വന്യജീവി ആക്രമണത്തെ തടയാനായി കർമ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകൾ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകൾ നിർമ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനിച്ചു.
മനുഷ്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടർക്ക് പണം കൈമാറും. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങൾ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. ഇന്ന് കളക്ടര്‍ക്ക് പണം കൈമാറുമെന്ന് അറിയിച്ചു കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ. മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണെന്നും ആനന്ദകുമാർ പറഞ്ഞു. മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും ആനന്ദകുമാർ വിശദീകരിച്ചു.
വഞ്ചിയൂരിൽ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നേരിട്ടെത്തിയത്. ഗതാഗതം തടസപ്പെടുത്തി രാഷ്ടീയ പാർട്ടികളുടെ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായിരുന്നു. കോടതിലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന എം വി ഗോവിന്ദന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ നാളെ ഡിസ്ചാർജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്.നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
കിഫ്ബിക്ക് എതിരായ പ്രതിപക്ഷ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. കിഫ്ബിയുടെ നേട്ടങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതിൽ അതിശയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പുരോഗമനാശയങ്ങളുടെ കാര്യത്തില്‍ ബോധമുദിക്കാന്‍ സിപിഎമ്മിന് കുറഞ്ഞത് 10-15 വര്‍ഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്ന് രമേശ് ചെന്നിത്തല. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്ന് മകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണമാരംഭിക്കുന്നത്. അമ്മയെ അച്ഛൻ മർദിക്കുന്നതിന് മകൾ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഫ്രാൻസിൻറെ സഹായത്തോടെ കൂടുതൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. മാർസെയിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റ് മോദിയും ഇമ്മാനുവേൽ മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് സമയത്തുൾപ്പടെ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആർ ഗവായി ചൂണ്ടിക്കാട്ടി. സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു.
സിഖ് കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽകൂടി മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1984 നവംബറിൽ ദില്ലി സരസ്വതി വിഹാർ മേഖലയിൽ കുടുംബത്തിലെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.കേസിൽ പതിനെട്ടിന് കോടതി വിധിപറയും. 2021 ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായാല്‍, ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളുടെ പരസ്പര കൈമാറ്റം എന്ന നിര്‍ദേശം യുക്രൈന്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ റഷ്യയുടെ കൈവശമുള്ള ഭൂപ്രദേശങ്ങള്‍ക്ക് പകരം കുര്‍സ്‌കിലെ യുക്രൈന്‍ അധിനിവേശ പ്രദേശം റഷ്യക്ക് നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ പൗരന്മാരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുകയും നാടുകടത്തുകയും ചെയ്തതില്‍ പഴയ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് പറയണമെന്നും ഗാര്‍ഖെ പറഞ്ഞു.
ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. 4X400 മികസ്ഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്. മനു ടി.എസ്, സ്‌നേഹ കെ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.