Screenshot 2024 02 27 20 21 14 990 com.android.chrome edit 4

തെരഞ്ഞെടുപ്പ് കമ്മീഷണന്ഇലക്ട്രൽ ബോണ്ടുമായുള്ള എല്ലാ വിവരങ്ങളും കൈമാറി എസ് ബി ഐ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങൾ ഉടൻതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇലക്ട്രൽ ബോണ്ടുകളിൽ ഉൾപ്പെട്ട  സീരിയൽ നമ്പറുകൾ അടക്കം പെൻഡ്രൈവുകളിൽ സേവ് ചെയ്ത്   മുദ്ര വെച്ച കവറുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്.

പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി വാട്സാപ്പുകളിലേക്ക് വികസിത് ഭാരത് സന്ദേശം അയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമാണെന്ന് കാണിച്ച് തൃണമുല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഡോ. എംകെ ജയരാജിനെ കാലിക്കറ്റ് വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്.

സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണെന്നും, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് തന്നെ കളങ്കമാണെന്നും, കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം.വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കല ആരുടേയും കുത്തകയല്ലെന്നും ആർഎല്‍.വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍.എല്‍.വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നിറമല്ല കലയാണ് പ്രധാനമെന്നും രാമകൃഷ്ണന് പരസ്യപിന്തുണ അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കല, നിറത്തിന്‍റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്കാരവും മരിക്കുന്നുവെന്നും വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.

സിഡിഎസ് അക്കൗണ്ടന്റുമാരായി പ്രവേശിച്ച് മൂന്ന് വര്‍ഷം തികഞ്ഞ എല്ലാവരെയും സ്ഥലം മാറ്റാൻ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍. സിഡിഎസിൽ അക്കൗണ്ടിംഗിലെ ക്രമക്കേട് ഒഴിവാക്കാനും സുതാര്യത ഉറപ്പിക്കാനുമാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം. കരാര്‍ ജീവനക്കാര്‍ക്കിടയിൽ സ്ഥലം മാറ്റം പതിവില്ലെന്നിരിക്കെ അസാധാരണ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമാണ്.

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഈ മാസം 20 ന് ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങൾ നടത്തിയെന്നാരോപിച്ചാണ് വി ഡി സതീശൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.ഏഴ് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് ഇ പി ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് അഞ്ചു ഇടങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും.  നാളെ കോഴിക്കോട് ജില്ലയിൽ നിന്നും ആരംഭിക്കുന്ന പരിപാടി 27ന് കൊല്ലം ജില്ലയിൽ അവസാനിക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമാണ്   സിഎഎക്കെതിരായ മുദ്രാവാക്യം.

കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിൽ സാദിഖലി തങ്ങൾ പങ്കെടുത്തത് ശരിയായില്ലെന്ന് സമസ്ത മുൻ പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി മൂത്തേടം ആരോപിച്ചു. ഇത്തരം നടപടികൾ സമുദായത്തിൽ അപകടമുണ്ടാക്കുമെന്നും, അതിനുള്ള ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ലോറികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സർക്കാർ. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും നഗരത്തിൽ ടിപ്പര്‍ ലോറികൾ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കാലടി സംസ്കൃത സർവകലാശാലയിലെ പുതിയ വിസി ഡോക്ടർ കെ കെ ​ഗീതാകുമാരി . നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടികാട്ടിയാണ് രണ്ട് വിസിമാരെയും ചാന്‍സലറായ ഗവർണർ പുറത്താക്കിയത്.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യപേക്ഷ കൽപ്പറ്റ കോടതി തള്ളി. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച പ്രതികളായ 13-ആം പ്രതി രഹൻ ബിനോയ്‌, 18-ആം പ്രതി ബിൽഗെറ്റ്‌ ജോഷ്വാ എന്നിവരുടെ ജാമ്യപേക്ഷയാണ് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി തള്ളിയത്.

കെഎസ്ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ KSRTC ഒരു കുരുക്കിലിടും, അഴിമതി ഇല്ലാതാക്കും. എല്ലാം ഒരു വിരൽ തുമ്പിലാക്കും എന്നാലേ KSRTC രക്ഷപ്പെടൂ. അത് ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാർ വ്യക്തമായി.

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ. കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്നില്ല. വേർതിരിച്ചു കാണുന്നവർ എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ കണക്കുകള്‍ എല്ലാം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ സിഐജി റിപ്പോര്‍ട്ടിനെ കേരളം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.

മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 279 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും ഈ പട്ടികയിലും ഉണ്ടായിരുന്നില്ല.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടിൽ ഇ ഡി സംഘമെത്തി പരിശോധന നടത്തുന്നു . എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘo അദ്ദേഹത്തിന് സമൻസ് നൽകാൻ എന്ന പേരിലാണ് വീട്ടിലെത്തിയത്. വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്‍റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട് .

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *