ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ദേശീയ തലത്തിൽ പരീക്ഷകളിൽ മാറ്റം നിർദ്ദേശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നത തല കമ്മിറ്റി റിപ്പോർട്ട്. 101 ശുപാർശകളാണ് റിപ്പോർട്ടിലുളളത്. നീറ്റ് പരീക്ഷ ഓൺലൈൻ ആക്കണമെന്നും ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടിലുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത് പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി വിണാ ജോര്‍ജ് നിര്‍വ്വഹിക്കും. പുതിയ ഒ പി കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും.
എൻ.സി.പിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് പാർട്ടിയുടെ കേരളത്തിലെ നേതാക്കളായ പി.സി.ചാക്കോയും തോമസ്.കെ.തോമസും. പി.സി.ചാക്കോയും തോമസ്.കെ.തോമസും. മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിൽ ഇരുവരും ശരദ് പവാറിനെ അതൃപ്തിയറിയിച്ചു. രാത്രിയോടെയാണ് ഇരുവരും പവാറുമായി നടത്തിയ ചർച്ച അവസാനിച്ചത്.
പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ പരാതിയിന്മേൽ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്.
മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിന് നാടിൻ്റെ യാത്രാമൊഴി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ക്‌ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. പള്ളി സെമിത്തേരിയിൽ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.
കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി. നഴ്സിങ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാണ് സ്‌റ്റേ നല്‍കിയത്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ അഴിമതി നടത്താനുള്ള വെള്ളാനയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിനെതിരെയും വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓര്‍ത്തോഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്‍റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ. ഇഡി കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിയമം ലംഘിക്കേണ്ടിവരുമെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ശബരിമല പ്രക്ഷോഭങ്ങൾ ഓർക്കുന്നത് നല്ലതാണെന്നും തൃശൂർ പൂരം കലക്കാൻ കോടതി വരുന്നു എന്നാണ് നാട്ടുകാർക്ക് ഇപ്പോൾ സംശയമെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ഇതനുസരിച്ച് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും. മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിച്ചത്.
ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
പ്രിയങ്ക ഗാന്ധി പലസ്തീൻ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തർ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഇവിടെ ബാഗ് ധരിച്ചു നടക്കുകയാണെന്നാണ് യോഗി പരിഹസിച്ചത്. ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യു പി സ്വദേശികളായ യുവാക്കൾ ഇസ്രായേലിലുണ്ടെന്നും നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ യോഗി വിവരിച്ചു.
റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറൽഇഗോർ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയിൽ സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന്മേൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാത്ത പാർട്ടി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കുമെന്ന് ബിജെപി വൃത്തങ്ങൾ. ബില്ല് അവതരണത്തിന്റെ വോട്ടെടുപ്പിൽ 269 വോട്ടുകളാണ് ഭരണപക്ഷത്തിന് കിട്ടിയത്. എൻഡിഎയ്ക്ക് 293 സീറ്റുകൾ ഉണ്ടെന്നിരിക്കെ 20 ബിജെപി എംപിമാരെങ്കിലും വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാർട്ടി കണ്ടെത്തിയത്.
ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ്സ്ഥാനാര്‍ഥിത്വം 48-കാരനായ റൊണാള്‍ഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാഹുലിൻ്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.