ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന് രാമചന്ദ്രന് ചോദിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നിരക്ക് നിശ്ചയിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയമാണ്, നയപരമായ തീരുമാനത്തില്‍ കോടതി അഭിപ്രായം പറയുന്നത് ഉചിതമാകില്ല. കോടതി ഇടപെടല്‍ വിപരീത ഫലമുണ്ടാക്കിയേക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോഴിക്കോട് – ജിദ്ദ വിമാനങ്ങളുടെ യാത്രാനിരക്ക് കൂടാനുള്ള കാരണം പരിശോധിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
മരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാ പമ്പ് അപേക്ഷൻ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂർ ജയ് സിംഗ് നൽകിയ വിവരാവകാശ അപേക്ഷക്ക് വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ മറുപടി. എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
ബി.ജെ.പിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എം.വി ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുത്. ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചുകൊടുക്കുന്ന കേരളത്തിലെ സി.പി.എം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി .സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്.നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസിന്റെ നിർണായക നീക്കം. അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശം. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനം. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം.
ആശമാർക്കുള്ള ഇൻസെന്റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു.
സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പാര്‍ട്ടി വോട്ട് ബിജെപിക്കു മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്.സ്വന്തം വിശ്വാസ്യതയും പാര്‍ട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണ് പിണറായി വിജയന് എന്നും അദ്ദേഹം വിമർശിച്ചു .
കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് മുനാഫിസ് കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ ധനൂപ് എ കെ (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.
കോട്ടയം മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബർ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് .ഇന്ന് മുതൽ എട്ടാം തീയതി വരെ കേരളത്തിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ്അറിയിച്ചു.
ഏറ്റുമാനൂരിൽ ട്രെയിന്‍ മുന്നിൽ ചാടി അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിൽ. ഏറ്റുമാനൂർ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.ഭർത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും.
മലപ്പുറത്ത് ലോറിയിൽ കടത്തിക്കൊണ്ട് വന്ന 10,430 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. 300 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് എൻഫോഴ്സ്മെന്റ് അഡീഷണൽ കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് പാർട്ടിയും തിരൂർ എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്.
പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി അറുപത് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മൻ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ന്യൂസിലൻഡിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നാണ് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോകനായകിയുടെ കാമുകനായ അബ്ദുൽ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.
50,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. വിവിധ സർക്കാർ വകുപ്പുകളിലായി മൂന്ന് വർഷത്തിനിടെ 51,000 ജോലികൾ സംസ്ഥാന സർക്കാർ ഇതിനകം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.763 പേർക്കുള്ള നിയമന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവന്ത് മൻ.
കർണാടകയിൽ എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നു.ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷമാണ് സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളുടെ ചോദ്യപേപ്പർ യൂട്യൂബിൽ കണ്ടെത്തിയത്.വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്ചര്ച്ചയില് പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.