സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖയെന്നും നടത്തിപ്പിൽ സുതാര്യത ഉണ്ടാകും കൂടാതെ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പെന്നും സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ജനം അനുകൂലമാണെന്നും അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും, തുടർ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ശാന്തകുമാരിയും ആർ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങൾ. ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം രാജഗോപാൽ, കെ റഫീഖ്, എം മഹബൂബ്, വിപി അനിൽ, കെവി അബ്ദുൾ ഖാദർ, എം പ്രകാശൻ മാസ്റ്റർ, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടിആർ രഘുനാഥ്, എസ് ജയമോഹൻ, ഡികെ മുരളി എന്നിവരാണ് പുതുമുഖങ്ങൾ.
എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കുമെന്നും ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും പാർട്ടിയെ കൂട്ടായി നയിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസൻ കോടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നായിരുന്നു ഉയർന്ന വിമർശനം.
കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ക്യാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച്ച തുടക്കമാകും. യാത്ര എൻഎസ്‍യുഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി ഉദ്ഘാടനം ചെയ്യും. കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ലഹരി വിരുദ്ധ ബോധവത്കരണ ജാഥ സംഘടിപ്പിക്കുന്നത്.
കണ്ണൂർ കളക്ടർ അരുൺ കെ.വിജയനും എഡിഎം നവീൻ ബാബുവും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴി. കളക്ടർ അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്. അതേ സമയം നവീൻ ബാബുവിൻറെ കുടുംബം തുടക്കം മുതൽ കലക്ടറെ സംശയിക്കുന്നുണ്ട്.
റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബു മനപ്പൂർവ്വം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചതെന്നും നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ എഡിഎം കേസിലെ ക്രൈം അന്വേഷിക്കുന്ന ഏജൻസിക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവ് ലഹരിമരുന്ന് വിഴുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടതിന്റെ കാരണം അമിത അളവില്‍ ശരീരത്തില്‍ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഷാനിദ് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്.
എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളിൽ സ്കാൻ പരിശോധനയിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്തിയതിൽ 3 പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇവയിൽ രണ്ട് പാക്കറ്റുകളിൽ ക്രിസ്റ്റൽ തരികളും ഒന്നിൽ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇത് കഞ്ചാവാണെന്നാണ് നിഗമനം. ഷാനിദിന്റെ ഇൻക്വസ്റ്റ് പൂർത്തിയായി. താമരശ്ശേരി തഹസിൽദാരുടെയും കുന്നമംഗലം ജുഡീഷ്യൻ മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും.
താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ കഴിയും മുമ്പ് വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതിയ കത്ത് സാധാരണ തപാലിലാണ് സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്.
കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരം. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലുമാണ് നിരീക്ഷണ സംഘം. മയക്കുവെടി നൽകി ചികിത്സ നൽകാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപടിലാണ് വനംവകുപ്പ്.
വാഴച്ചാല്‍ ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ ആനത്താരുകളില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ആനത്താരുകളിലെ കുപ്പിച്ചില്ല്, ഇരുമ്പ് കമ്പികള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങളാണ് ആനകളടക്കമുള്ള വന്യജീവികള്‍ക്ക് ദുരിതമാകുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് ആക്ഷേപം. തന്ത്രിമാരുടെയും വാര്യർ സമാജത്തിന്‍റേയും എതിർപ്പിനെ തുടർന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി. സ്ഥലംമാറ്റം താൽക്കാലികം എന്ന് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ ജി അജയുമാർ വിശദീകരിച്ചു. ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവിനെ താൽക്കാലികമായി ഓഫീസിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടലിൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലിൽ വീണു. കടൽ മണൽ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയാണ് കടലിൽ വീണത്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്.
കാസർകോട് പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതിനെതിരെ വ്യാപകമായി വിമർശനം. പെൺകുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. പോക്സോ കേസ് ആയിട്ടുപോലും പൊലീസ് വേണ്ട രീതിയിൽ എടുത്തില്ലെന്നും തുടർന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് പൊലീസ് ഊർജ്ജിതമായി വിഷയം അന്വേഷിക്കുന്നതെന്നും വിമർശനം ഉണ്ട്.
താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള സൈബർ സ്റ്റോക്കിങ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊല്ലം ഇരവിപുരം വഞ്ചിക്കോവിലിൽ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ഇരവിപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരി വസ്തുക്കൾ പിടികൂടിയത്. പൊലീസ് എത്തുന്നതിന് മുൻപ് പ്രതിയായ വഞ്ചിക്കോവിൽ സ്വദേശി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിപണിയിൽ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം ഈരാറ്റുപേട്ടയിൽ ജലറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ വിവിധജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്.
