ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ.ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത്. ഐഎയു അംഗീകാരം ലഭിച്ചതിനാൽ ഇനി ശാസ്ത്ര ജേണലുകളിടക്കം ഈ പേര് ഉപയോഗിക്കാo.
സിപിഎം നേതാവ് എകെ ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്റെ അർത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശൻ ചോദിച്ചു. ബിജെപിയെ സഹായിക്കുകയാണ് സിപിഎം. സിപിഎം വംശനാശം നേരിടുകയാണ്, സിപിഎമ്മിന്റെ കാലനായി പിണറായി മാറിയെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. മോദിയെയും പിണറായിയും ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ചിഹ്നം നിലനിർത്താനാണ് വോട്ടുപിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാൻ തോമസ് ഐസക്കിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്.
യാതൊരുവിധ ഇലക്ടറൽ ബോണ്ടും നൽകാതെ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും, ഓൺലൈനിൽ അപേക്ഷയും നൽകി ആർക്ക് വേണമെങ്കിലും ഇവിടെ നിയമാനുസൃതം വ്യവസായം നടത്താമെന്നും മന്ത്രി പി രാജീവ്. കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇലക്ടറൽ ബോണ്ട് വഴി ജനാധിപത്യ രീതിയിൽ നിയമപരമായിട്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകിയതെന്ന് ട്വന്റി ട്വന്റി പാർട്ടി അധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ് വിശദീകരണം നൽകിയിരുന്നു.
മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് മാർ റാഫേൽ തട്ടിൽ. നാട്ടിൽ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാരെന്നും, കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ല അതുകൊണ്ട് പരിഗണന അർഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീയോഗം നടക്കുന്നിടത്ത് വോട്ട് അഭ്യർത്ഥിക്കുന്നതിൽ തെറ്റില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്. തോമസ് ഐസക്കിനെതിരെയുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തെ തുടർന്ന് കളക്ടർ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാക്കളെ ഡിസിസി ഭാരവാഹികളാക്കിയതിൽ പ്രതിഷേധം. വൈസ് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദവി നല്‍കാതെ വന്നതോടെ ദേശീയ നേതൃത്വത്തിന് കൂട്ടമായി പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് നേതാക്കള്‍. ഷാഫി പറമ്പില്‍ പ്രസിഡന്റായ സംസ്ഥാന കമ്മിറ്റിയിലെ 16 ജനറല്‍ സെക്രട്ടറിമാരെയാണ് അവരവരുടെ ജില്ലയിലെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത്. സംസ്ഥാന സെക്രട്ടറിമാരായിരുന്നവര്‍ക്കും ഭാരവാഹിത്വം നല്‍കിയില്ല.ഇത് അനീതിയെന്ന് കാട്ടിയാണ് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ സോബി ജോര്‍ജിന്റെ പേരില്‍ കലാഭവന്‍ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചിൻ കലാഭവൻ വാര്‍ത്ത കുറിപ്പിറക്കി. വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോർജിനെ കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് ബത്തേരി പൊലീസ് പിടികൂടിയിരുന്നു.
കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. തുടർന്ന് റോഡിൽ വൻ ഗതാഗത ക്കുരുക്കുണ്ടായി. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ് ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണെന്നും, 94 വയസ് കഴിഞ്ഞ താൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഎൻയു തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത് മലയാളിയായ എസ് എഫ് ഐ സ്ഥാനാർത്ഥി കെ ഗോപിക ബാബു വിജയിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്. നാല് വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാർത്ഥിനിയാണ് ഗോപിക.
ജെഎൻയു തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റിലും ലീഡ് നേടി ഇടതുസഖ്യo . ജോയിന്റ സെക്രട്ടറി സ്ഥാനത്ത് മാത്രം എബിവിപി 70 വോട്ടിന്റെ ലീഡ് തുടരുന്നു . BAPSA സ്ഥാനാർത്ഥിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ഇനി എണ്ണാൻ മൂവായിരം വോട്ടുകൾ കൂടി ബാക്കിയുണ്ട്.കനത്ത സുരക്ഷയോടെയാണ് ക്യാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാർച്ച് 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. മാർച്ച് 27നും അതേ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീഴുകയായിരുന്നു.
യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കെ ജാമിദയ്ക്കെതിരെ പൊലീസ് കേസെടുത്തു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ജാമിദയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി പൊലീസ് വ്യക്തമാക്കി.
ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ റെയ്ഡ് നടത്തിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്ക് മാര്‍ഗരേഖ വേണമെന്നും , സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുന്ന കടുത്ത നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കാതിരിക്കാന്‍ നിർദ്ദേശം നൽകണമെന്നും കത്തിൽ പരാമർശിക്കുന്നു.
പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളില്‍ അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്റെ വന്‍ റാലി നടക്കും. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അതേസമയം പ്രധാനമന്ത്രിയുടേത് ഏകാധിപത്യമെന്നും പ്രതിപക്ഷത്തെ തകര്‍ക്കാനാണ് ശ്രമമെന്നും ഇന്ത്യ മുന്നണി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ അസഭ്യ പ്രയോഗം വിവാദത്തിലായി. മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ പരാമർശം സ്റ്റാലിന്റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു. മോദിയുടെ അമ്മയെയും അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ബിജെപി വ്യക്തമാക്കി.
ചെന്നൈ ഈറോഡ് എംപി എ.ഗണേശമൂർത്തിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഗണേശമൂര്‍ത്തിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ സൗദിയിലെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ ഒരാൾ പള്ളിക്കുള്ളിൽ കച്ചവടവും പരസ്യവും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാൾ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാകണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഐഐടി ഗുവാഹത്തിയിലെ നാലാം വർഷ ബയോടെക്നോളജി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും ഇമെയിലുകളിലൂടെയും താൻ തീവ്രവാദ സംഘടനയിൽ ചേരാൻ ഉദ്ദേശിക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. പിന്നീട് ക്യാമ്പസിൽ നിന്ന് കാണാതായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 2019 മുതല്‍ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. യുക്രൈൻ തലസ്ഥാനത്തേക്ക് എത്തിയ 18 റഷ്യൻ മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈൻ അവകാശപ്പെട്ടു. ആളുകൾ മെട്രോ സ്റ്റേഷനുകളിൽ അടക്കം അഭയം പ്രാപിച്ചതിനാൽ വലിയ രീതിയിലുള്ള ആൾനാശമുണ്ടായില്ലെന്നും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ട്.
രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 20 റൺസിനാണ് രാജസ്ഥാൻ റോയൽസ് ലക്നൗവിനെ പരാജയപ്പെടുത്തിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന്, 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടാനേ സാധിച്ചുള്ളൂ. 64 റൺസ് നേടിയ നിക്കോളാസ് പൂരാനാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ.