Untitled design 20250112 193040 0000

 

​ഗതാ​ഗതസൗകര്യത്തിൽ കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.

കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ ലേഖനം സംബന്ധിച്ച വിവാദത്തിലായിരുന്നു പ്രതികരണം. നിക്ഷേപ സൗഹൃദ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

 

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ആവശ്യത്തിന് പണം ഗ്രാന്റായി നല്‍കാതെ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെയും ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിന് തയ്യാറാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

 

കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിൽ കായിക മന്ത്രിയും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റും തമ്മിൽ പരസ്യവിഴുപ്പലക്കൽ. കായിക സംഘടനകള്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാര്‍ .കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനിൽ കുമാര്‍ തുറന്നടിച്ചു.

 

ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയുമെന്ന് നഴ്‌സിങ് കൗൺസിൽ പ്രതിനിധികൾ. കോട്ടയത്ത് നടന്നത് ഏറ്റവും ഹീനപ്രവൃത്തിയാണ്. ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടർപഠനത്തിൽ മുന്നോട്ട് പോവേണ്ടെന്ന് കോളേജ് അധികൃതരെ അറിയിക്കുമെന്നും അവർ പറഞ്ഞു.

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, 38 ഡിഗ്രി സെൽഷ്യസ്, പാലക്കാട്‌ ജില്ലയിൽ രേഖപെടുത്തിയ സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകൾ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.

 

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ മുൻ ജനറൽ മാനേജർ ഹിതേഷ് പ്രവീൺചന്ദ് മേത്ത ബാങ്കിന്റെ ട്രഷറിയിൽ നിന്ന് 122 കോടി രൂപ മോഷ്ടിച്ചതായി മുംബൈ പൊലീസ്. 2020 നും 2025 നും ഇടയിൽ, ദാദർ, ഗോരേഗാവ് എന്നീ രണ്ട് ശാഖകളുടെ അക്കൗണ്ടുകളിൽ നിന്ന് മേത്ത 122 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു.ബിഎൻഎസ് സെക്ഷൻ 316 (5), 61 (2) എന്നിവ പ്രകാരം ദാദർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്ന ശശി തരൂര്‍ എം.പിയുടെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല. കേരളം വ്യവസായ സൗഹൃദമാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും മൂന്നുലക്ഷം വ്യവസായങ്ങള്‍ ഇവിടെ വന്നുവെന്ന് പറയുന്നതും വ്യവസായങ്ങള്‍ വളരുന്നു, വ്യവസായ സൗഹൃദമെന്ന് ആവര്‍ത്തിക്കുന്നതും ശുദ്ധ തട്ടിപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ. എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നു. കെസി വേണുഗോപാൽ മുതൽ താഴേക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ തരൂരിനെ തള്ളിപ്പറയുമ്പോഴാണ് ശബരീനാഥൻ്റെ പോസ്റ്റ്.

 

കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മിടുക്കൻമാരായ കുട്ടികൾ മറുദേശങ്ങളിൽ പോകുന്നുവെന്നും മാന്യമായി കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമെങ്കിൽ ആരും നാടു വിട്ട് പോകില്ലെന്നും തോമസ് തറയിൽ ചൂണ്ടിക്കാട്ടി.

 

വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കൂടാതെ ഓഫീസ് മേധാവിയെകൂടി കുറ്റക്കാരനായി കണ്ട് നടപടി സ്വീകരിക്കും.

 

എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് പൊലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമം പൊലീസിന്‍റെ സമയബന്ധിതമായ ഇടപെടലിലൂടെയാണ് പൊളിഞ്ഞു പോയത്.

കേരളത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവിനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി. കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്ന ഒരു നേതാവ് കേരളത്തിൻ്റെ മുന്നേറ്റം നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോൾ കേരളത്തിലെ മന്ത്രി തുല്യനായ ആൾ നിഷേപ സൗഹൃദമൊന്നുമല്ല എന്നാണ് പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമ‍ർശനം.

 

ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പൊലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  4 കോടി രൂപ തട്ടിയെന്നാണ് കേസ്. 3 സുഹൃത്തുക്കളോടൊപ്പമാണ് ഇഡി ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കോടികൾ തട്ടിയെടുത്തതെന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

 

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം പരമാവധി ഉറപ്പുവരുത്താനാണ് ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പൊതുമണ്ഡലത്തില്‍ നല്‍കും. ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പറവൂർ ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നടന്ന ഒരു മാസത്തിനകം ആണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. പറവൂർ ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നടന്ന ഒരു മാസത്തിനകം ആണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

 

പോക്സോ കേസിൽ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത കേസിൽ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ് ശിക്ഷിക്കപ്പെട്ടത്. അജിതീവിതയെ നിരന്തരം പിന്തുടർന്ന് പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന വീട്ടിൽ പതിവായി രാത്രിയിലെത്തി പീഡിപ്പിച്ചുവെന്നും ബൈക്കിൽ മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോയെന്നുമാണ് കേസ്.

 

അമേരിക്ക അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തി നാടുകടത്തുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ച് ശനിയാഴ്ച അമൃത്‌സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക വിമാനമായ സി-17-ല്‍ തന്നെയാണ് ഇത്തവണയും നാടുകടത്തുന്നവര്‍ എത്തുകയെന്നാണ് വിവരം. 119 പേരുമായാണ് യു.എസില്‍ നിന്ന് സൈനിക വിമാനം പുറപ്പെട്ടത്. എന്നാല്‍, ആദ്യ വിമാനത്തിലെത്തിയവരെ പോലെ കൈകാലുകള്‍ ബന്ധിച്ച് ആണോ ഇത്തവണയും ഇന്ത്യക്കാര്‍ എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ജനം.

 

യു.എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോൺ മസ്‌കിന്റെ പിതാവ് ഇറോൾ മസ്‌ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോൾ മസ്‌കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു ക്വിയർ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു .

വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് ബന്ദികളെ ഇസ്രയേലിന് കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദികൈമാറ്റം നടന്നത്.

മഹാ കുംഭമേളയോട് അനുബന്ധിച്ചുള്ള കാലാവസ്ഥാ സമ്മേളനത്തിനും പക്ഷിമേളയ്ക്കും വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. യോഗി സർക്കാരിന്‍റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് പരിപാടികൾ. ഫെബ്രുവരി 16-ന് ‘കുംഭത്തിന്‍റെ വിശ്വാസവും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയത്തിൽ കാലാവസ്ഥാ സമ്മേളനം നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.

മുൻ ​ഗോവ എംഎൽഎ ഓട്ടോ ഡ്രൈവറുടെ മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെലഗാവിയിൽ ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. പോണ്ട എംഎൽഎ ആയിരുന്ന ലാവൂ സൂര്യജി മാംലേദാർ ആണ് മരിച്ചത്.

കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍ ഏറെയുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഇത് പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണെന്നാണ് വിവരം. രണ്ടുലക്ഷത്തോളം ആളുകളെയാണ് ഈ പുറത്താക്കല്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനത്തെക്കുറിച്ചും ശശി തരൂർ എം.പി. നടത്തിയ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേഷ് പറഞ്ഞു. ഏത് വിഷയത്തിലും പാര്‍ട്ടിയുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കമെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നാക്ക വിഭാഗത്തിലുള്ളയാളല്ലെന്നും പിന്നീട് പിന്നാക്ക വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നുവെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2001 ല്‍ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായതിന് പിന്നാലെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു..ഡി.ജി.പി സഞ്ജയ് വര്‍മ അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളാണുള്ളത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *