുകളോ ചുവരെഴുത്തുകളോ അവർ കാണരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനോഹരമായിട്ടാണ് രാജ്യതലസ്ഥാനം കാണപ്പെടേണ്ടതെന്നും കുറ്റകൃത്യങ്ങളിലാത്ത ഒന്നായി വാഷിങ്ടണ്‍ നഗരത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.