ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കേരളം നല്‍കിയ കണക്ക് തെറ്റാണെന്ന് പറയുന്ന കേന്ദ്രം എവിടെയാണ് തെറ്റെന്ന് പറയാന്‍ തയ്യാറാവണമെന്നും കേരള സര്‍ക്കാരിനോട് കേന്ദ്രം അത്തരത്തില്‍ രേഖാമൂലമുള്ള ഒരാശയവിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കണക്ക് തെറ്റാണെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രമാരോടോ മറ്റ് പ്രതിനിധികളോടോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനെല്ലാം മറുപടി കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ട്യുഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തു നല്‍കി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകുമെന്നും അദ്ദേഹത്തിന്റെ കത്തിലുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നുവെന്നും എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.
ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ ഫോണിൽ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി. പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക സമരങ്ങളിൽ പിന്തുണയും അറിയിച്ചു. അടുത്ത തവണ വയനാട്ടിൽ എത്തുമ്പോൾ നേരിൽ കാണാമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകി. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്നലെ നടത്തിയ സമരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തി ചാർജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കൾ ഉൾപ്പെടെയുള്ളവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്..
സിപിഎമ്മിനെ തകര്‍ക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ് ഇപ്പോൾ അതാണ് നടക്കുന്നതെന്നും സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലെക്ക് അയക്കുകയാണെന്നും പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനമെന്നും അദ്ദേഹം ആരോപിച്ചു.
കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവിൽ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങളെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
തിരുവല്ലയിലെ സിപിഎo വിഭാഗീയതയിൽ കടുത്ത നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ. കെ. കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താൽക്കാലിക ചുമതല നൽകി. അലങ്കോലമായ ലോക്കൽ സമ്മേളനം 9 ന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീതും നൽകി. തിരുവല്ലയിലെ സംഘടന കാര്യങ്ങൾ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
കരുനാഗപ്പള്ളി വിഭാഗീയതയിൽ സംസ്ഥാന സമിതി അംഗം സൂസൻ കോടിയെയും പി ആർ വസന്തനെയും തരംതാഴ്ത്തിയേക്കുമെന്ന് വിവരങ്ങൾ. വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ എന്നിവരെ തരംതാഴ്ത്തുന്നത്.
സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.
ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമർശനം. ജില്ല കമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായത് എങ്ങനെ എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. എ.വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയാക്കിയതിനേയും പ്രതിനിധികൾ വിമർശിച്ചു. യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയര്‍ന്നു.
കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കുമെന്നും അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോയെന്നും അദ്ദേഹം ചോദിച്ചു. എത്തിക്സിന്‍റെ ഒരു അംശം പോലുമില്ലെന്നും നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്ന് കെടിയു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്നും സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ് എന്നാൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെയുള്ള അന്വേഷണത്തിനായി തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തികൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. കണക്കുകളിൽ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷൻ ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റർ ചെയ്തത് മുതലുള്ള ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്.
ശബരിമലയിൽ അയ്യപ്പദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് പൊലീസ് അറിയിച്ചു. ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണെന്നും ഇന്ന് രാവിലെ 11 മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 30,882 ആണ്, ഇതിൽ ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 5988 ആണെന്നും പോലീസ് അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടുന്നയാളാണ് താൻ അതിനാൽ പലരും വന്ന് കാണാറുണ്ടെന്നും കെ സി വേണുഗോപാലും അങ്ങനെയാണ് തന്‍റെ വീട്ടിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജി സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കെസി വേണുഗോപാലും വ്യക്തമാക്കി.
കൊല്ലം നഗരത്തിൽ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോർഡുകൾ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവൻ രാമൻചന്ദ്രൻ നേരിൽ കണ്ടത്. ഉടൻ കോർപ്പറേഷൻ അധികൃതരെ അതൃപ്തി അറിയിക്കുകയും കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി ബോർഡുകൾ മാറ്റാൻ നിർദേശിച്ചു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധം ശക്തം. വിവേകമില്ലാത്ത നടപടി പിൻവലിക്കണമെന്ന് മുൻ രജിസ്റ്റർ ഡോക്ടർ എൻ ആർ ഗ്രാമപ്രകാശ് ആവശ്യപ്പെട്ടു. സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പത്മശ്രീ പെരുവനം കുട്ടന്മാരാരും പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി.
