വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം പകപോക്കൽ നടപടി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു .സ്മാർട്ട് സിറ്റി പദ്ധതി നിന്നു പോകില്ലെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടൽ അല്ല ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്രം ഒളിച്ചോടുകയാണ് .കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്.അമിത് ഷാ എല്ലാവരെയും തെറ്റിദധരിപ്പിക്കുകയാണ്.തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ അവഗണിക്കുന്നു.കൂടുതൽ വിനിയോഗ സാധ്യത ഉള്ള അധിക സഹായം ആണ് വയനാടിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മൽഹോത്ര. നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബർ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മൽഹോത്രയെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മൽഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
മുനമ്പം വിഷയത്തിൽ പരസ്യ പ്രസ്താവന വിലക്ക് ഏർപ്പെടുത്തി മുസ്ലിം ലീഗ് നേതൃത്വം. ഇ ടി മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വാദവുമായി രംഗത്തുവന്നതോടെയാണ് ലീഗിൻ്റെ വിലക്ക്. മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് തങ്ങൾ ഇടപെട്ടത് ചൂണ്ടിക്കാട്ടി കെ എം ഷാജി തൻ്റെ വാദം ആവർത്തിക്കുകയും ഇ ടി മുഹമ്മദ് ബഷീർ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് നേതൃത്വം ആദ്യം ഈ നേതാക്കൾ പറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്നും പിന്നീട് പരസ്യപ്രസ്താവനകൾ വിലക്കുന്നതായും അറിയിച്ചത്.
സമസ്തയിൽ രണ്ടു വിഭാഗമില്ലെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്തുവെച്ചു നടന്ന ലീഗ്- സമസ്ത സമവായ ചർച്ചയ്ക്കു ശേഷം നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതെയാണ് ചർച്ച അവസാനിച്ചത്.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതിയിൽ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു . ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുo. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നൽകും. ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.
വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ച വാർത്ത പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നതെന്നും ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ് ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു.
63-ാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് കലോത്സവം നടത്തും. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
നവംബര്‍ 15 ന് വൈകീട്ട് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച സംഭവത്തിൽ പോലീസിൽ പുതിയ പരാതി നൽകി കുടുംബം. കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്‍റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു.
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കു മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസിൽ ജാമ്യത്തിലാണിപ്പോള്‍.
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി കുടുംബം . പ്രഫസർ സജി കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ . വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ടെന്നും അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല സർക്കാർ അത് അംഗീകരിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്നും ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് എതിരെയുള്ള തുടർനടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഐ.സി.ഡി.എസ്. സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരിൽനിന്ന് എസ്.എസ്.എൽ.സിയും പത്തു വർഷം പ്രവൃത്തിപരിചയവും ഉള്ളവർക്കായുള്ള 29% ക്വാട്ടയിൽ അധികയോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി നിർദേശിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജിയിലാണ് നോട്ടീസ്.
1991-ലെ ആരാധനലായ നിയമം റദ്ദാക്കുന്നതിനെതിരെ സി.പി.എം. സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം ഇന്ത്യയുടെ മതേതര അടിത്തറ സംരക്ഷിക്കുന്നതാണെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ സി.പി.എം. ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍. മനഃപൂര്‍വ്വമല്ലാത്ത പിഴവ് സംഭവിച്ചുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
മതാടിസ്ഥാനത്തിൽ ആകരുത് സംവരണം എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളിൽ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
മണിപ്പുർ കലാപത്തിൽ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്കും , പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും മണിപ്പുർ സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചിന്റെതാണ് നിർദേശം. അക്രമം തടയുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാനത്തിൻ്റെ പ്രഥമ പരിഗണനയെന്നും മേത്ത കോടതിയിൽ വ്യക്തമാക്കി.
രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തിൽ എത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്നാട് സർക്കാരിന്റെ കലൈഞ്ജർ മഗളിർ ഉരിമൈ തോഗെയ് പദ്ധതിയിൽ നിന്ന് 1.27 ലക്ഷം സ്ത്രീകൾ പുറത്തായി. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച പദ്ധതിയിൽ സ്ത്രീകൾക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം ആണ് ലഭിച്ചിരുന്നത്. ഏറിയ പങ്കും ഗുണഭോക്താക്കൾ പുറത്തായത് മരണത്തെ തുടർന്നാണെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഒഡിഷയിലെ ബാലികുഡയിലെ 252 അംഗനവാടികളിൽ വിതരണം ചെയ്തത് പുഴുക്കളും ക്ഷുദ്ര ജീവികളും ഓടി നടക്കുന്ന ഗോതമ്പും ഛത്വ മാവും. പ്രത്യേക പോഷകാഹാര പദ്ധതിയുടെ കീഴിൽ വിതരണം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ പോരായ്മകളേക്കുറിച്ച് പതിവാകുമ്പോഴാണ് ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കാനാവാത്ത ഉത്പന്നങ്ങൾ അംഗനവാടികളിലേക്ക് വീണ്ടുമെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ 12-ാം റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറൻ. ഇതോടെ ഇരുവരും പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തി. പോയിന്റ് 6-6. ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സാധ്യത. ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ തയ്യാറാണെന്നും വിശദമായ ചർച്ചകൾക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സർക്കാർ സമ്മതിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തും.