സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. മറ്റു ആവശ്യങ്ങൾ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചു തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയിൽ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി.ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുകിൽ കുറിച്ചു.
സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും ഉപവാസ സമരം. ലഹരി കേസുകളിൽ പ്രതികളിൽ കൂടുതലും ഡിവൈഎഫ്ഐക്കാരും എസ് എഫ്ഐക്കാരുമാണെന്നും എംഎം ഹസൻ ആരോപിച്ചു.
മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിൽ കഴിയുന്ന പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു.
സെക്രട്ടേറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളിൽ അധികൃതരുമായി കൂടിയാലോചിച്ച് ബദൽ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിത് എന്നും മന്ത്രി പറഞ്ഞു .
എസ്‌എസ്‌എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കാണ് 5 ശതമാനം വെയിറ്റേജ് നല്‍കുക.
മലപ്പുറം കൊളത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ 10 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ബര്‍ദ്ദമാന്‍ സ്വദേശികളായ രാഹുൽ ദാസ് (28), ഹരൻ എസ് കെ(50) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ചികിത്സയിലുള്ള പ്രതി രണ്ട് ദിവസം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് ചെയ്താൽ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും. കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പറഞ്ഞത്.
കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കുരുതി കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വെർച്ച്വൽ അറസ്റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽ നിന്നും 61 ലക്ഷം തട്ടിയ കേസിൽ രണ്ട് പ്രതികള്‍ പിടിയില്‍. ഉത്തർപ്രദേശ് സ്വദേശികളായ ശുഭം ശ്രീവാസ്‌തവ (30), മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പൊലീസ് ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഹിന്ദി ഭാഷാ വിമര്‍ശനം കടുപ്പിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായി ഉത്തരേന്ത്യയിലെ 25 പ്രദേശിക ഭാഷകള്‍ നശിച്ചുവെന്നും സ്റ്റാലിന്‍ കുറിച്ചു.ഉത്തര്‍പ്രദേശിലും ബീഹാറിലുമെല്ലാം ഒരിക്കലും ‘ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് അമേരിക്ക. ഇതുസംബന്ധിച്ച മെമ്മോ പെന്റഗൺ പുറത്തിറക്കി. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പിരിച്ചുവിടുമെന്നാണ് ഉത്തരവിൽ പറയുന്നത്.