സിപിഎം സംസ്ഥാന സമിതിയിൽ എടുത്തില്ല എന്ന കാരണത്താൽ അതൃപ്തി പരസ്യമാക്കി പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ പത്മകുമാർ. പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങി. ‘ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു. വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്.
പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വൻപറമ്പിൽ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീഅയ്യപ്പൻ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്. പാപ്പാൻമാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനിടെ വൈകീട്ട് 5:40ഓടെയാണ് ആനയെ തളച്ചത്.സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന് ശേഷം ആനയെ എഴുന്നള്ളിക്കാതെയാണ് പകൽപ്പൂരം നടത്തിയത്.
കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു.
കേരളത്തിന്‍റെ വികസനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്ന് പറഞ്ഞ അദ്ദേഹം എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ പോലും സഹായം നൽകിയില്ല. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാദ് പിടിയിലായി. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞാറിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തി.
ജമ്മുകാശ്മീരിലെ കത്വയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 3 യുവാക്കളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സൂചന. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും, സമാധാനം തകർക്കാനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ഈ മാസം അഞ്ചിന് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്വ മൽഹർ മേഖലയിൽ നിന്നും യോഗേഷ്, ദർശൻ, വരുൺ എന്നിവരെ കാണാതായത്.
നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാർഡിയോളജി വിഭാഗത്തിൽ അഡ്‍മിറ്റ് ചെയ്ത ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ പ്രദേശത്ത് സ്വകാര്യ വനിതാ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. ഹോസ്റ്റൽ ഉടമ ബി മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഹോസ്റ്റലിലെ വില്ല നമ്പർ 75ൽ താമസിക്കുന്ന ഒരു യുവതിയാണ് ഒളിപ്പിച്ച നിലയിലുള്ള ക്യാമറ കണ്ടെത്തിയത്.
മുംബൈയിലെ അന്ധേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച വൻ തീപിടുത്തത്തിൽ കലാശിച്ചു. നാല് വാഹനങ്ങൾ കത്തി നശിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ധേരി ഈസ്റ്റിലെ തക്ഷിലയിൽ റോഡിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന എംജിഎൽ ഗ്യാസ് പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്.
മണിപ്പൂരിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്നലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കാങ്പോക്പിയിൽ കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് ജാഗ്രത കർശനമാക്കി. അമിത്ഷായുടെ നിർദേശ പ്രകാരം ഇന്നലെയാണ് മണിപ്പൂരിൽ റോഡ് ഗതാഗതം പുനസ്ഥാപിക്കാനും സമാധാന റാലികൾ നടത്താനും അധികൃതർ ശ്രമം തുടങ്ങിയത്. എന്നാൽ കുകി വിഭാഗക്കാർ ശക്തമായ എതിർപ്പുയർത്തിയതിനെ തുടർന്ന് പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷമുണ്ടായി.
പാകിസ്താനിലേക്ക് യാത്രചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യു.എസ്. ഇന്ത്യ-പാകിസ്താൻ അതിർത്തി, നിയന്ത്രണരേഖ, ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ എന്നീ പ്രവിശ്യകളിലേക്കുള്ള യാത്രയ്ക്കെതിരെയാണ് യു എസ് മുന്നറിയിപ്പ് നൽകുന്നത്.
അടുത്തിടെ സമാപിച്ച മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പുതിയ റിപ്പോർട്ട്. ഉയർന്ന കോളിഫോം ബാക്ടീരിയയുടെ വർധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നൽകിയ റിപ്പോർട്ട്.
ഭൂഗർഭ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പദയിൽ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് സംഭവം. ഇന്ന് രാവിലെ 11:30 ഓടെയാണ് ദാരുണ സംഭവം നടന്നത്.
യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ വികൃതമാക്കി. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ടാണ് ക്ഷേത്രം അലങ്കോലമാക്കിയത്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണ് ക്ഷേത്രത്തിന് നേരെ നടന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തെലങ്കാന ടണൽ ദുരന്തത്തിൽ കാണാതായ എട്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്‍റെ മായ, മർഫി എന്നീ കഡാവർ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. ബോറിംഗ് മെഷിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.ബോറിംഗ് മെഷീൻ പതിയെ മുറിച്ച് മാറ്റിയാണ് മൃതദേഹം പുറത്തെടുക്കുക. ഫെബ്രുവരി 23-ന് നാഗർകുർണൂലിലെ ടണൽ ഇടിഞ്ഞ് വീണ് എട്ട് പേരാണ് കുടുങ്ങിയത്.