Untitled design 20250112 193040 0000

 

 

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ . തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

 

കണ്ണൂർ വിമാനത്താവള റൺവെ വികസനത്തിന് ഭൂമി വിട്ടുനൽകിയവരുടെ പരാതികളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രതിസന്ധി ചർച്ച ചെയ്യാൻ ഈ മാസം ഇരുപതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥതല യോഗം വിളിച്ചു. എട്ട് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ ദുരിതത്തിലായവരെക്കുറിച്ചുളള മാധ്യമ വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ.

 

50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ്. ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് എംഎൽഎ വിമർശിച്ചു.

സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു.

സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നഴ്സിം​ഗ് കോളേജിലേത് ക്രിമിനലുകൾ കാണിച്ച തോന്ന്യവാസം. അത് എസ്എഫ്ഐയുടെ മുകളിൽ ചാരി വെയ്ക്കരുതെന്നും ആർഷോ പറഞ്ഞു. നഴ്സിം​ഗ് കോളേജിലെ സംഘടനയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ല. എസ്എഫ്ഐയ്ക്ക് നഴ്സിം​ഗ് കോളേജിൽ യൂണിറ്റില്ലെന്നും ആർഷോ പറഞ്ഞു.

 

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ചാലക്കുടിയിലെ ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. എന്‍ട്രോക്ക് എന്ന സ്കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തത്.പ്രതിയെ പിടികൂടാൻ എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്‍പി പറഞ്ഞു.

 

ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം എറണാകുളം ജില്ലയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്നാണ് പൊലീസിന്‍റെ നിഗമനം. അങ്കമാലിയിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും ഡിഐജി പറ‍ഞ്ഞു.

 

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

 

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ വ്യത്യസ്ത കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും.

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ആനയുടെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നൽകാന്‍ നിര്‍ദ്ദേശിച്ചു.

 

എറണാകുളം കലൂർ സ്റ്റേഡിയത്തിലെ ഐ ഡെയ്ലി കഫേയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാഗാലാൻഡ് സ്വദേശി കൈമുൾ ആണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി സുമിത് അപകട സമയത്ത് മരിച്ചിരുന്നു. പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത് 3 പേരാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റീമർ പ്രവർത്തിപ്പിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

 

കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ച് – തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി – കക്കാടം പൊയിൽ റോഡ് – ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകീട്ട് മൂന്ന് മണിക്ക് കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി.

 

കായംകുളത്തെ എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരാൻ സുപ്രീം കോടതി നിർദേശം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അം​ഗങ്ങൾ. കേന്ദ്ര വിദേശകാര്യ സഹ​മന്ത്രി കീർത്തിവർദ്ധൻ സിം​ഗ് ഇന്നലെ രാജ്യസഭയിൽ നൽകിയ മറുപടി പൂർണമായും ശരിയല്ല. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളർ ലഭ്യമാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. കുടുംബം ഇതുവരെ പണം സ്വീകരിക്കാൻ തയാറായിട്ടില്ല. ദില്ലി ​ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസർക്കാർ നൽകിയതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

 

ഹിന്ദുമുന്നണിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. മധുര തിരുപ്പരൻകുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചെന്നൈയിൽ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വേലുമായി ചെന്നൈ നഗരത്തിലൂടെ റാലി നടത്തണമെന്നായിരുന്നു ആവശ്യം. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും അനുവദിക്കാനാകില്ല. വിവിധ വിഭാഗക്കാർ ഐക്യത്തോടെ ജീവിക്കുന്ന സ്ഥലം ആണ് മധുരയും ചെന്നൈയുമെന്ന് കോടതി ചൂണ്ടികാട്ടി.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം. നിലവിലെ ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മണിപ്പൂരില്‍ ബി ജെ പി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവാണ് രാഷ്ട്രപതി ഭരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചു.

ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയിൽ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും. എം എൽ എമാരിൽ നിന്നുതന്നെയാകും മുഖ്യമന്ത്രിയെന്നാണ് വ്യക്തമാകുന്നത്.

 

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള വാർത്താ സമ്മേളനത്തിനിടെ അദാനിക്കെതിരായ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് അതൃപ്തിയോടെ പ്രതികരിച്ച് നരേന്ദ്ര മോദി. വ്യക്തികൾക്കെതിരായ കേസല്ല രണ്ടു നേതാക്കൾ ചർച്ച ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ മറുപടി. അഴിമതി എങ്ങനെ വ്യക്തിപരമായ കേസാകുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

 

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തിൽ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്‍സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *