നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ കേസ്. നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.
വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി സ്മാർട്ട് കാർഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിലൂടെ ദുരന്ത ബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്യാൻ സൗകര്യമൊരുക്കും. ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപ കൂപ്പൺ നൽകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബർ ആക്രമണം. കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായാണ് ഇടത് സൈബർ പ്രൊഫൈലുകളിൽ നിന്ന് വിമർശനം ഉയർന്നത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിലാണ് വിമർശനം.
സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച കേസിൽ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപന ജോയിന്‍റ് ഡയറക്ടർക്കായിരിക്കും ഇക്കാര്യത്തിൽ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാക്കോബായ സഭയുടെ അധ്യക്ഷന്റെ വാഴിക്കൽ ചടങ്ങ് സഭ തർക്കത്തിലെ സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപൊലീത്ത. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നിയമവിരുദ്ധ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് വിമർശിച്ച അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി പി രാജീവ് വിദേശത്ത് പോകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി.
ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ തലയിലേറ്റ മുറിവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുളിമുറിയിൽ വീണ് പരുക്കേറ്റു എന്നായിരുന്നു കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ വിളിച്ചുപറഞ്ഞത്. എന്നാൽ മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിൻ്റെ സഹോദരി പറഞ്ഞു.
മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രക്താർബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ, കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. മൂന്നാഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തലശേരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി.പി.എം ക്രിമിനലുകൾ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സി.പി.എം നേതാക്കള്‍ ബലമായി മോചിപ്പിച്ചു. ഇത് എന്ത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായത്. പൊലീസിനെക്കാള്‍ വലുതാണ് സി.പി.എം എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സകല ഗുണ്ടകൾക്കും ക്രിമിനലുകൾക്കും കൊടുക്കുന്ന ഈ രാഷ്ട്രീയ സംരക്ഷണം പൊലീസിന്റെ ആത്മവീര്യം തകർക്കും. സംസ്ഥാന ഭരണം തന്നെ ഇപ്പോൾ നിയന്ത്രിക്കുന്നത് സിപിഎം ക്രിമിനലുകളും സംഘപരിവാർ ശക്തികളുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി. സഹോദര തുല്യനായ ഒരാളുടെ വേർപാടുപോലെ കെ കെ കൊച്ചിന്‍റെ വിയോഗം എന്നെ ഉലയ്ക്കുന്നു.ദളിത് – കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടാനും ജീവിതാന്ത്യം വരെ പോരാടിയ വിപ്ലവകാരിയായിരുന്നു കെ കെ കൊച്ച് എന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മാസം മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര എയര്‍കണ്ടീഷന്‍, സ്ലീപ്പര്‍ തുടങ്ങിയ ഹൈടെക് ബസുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന പാതകളില്‍ ഹൈടെക് ബസുകളും ചെറിയ റൂട്ടുകളില്‍ ചെറിയ ബസുകളുമായിരിക്കും നല്‍കുക.
വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനിൽദത്താണ് വെട്ടേറ്റ് മരിച്ചത്. ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേർന്നാണ് ആക്രമിച്ചത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം.
കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്‌സ്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ കുത്തിവെപ്പെടുത്തത്. കുത്തിവെപ്പെടുത്തതിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ആത്മഹത്യയാണെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ഉത്തര്‍പ്രദേശിലെ ബോര്‍ഡ് പരീക്ഷകൾ തീര്‍ത്തും സുതാര്യമായി നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍. ബുധനാഴ്ച പൂര്‍ത്തിയാക്കിയ ബോര്‍ഡ് പരീക്ഷകൾ കോപ്പിയടി രഹിതമായി പൂര്‍ത്തിയാക്കാൻ സാധിച്ചുവെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പരീക്ഷാ രീതി പരിഷ്കരിക്കാനും ദുരുപയോഗങ്ങൾ ഇല്ലാതാക്കുന്നതിനുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ദൃഢനിശ്ചയ ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അവകാശപ്പെടുന്നു.
ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം (₹) ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. രൂപയുടെ ചിഹ്നത്തിന് പകരം തമിഴ അക്ഷരമാലയിലെ ‘രൂ’ എന്ന് ഉപയോഗിക്കും. ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്ന ആചാരം വിലക്കി മദ്രാസ് ഹൈക്കോടതി. ശയനപ്രദക്ഷിണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആരോഗ്യത്തിനും മനുഷ്യന്റെ അന്തസ്സിനും ഹാനികരമാണ് ആചാരമെന്ന് കോടതി നിരീക്ഷിച്ചു. ദളിത് പാണ്ഡ്യൻ എന്ന കരൂർ സ്വദേശിയുടെ ഹർജിയിൽ 2015ൽ ഹൈക്കോടതി ശയനപ്രദക്ഷിണം വിലക്കിയിരുന്നു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയനുകള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. യു.എസ്. വിസ്‌കികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ഈടാക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയാണ് ട്രംപ് ഈ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തലിന് വേണ്ടി യു.എസും യുക്രൈനും ചേര്‍ന്ന് മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ വിമര്‍ശിച്ച് റഷ്യ. ഈ നിര്‍ദേശങ്ങള്‍ യുക്രൈന്‍ സൈന്യത്തിന് താത്കാലിക ആശ്വാസം നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥനും പുതിന്റെ അനുയായിയുമായ യുറി ഉഷാകോവ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 പുരുഷന്‍മാരെ വരെ വിവാഹം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി ഒരു പൊതുചടങ്ങില്‍ പറഞ്ഞു.