കോതമംഗലം കുത്തുകുഴിയിൽ പാൽ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട പാൽ വണ്ടി റോഡിൽ മറിഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് അനിയന്ത്രിതമായി പുക ഉണ്ടായത് നാട്ടുകാരെയും വഴിയാത്രക്കാരെയും ആശങ്കയിലാക്കി. വണ്ടിയുടെ എഞ്ചിൻ ഓഫാക്കിയപ്പോൾ പുക താനേ നിന്നു. നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വന്ന പാൽ വണ്ടി എതിർ ദിശയിൽ നിന്ന് എത്തിയ കാറുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ട്രാക്കോ കേബിളിലെ ജീവനക്കാരന്റെ ആത്മഹത്യയിൽ ഉത്തരവാദിത്വം തനിക്കും സ്ഥാപനത്തിനുമെന്നു ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ പറഞ്ഞു. ആറ് മാസം മുമ്പ് തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഒരു പാക്കേജ് രൂപപ്പെട്ടിരുന്നു. എന്നാൽ ആ പാക്കേജ് നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
ഓർഗനൈസർ വാരികയ്ക്കെതിരായ മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധികരിച്ച ഓർഗനൈസർ വാരികയ്ക്കെതിരെ നിരോധിത സംഘടന പി.എഫ്.ഐ നൽകlയ അപകീർത്തി കേസാണ് റദ്ദാക്കിയത്,നിരോധിച്ചതിനാൽ പി.എഫ്.ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിലും ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയിൽ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണത്തിന് നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഡീഷണൽ ഡയറക്ടർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടൻ തന്നെ റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി പൊലീസ് കെ നൈൻ സ്ക്വാഡിലെ അംഗങ്ങളായ ബെൽജിയം മലിനോയിസ് ഇനത്തിൽ പെട്ട കടാവർ വിഭാഗത്തിലെ നായകളായ എയ്ഞ്ചലിനെയും മാഗിയെയും ആദരിച്ച് ഇടുക്കി പൊലീസ്. സമാനതകളില്ലാത്ത വയനാട് ദുരന്തത്തിൽ എട്ടു മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചത് എയ്ഞ്ചലാണ്. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ അസാമാന്യ കഴിവാണ് മാഗിക്ക്.
ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ്തടവുകാരന്‍ ജയില്‍ ചാടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ രക്ഷപ്പെട്ടത്. ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടെലിവിഷന്‍ കാണാനുള്ള അനുമതി. ഇന്ന് രാവിലെ പത്തുമണിയോടെ ടെലിവിഷനില്‍ സിനിമ കാണിക്കാനായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴായിരുന്നു റിമാന്‍ഡിലുള്ള മുഹമ്മദ് സഫാദ് രക്ഷപ്പെട്ടത്.
തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിൽ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട് . ഒരാഴ്ച മുൻപ് പൊലീസിന് വിവരം നൽകി എന്ന് പറഞ്ഞ് ഈ മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി .പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.
നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയുന്നതായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. വിജയ് പ്രധാന താരമാണെന്നും പുതിയ ഊർജം രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് അടുത്ത ഒരു വർഷം എത്രത്തോളം സജീവം ആകുമെന്നത് കണ്ടറിയണമെന്നും വിജയിനെ എതിർക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ബിജെപി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്ര സർക്കാർ. പ്രവർത്തനങ്ങൾ ഇല്ലാതെ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ പുതിയ ഉത്തരവ്. നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി. പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
അമിത് ഷാ പരാജയമെന്ന് അരവിന്ദ് കെജരിവാൾ ആരോപിച്ചു. ഇന്നലെ ഗ്രേറ്റർ കൈലാഷിലെ പദയാത്രക്കിടെ കെജരിവാളിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. കെജരിവാളിന് നേരെ സ്പീരിറ്റ് ഒഴിച്ച് കത്തിക്കാനാണ് നീക്കം നടന്നതെന്നും പിന്നിൽ ബിജെപിയാണെന്നും എഎപി ആരോപിച്ചു. ദില്ലിയിൽ ക്രമസമാധാനം തകർന്നതിൽ അമിത് ഷാ മറുപടി പറയണമെന്നും എഎപി ആവശ്യപ്പെട്ടു. എന്നാൽ പഴയ നാടകങ്ങൾ എഎപി അവസാനിപ്പിച്ച് ജനങ്ങളുടെ വിഷയങ്ങൾ മനസിലാക്കണമെന്ന് ബിജെപിയും വ്യക്തമാക്കി.
ലൈംഗികാരോപണം നേരിടുന്ന മുതിർന്ന കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കർണാടക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയ്ക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ. ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുകയും നാഫ്തലീൻ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ടെന്നും നോർത്തേൺ റെയിൽവേ അറിയിച്ചു.
സംഘർഷമുണ്ടായ സംഭലിൽ ജുഡീഷ്യൽ കമ്മീഷൻ പരിശോധന നടത്തി. കനത്ത സുരക്ഷയിലാണ് മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘം സംഭലിലെത്തിയത്. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വനിതാ മാധ്യമപ്രവർത്തകക്ക് നേരെ ആൾക്കൂട്ട ആക്രമണം. ജനക്കൂട്ടം ബംഗ്ലാദേശ് പത്രപ്രവർത്തകയായ മുന്നി സാഹയെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇത് എൻ്റെയും രാജ്യമാണെന്ന് മുന്നിയും മറുപടി നൽകി. ഒടുവിൽ പൊലീസ് സംഘം എത്തി മുന്നിയെ കസ്റ്റഡിയിലെടുത്തു.
ബംഗ്ലാദേശിലെ സന്ന്യാസിമാർക്കെതിരായ നടപടിയിൽ ദില്ലിയിൽ പ്രതിഷേധവുമായി ഇസ്കോൺ. ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് ഇവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങൾക്കാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
എച്ച്ഐവി രോഗബാധിതരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നൂറിലേറെ പ്രവാസികളെ നാടുകടത്തി. സാംക്രമിക രോഗങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്. എയ്ഡ്സ് ആന്‍ഡ് വെനീറിയല്‍ ഡിസീസസ് കോണ്‍ഫറന്‍സിലാണ് ആരോഗ്യ അധികൃതര്‍ ഇക്കാര്യ വെളിപ്പെടുത്തിയത്.
ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമായി ബെൽജിയം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുന്നത്.
ഐസിസിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്തശേഷം പറഞ്ഞു.
കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ അസമിൽ ബീഫ് നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി. മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന്‍ ആരോപിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരിക്കുന്നത്.