Untitled design 20250112 193040 0000 2

 

 

2023-24 ലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിയെ കേന്ദ്ര സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു . സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിത്താണ് റാങ്കിങ്ങിൽ പരിഗണിച്ചത്. പ്രവർത്തന മികവിൽ അഖിലേന്ത്യാതലത്തില്‍ 32-ാം സ്ഥാനത്തു നിന്ന്‌ 19 ലേക്കാണ്‌ കെഎസ്‌ഇബി. ഉയര്‍ന്നത്.

 

കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അടിച്ചേൽപ്പിക്കുന്ന അധിക യാത്രാ ചിലവ് പുനപരിശോധിക്കണമെന്നും സാമ്പത്തികമായി പിന്നാക്ക അവസ്ഥയിൽ ഉള്ള മലബാറിൽ നിന്നുള്ള മുസ്ലിങ്ങൾക്ക് മതപരമായ കടമ നിർവ്വഹിക്കാൻ അവസരം ഒരുക്കണം എന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഉയർന്ന വിമാന നിരക്ക് ഹജ്ജിന് പോകുന്നവരിൽ നിന്ന് ഈടാക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

 

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി ഉദ്യോ​ഗസ്ഥതല അവലോകന യോ​ഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോ​ഗത്തിൽ അധ്യക്ഷത വഹിച്ച സബ് കളക്ടർ ആൽഫ്രഡ് ഒ വി പറഞ്ഞു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയും അധിക സർവ്വീസുകൾ നടത്തു൦.

 

വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും.സൗദി അറേബ്യയിലും ഒമാനിലും ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ ഇന്ന് മുതൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചിരുന്നു.

 

കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. ഞാൻ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണ്. അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പൊലിസ് സത്യം കണ്ടത്തട്ടെ. മറ്റൊന്നും പറയാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും ഒമ്പത് ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

 

മൺട്രോത്തുരുത്തിൽ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷിച്ചയാളുടെ ജീവനെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയാണ് മദ്യ ലഹരിയിൽ ആയിരുന്ന അമ്പാടി നാട്ടുകാരനായ സുരേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയാണ് അമ്പാടി. ഇന്നലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

 

പയ്യോളിയിൽ നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം. കോഴിക്കോട് ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെയാണ് അർദ്രയെ പയ്യോളിയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

 

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോ‍ർട്ടത്തിലെ കണ്ടെത്തൽ.

 

കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.പ്രതികളായ സാമൂവൽ ജോൺസൻ ,എൻ എസ് ജീവ, റിജിൽ ജിത്ത്,  രാഹുൽ രാജ്,എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്.

 

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ൪ത്ഥി സാജനാണ് (20) മ൪ദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മ൪ദിക്കുകയായിരുന്നുവെന്ന് എഫ്ഐആ൪  പറയുന്നു. സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു.കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ കൊല്ലപ്പെട്ടത്. ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

 

ആശാ വർക്കർമാരുടെ ആനുകൂല്യം വർധിപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ആശാ വർക്കർമാരുടെ ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിക്കൽ എന്നിവക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായുഡു അംഗീകാരം നൽകി.നിലവിൽ പ്രതിമാസം 10000 രൂപയാണ് ആന്ധ്രയിൽ ആശാ വർക്കർമാർക്ക് ലഭിക്കുന്ന ശമ്പളം.

 

മലിനീകരണം നിയന്ത്രിക്കുന്നതിനായി മാർച്ച് 31 ന് ശേഷം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് ദില്ലി സർക്കാർ തീരുമാനിച്ചു. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ മാരത്തൺ യോഗങ്ങൾക്ക് ശേഷമാണ് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ഇക്കാര്യം അറിയിച്ചത്.

 

2023 ഒക്ടോബര്‍ ഏഴിന്‌ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ്‌. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് മർസൂഖ്‌. ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ്‌ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്ന് മർസൂഖ്‌ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍. ഗ്രൂപ്പ് ബി-യില്‍ അഞ്ചുപോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് സെമി പ്രവേശം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 29.1 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുടെയും കൂടിക്കാഴ്ച രൂക്ഷമായ വാക്പോരിൽ കലാശിച്ചതിന് ശേഷമുള്ള യുക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം ചർച്ചയാകുന്നു. അമേരിക്ക നൽകിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് സെലൻസ്‌കിയുടെ പ്രതികരണം.

മാര്‍ച്ച് എട്ട് മുതല്‍ മണിപ്പുരിലെ എല്ലാ നിരത്തുകളിലും ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അമിത് ഷാ നിര്‍ദേശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *