ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം ഏപ്രിൽ 19 നും, ഏപ്രിൽ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമതായി 94 മണ്ഡലങ്ങളിലും, നാലാമതായി 96 മണ്ഡലങ്ങളിലും അഞ്ചാമതായി 49 മണ്ഡലങ്ങളിലും ആറാമതായി 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ . പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം നടത്തും. കൂടാതെ ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം സ്ഥാപിക്കും. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വോട്ടർമാരും ഈ ചരിത്രത്തിൽ പങ്കാളികളാകണമെന്നും, തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് മുദ്രാവാക്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ. 800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.കുടിവെള്ളം, ശൗചാലയം, വീർച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 40%ത്തിലധികം വൈകല്യമുള്ളവർക്കും ആണ് വോട്ട് ഫ്രം ഹോം ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രായാധിക്യം മൂലം അവശനിലയില്‍ ആയവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവര്‍ക്കുo ഈ സൗകര്യം ഏറെ പ്രയോജനപ്പെടും .
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീ കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തു. ഒരു മത വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയെന്നും, ചട്ടങ്ങൾ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് നിയമം എതിരരാണെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു. മറ്റ് അപേക്ഷകൾക്കൊപ്പം കേരളത്തിന്റെ ഹർജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ലോക്സഭാ മണ്ഡലത്തിലെ ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഒരിക്കലെങ്കിലും വയനാടിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നോ? കഴിഞ്ഞതവണ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതുകൊണ്ടാണ് പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം മുഴങ്ങാതിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊടും ചൂട്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഒരു ജില്ല കൂടി മഞ്ഞ അലർട്ടിൽ ഉൾപ്പെടുത്തി. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അലർട്ട്.
മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. കെഎസ്ആർടിസി ജീവനക്കാർക്ക് അദ്ദേഹം എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.ഒരാളേ ഉള്ളുവെങ്കിൽപ്പോലും യാത്രക്കാർ കൈ കാണിച്ചാൽ കൃത്യമായി ബസ് നിർത്തി അവരെ കയറ്റാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ സ്ത്രീകളെയും കുട്ടികളെയും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണം. മോശമായ സമീപനമുണ്ടായാൽ കർശനമായ നടപടിയെടുക്കും എന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇടതുപക്ഷം ജയിക്കണം ബിജെപിയെ തോൽപ്പിക്കണo എന്നാണ് താൻ പറഞ്ഞതെന്ന് ഇപി ജയരാജൻ. കേരളത്തിൽ മത്സരിക്കുന്ന പല ബിജെപി സ്ഥാനാർത്ഥികളും മികച്ചതാണെന്ന് പ്രസ്താവന താൻ നടത്തിയിട്ടില്ല. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചാണ് ഇങ്ങനെ ഒരു വാർത്തയുണ്ടാക്കിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
വെള്ളിയാഴ്ച പോളിംഗ് നടത്തുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുo. കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരായ വിശ്വാസികൾക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.
വർഗീയ ശക്തികൾക്കെതിരായുള്ള ചെറുത്ത് നിൽപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം. ബി.ജെ.പി സിപിഐഎം നേതാക്കൾ തമ്മിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്നും, എൽഡിഎഫ് കൺവീനർ തന്നെ ബി.ജെ.പി സ്ഥാനാർത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി ആര് ബിന്ദു.കലാകാരന്മാരെയും സാംസ്കാരിക നായകരെയും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഡേ പരിപാടിക്കിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പാള്‍ പിടിച്ചു വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കെ സുരേന്ദ്രൻ. കാലഹരണപ്പെട്ട യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റിന് സമീപം സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യത്തിൻ്റെ മാധ്യമ വിഭാഗം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം പരാമർശിച്ചിട്ടില്ല.
വാളൂര്‍ സ്വദേശിയായ അനുവിന്റെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. അനുവിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ കണ്ടയാളെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യത്തിലൂടെയാണ് ആളെ കണ്ടെത്തിയത് .
ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബിജെപിയും എൻഡിഎയും തെരഞ്ഞെടുപ്പിന് പൂർണ സജ്ജം. കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ, വികസന പദ്ധതികൾ, സേവനങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി പറഞ്ഞു.
തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള എട്ടിന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും, മിനിമം വരുമാനം 400 രൂപയാക്കി ഉയർത്തും, യുവതീയുവാക്കൾക്ക് തൊഴിൽ ഗ്യാരന്റി പദ്ധതി, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴിലാളി വിരുദ്ധമായ നിയമങ്ങൾ പുനഃപരിശോധിക്കും, ജാതി സെൻസസ് ഉറപ്പ് നൽകും, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണപരിധി എടുത്ത് കളയും, ആദിവാസി വനസുരക്ഷാ നിയമങ്ങൾ സംരക്ഷിക്കും എന്നീ എട്ടിന പദ്ധതികൾ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് പ്രഖ്യാപിച്ചത്.